തിരുവല്ല: തെങ്ങേലിയിൽ സിപിഎം അനുഭാവിയുടെ മതിൽ തകർത്ത് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ റോഡ് വെട്ടിയത് ഡിവൈഎഫ്ഐ ഏറ്റെടുത്ത ക്വട്ടേഷൻ. അഞ്ചു ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷൻ ഉറപ്പിച്ചത്.

ക്വട്ടേഷൻ നൽകിയവർ അകത്തു പോകാത്ത വിധം പണി നടത്താമെന്നായിരുന്നു വാഗ്ദാനമെങ്കിലും രണ്ടു പേർ റിമാൻഡിലായി. ക്വട്ടേഷൻ സംഘത്തിന് കൊടുത്തത് 3.50 ലക്ഷം മാത്രമാണ്. ബാക്കി ഒന്നര ലക്ഷം കടം പറഞ്ഞു. തുകയുടെ പങ്കു പറ്റിയ ഉന്നത പൊലീസുദ്യോഗസ്ഥൻ കൃത്യത്തിന് ഉപയോഗിച്ച പുതുപുത്തൻ ജെസിബി മാറ്റി കണ്ടം ചെയ്യാറായത് മഹസറിൽ ഉൾക്കൊള്ളിക്കാനാണ് നീക്കം.

തെങ്ങേലി പുതിരിക്കാട്ട് രമണന്റെ വീടിന്റെ മതിലാണ് പൊളിച്ചത്. സിപിഎം പ്രവർത്തകനാണ് രമണൻ. ഗുണ്ട് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ജെസിബി ഉപയോഗിച്ചാണ് മതിൽ തകർത്ത് 20 മീറ്ററോളം വഴി വെട്ടിയത്. 30 അംഗം ക്വട്ടേഷൻ സംഘം മാരകായുധങ്ങളുമായി കാവൽ നിന്നു. തടയാൻ ചെന്ന രമണനെ വെട്ടി. ഗർഭിണിയായ മരുമകൾ രഞ്ജുവിനെ ഉപദ്രവിക്കുകയും ചെയ്തു.

ആസൂത്രിതമായിട്ടാണ് കൃത്യം നടത്തിയത്. മതിൽ പൊളിക്കുന്നതിന് രണ്ടു ദിവസം മുൻപ് തന്നെ തിരുവല്ല മുൻസിഫ് കോടതിയിൽ നിന്ന് അയൽവാസിയായ ചന്ദ്രൻപിള്ള താൽക്കാലിക നിരോധന ഉത്തരവിന് ഹർജി കൊടുത്തിരുന്നു. നിലവിലുള്ള വഴി തടസപ്പെടുത്തുന്നതിനും വീതി കുറയ്ക്കുന്നതിനും നിരോധനം ഏർപ്പെടുത്തി കൊണ്ടുള്ള ഉത്തരവ് ഒമ്പതിന് കോടതി പുറപ്പെടുവിച്ചു.   

എട്ടിന് രാത്രി 11.30 നാണ് വഴി വെട്ടി നിരത്തി വീതി കൂട്ടിയത്. നിരോധന ഉത്തരവ് നിലവിൽ വന്ന സ്ഥിതിക്ക് ഇനി വഴിയുടെ കാര്യത്തിൽ ഉടമയായ രമണന് ഇപ്പോൾ ഒന്നും ചെയ്യാൻ സാധിക്കില്ല. ഈ ഉത്തരവ് തിങ്കളാഴ്ച തന്നെ വരുമെന്ന് മനസിലാക്കിയാണ് ഞായറാഴ്ച രാത്രി വഴി വെട്ടിയത്.

സമീപത്ത് താമസിക്കുന്ന ആറു വീട്ടുകാർക്ക് വേണ്ടിയാണ് വഴി വെട്ടിയത്. നാലു മീറ്റർ നടപ്പു വഴി ഇവിടെ ഉള്ളതാണ്. ഇതിന് വീതി കൂട്ടണമെന്നാണ് അയൽ വാസികളുടെ ആവശ്യം. എന്നാൽ, ഈ വഴി വീതി കൂട്ടാൻ പറ്റില്ലെന്നും തന്റെ പറമ്പിന് പിന്നിലൂടെയുള്ള വസ്തുവിന്റെ ഒരു ഭാഗം വഴിക്ക് വിട്ടു നൽകാമെന്നും രമണൻ സമ്മതിച്ചിരുന്നു. അവിടെ വഴി വീതി കൂട്ടുമ്പോൾ രമണന്റെ വസ്തുവിന്റെ ഒരു ഭാഗത്തിനൊപ്പം ആറു കുടുംബങ്ങളുടെ ഭൂമിയുടെ ഭാഗവും നഷ്ടമാകും.

തങ്ങളുടെ ഭൂമി പോകുന്നത് ഇവർക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല. അതു കൊണ്ടു തന്നെ നാലടി വീതിയുള്ള നടപ്പു വഴി രമണന്റെ ഭൂമി മാത്രം ഏറ്റെടുത്ത് വീതി കൂട്ടാൻ ഇവർ ഗൂഢാലോചന നടത്തുകയായിരുന്നു. അയൽവാസികളായ കുടുംബങ്ങൾ ബിജെപിക്കാരാണ്. ഇവരിൽ നിന്ന് കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ബികെ സഞ്ജുവിന്റെ നേതൃത്വത്തിൽ ക്വട്ടേഷൻ എടുക്കുകയായിരുന്നു. ചുമത്രയിലും തിരുവല്ലയിലുമുള്ള സിപിഎം-ബിജെപി പ്രവർത്തകരാണ് പണിക്കിറങ്ങിയത്. മതിൽ തകർക്കാനും വഴി വെട്ടാനുമുപയോഗിച്ച ജെസിബിയുടെ നമ്പർ പ്ലേറ്റ് മറച്ചിരുന്നു.

