മാവേലിക്കര: കുടുംബ കോടതി ഉത്തരവ് പ്രകാരം ഭാര്യയ്ക്കും മകനും ജീവനാംശം നൽകാൻ തയാറാകാതിരുന്ന ഭർത്താവിന്റെ വീടും വസ്തുവും കോടതി ജപ്തി ചെയ്തു. ഈ വീട് മുൻപ് തന്നെ തങ്ങൾക്ക് വിറ്റതാണെന്ന് കാട്ടി നൽകിയ ഹർജി കോടതി അനുവദിച്ചു. ഇപ്പോൾ അവിടെ താമസിക്കുന്ന ഹർജിക്കാരിക്കും മകനും അപ്പീൽ നൽകാൻ ഒരു മാസം സമയം ഉണ്ടെന്നിരിക്കേ് വീട്ടിൽ നിന്നിറക്കി വിടാൻ പൊലീസിന്റെ ഗുണ്ടായിസം. കുറത്തികാട് പൊലീസിനെതിരേ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി.

മാവേലിക്കര വെട്ടിയാർ ശ്രീലക്ഷ്മി ഭവനത്തിൽ മനോജ് കുമാറിന്റെ ഭാര്യ പിആർ രജനീ ദേവിക്കും മകനുമെതിരേയാണ് പൊലീസ് അതിക്രമം നടന്നതായി പരാതിയുള്ളത്. രജനി വാദിയായി പത്തനംതിട്ട കുടുംബ കോടതിയിൽ മനോജ് കുമാറിനെതിരേ പിതൃധനം നേടിയെടുക്കുന്നതിനും മറ്റുമായി കേസ് നിലവിലുള്ളതാണ്. കേസിനോട് ബന്ധപ്പെട്ട് മനോജ് കുമാറിന്റെ പേരിൽ വെട്ടിയാർ വില്ലേജിലുള്ള വസ്തു ജപ്തി ചെയ്തിരുന്നു. ഈ വസ്തുവിലുള്ള വീട്ടിലാണ് രജനിയും മൈനറായ മകനും താമസിക്കുന്നത്.

ജപ്തി ഉത്തരവ് നിലവിൽ വന്നതിനെ തുടർന്ന് ഈ വസ്തു തങ്ങൾ വിലക്ക് വാങ്ങിയതാണെന്ന് അവകാശപ്പെട്ട് നൂറനാട് ഇടപ്പോൺ ചരുവിൽ വീട്ടിൽ വിജയ രോഹിണി ഈ കേസിൽ ഒരു ക്ലെയിം ഹർജി പത്തനംതിട്ട കുടുംബ കോടതിയിൽ നൽകി. ഈ ഹർജി കുടുംബ കോടതി അനുവദിക്കുകയും ചെയ്തു. കുടുംബ കോടതിയുടെ വിധിക്കെതിരേ അപ്പീൽ പോകാൻ രജനീ ദേവിക്ക് 30 ദിവസം സാവകാശമുണ്ട്.

ഇതിനായുള്ള തയ്യാറെടുപ്പ് നടത്തി വരുമ്പോഴാണ് കുറത്തികാട് പൊലീസിന്റെ ഇടപെടൽ. അപ്പീൽ നൽകാനുള്ള നിയമ പരമായ സാവകാശം നിലനിൽക്കുമ്പോൾ വീട്ടിൽ നിന്നിറങ്ങണമെന്നാവശ്യപ്പെട്ട് പൊലീസ് ബലപ്രയോഗത്തിന് മുതിരുകയായിരുന്നുവെന്ന് രജനിയുടെ അഭിഭാഷകൻ അഡ്വ. കെ.ജെ മനു പറഞ്ഞു. കുടുംബ കോടതിയുടെ വിധി ഒരു കാരണവശാലും നിലനിൽക്കാത്തതാണ്. രജനിക്കും മകനും വീടും വസ്തുവും കോടതി നൽകുമെന്ന് മനസിലാക്കിയാണ് ഭർത്താവ് മനോജ്കുമാർ രഹസ്യമായി ഇതു വിറ്റതെന്ന് വേണം കരുതാൻ.

സാമ്പത്തിക-രാഷ്ട്രീയ സ്വാധീനത്തിന്റെ ഫലമായിട്ടാണ് കുറത്തികാട് പൊലീസ് നിയമം മറികടന്നുള്ള ഇടപെടൽ നടത്തിയിരിക്കുന്നതെന്ന് മനു പറഞ്ഞു. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയത്തിൽ ഇടപെടാൻ പൊലീസിന് അധികാരമില്ല. പൊലീസിന്റെ സഹായത്തോടെ എതിർ കക്ഷികൾ വീടു കയറി രജനീദേവിയെയും മൈനറായ മകനെയും ദേഹോപദ്രവം ഏൽപ്പിച്ചതായി കാണിച്ച് മനുവാണ് മുഖ്യമന്ത്രി, ഡിജിപി, ആലപ്പുഴ എസ്‌പി എന്നിവർക്ക് പരാതി നൽകിയിട്ടുള്ളത്.

രജനിയും മകനും ഇപ്പോൾ വീടിനുള്ളിൽ തടവുകാരേപ്പോലെ കഴിയുകയാണ്. അവർക്ക് ഇപ്പോൾ പുറത്തിറങ്ങാനോ ആരോടെങ്കിലും പരാതി ബോധിപ്പിക്കാനോ സാധിക്കാത്തതുകൊണ്ടാണ് അഭിഭാഷകനായ താൻ പരാതി നൽകുന്നതെന്നും മനു പറഞ്ഞു.