ഇതിന്റെ ചില്ലിൽ തത്വമസി എന്ന് എഴുതിയത് മറച്ചിരുന്നില്ല. കൂടായെ ഒരു ടൊയോട്ട എറ്റിയോസ് കാറിലാണ് പ്രസിഡന്റ് അടക്കം വന്നത്.  വഴി തകർക്കാനും ആക്രമിക്കാനും ഉപയോഗിച്ച ഉപകരണങ്ങളുടെ ലിസ്റ്റിൽ വരുന്നതാണ് ജെസിബി. അതു കൊണ്ട് തന്നെ ആയുധങ്ങളുടെ ലിസ്റ്റിൽ ഇത് ഒന്നാമതായി വരും. ജെസിബി കേസിൽ ഉൾപ്പെട്ടാൽ പിന്നെ പുറത്തിറക്കാൻ കഴിയാതെ വരും. ഇക്കാര്യം മനസിലാക്കി ഉന്നത പൊലീസുദ്യോഗസ്ഥൻ തന്നെയാണ് പ്രതികളോട്  ജെസിബി മാറ്റാൻ ആവശ്യപ്പെട്ടിട്ടുള്ളത്. കൃത്യത്തിന് ഉപയോഗിച്ച വാഹനത്തിന് പകരം കണ്ടം ചെയ്യാറായ ജെസിബി കൊണ്ടു വരാനാണ് പറയുന്നത്.

തിരുവല്ല താലൂക്കിൽ ക്വട്ടേഷൻ ലഹരി-മാഫിയയ്ക്ക് ഒത്താശ ചെയ്യുന്നത് ഡിവൈഎഫ്ഐ സംസ്ഥാന നേതാവിന്റെ  നേതൃത്വത്തിലാണ്. ഏത് ക്വട്ടേഷനും ഇവർ എടുക്കും. ഒരു ലക്ഷം രൂപയാണ് ഏറ്റവും കുറഞ്ഞ റേറ്റ്. ബാക്കി ജോലിയുടെ സ്വഭാവം അനുസരിച്ച് ഇരിക്കും. വ്യക്തികളുടെ ഭൂമി കൈയേറി റോഡ് വെട്ടുക, നിലം നികത്തുക, ലഹരി മരുന്ന് കടത്തുക, ആൾക്കാരെ മർദിക്കുക എന്നു വേണ്ട ഇങ്ങനെ ഏതു കേസും ഇവർ പിടിക്കും. അഭിഭാഷകൻ കൂടിയായ യുവനേതാവാണ് ഇവരുടെ കേസ് നടത്തുക. തെങ്ങേലിയിൽ അഞ്ചു ലക്ഷത്തിനെടുത്ത ക്വട്ടേഷനിൽ മൂന്നരലക്ഷം മാത്രമാണ് കിട്ടിയത്.

അയൽവാസികൾ അകത്തു പോകില്ലെന്ന് ഉറപ്പു നൽകിയാണ് ക്വട്ടേഷൻ എടുത്തത്. എന്നാൽ, പൊലീസ് റിവേഴ്സ് ഗിയറിൽ ആയതോടെ സിപിഎമ്മിന് മുഖം രക്ഷിക്കേണ്ടി വന്നു. അയൽവാസികളായ രണ്ടു പേരെ പ്രതികളാക്കി പൊലീസിന് കൊടുത്തു. സ്ഫോടക വസ്തു നിയമം സഹിതം എടുത്ത കേസിൽ ഇവർ ഇനി പുറംലോകം കാണാൻ സമയം ഏറെയെടുക്കും. ആറു വീട്ടുകാർ ചേർന്ന് വീതം വച്ചു കൊടുക്കാമെന്ന് ഏറ്റതാണ് അഞ്ചു ലക്ഷമെന്ന് പറയുന്നു. ഇതിൽ പിരിഞ്ഞു കിട്ടിയ മൂന്നരയിൽ രണ്ടു ലക്ഷം ജെസിബി ഉടമ കൊണ്ടു പോയി. ബാക്കി ഒന്നര ലക്ഷം പൊലീസിലെ ഉന്നതൻ വിഴുങ്ങിയെന്നാണ് പാർട്ടിക്കുള്ളിൽ തന്നെയുള്ള സംസാരം.

വിഷയം നിയമസഭയിൽ ഉന്നയിക്കപ്പെട്ടതോടെ പാർട്ടിക്ക് നാണക്കേടായി. ഡിവൈഎഫ്ഐ സംസ്ഥാന നേതാവിന്റെ ക്വട്ടേഷൻ ഇടപാടും സംസ്ഥാന നേതൃത്വം അറിഞ്ഞു. സിപിഎം അനുഭാവിയുടെ ഭൂമി, ബിജെപിക്കാർക്ക് വേണ്ടി കൈയേറിയത് പാർട്ടിക്ക് തന്നെ ക്ഷീണമായി. ഇവിടെ പാർട്ടിയേക്കാൾ വലുത് ക്വട്ടേഷൻ പണമാണെന്ന സന്ദേശം അണികളിലേക്കും സാധാരണ പ്രവർത്തകരിലേക്കുമെത്തി. ഈ സാഹചര്യത്തിൽ ഇന്ന് ചേരുന്ന അടിയന്തര ഏരിയാ കമ്മറ്റി ഈ വിഷയം ചർച്ച ചെയ്യും. സമാനമായ ഒരു ക്വട്ടേഷൻ കുറ്റൂരിൽ നേരത്തേ രണ്ടു ലക്ഷം രൂപയ്ക്ക് ഏറ്റെടുത്ത് നടത്തിയിരുന്നു.