കുവൈത്ത് സിറ്റി: പത്ത് രാജ്യങ്ങളിലെ പൗരന്മാർക്ക് എല്ലാത്തരം വിസകളും നിഷേധിക്കാനുള്ള ശുപാർശ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പരിശോധിക്കുന്നു. ഏഴ് ആഫ്രിക്കൻ രാജ്യങ്ങളും ആഫ്രിക്കയ്ക്ക് പുറത്തുള്ള മറ്റ് മൂന്ന് രാജ്യങ്ങളുമാണ് ഈ പട്ടികയിലുള്ളതെന്ന് കുവൈത്തി മാധ്യമങ്ങൾ പറയുന്നു. ഈ രാജ്യങ്ങളിൽ പലതിനും കുവൈത്തിൽ എംബസികളില്ലാത്തതാണ് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.

മഡഗസ്സ്‌കർ, കാമറൂൺ, ഐവറികോസ്റ്റ്, ഘാന, ബെനിൻ, മാലി, കോംഗോ എന്നിവയാണ് പട്ടികയിലുള്ള ആഫ്രിക്കൻ രാജ്യങ്ങൾ. ഇവിടങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് പ്രവാസികൾ കുവൈത്തിലുണ്ടെങ്കിലും എന്തെങ്കിലും കാരണവശാൽ ഇവരെ നാടുകടത്തേണ്ടി വരികയോ മറ്റ് നടപടികൾ സ്വീകരിക്കേണ്ടി വരികയോ ചെയ്യുമ്പോൾ കാര്യങ്ങൾ സങ്കീർണമാവുന്നുവെന്നും വളരെയധികം സമയം വേണ്ടിവരുന്നുവെന്നുമാണ് വിലയിരുത്തൽ.

കോടതികളിലെ കേസുകളുടെ വിധി, താമസ നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ പരിശോധനകളിൽ പിടിയിലാവുക, പൊതുമര്യാദകളുടെ ലംഘനം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ സാഹചര്യങ്ങളിൽ കുവൈത്തിലെ നിയമം അനുസരിച്ച് പ്രവാസികളെ നാടുകടത്താറുണ്ട്.ഈ രാജ്യങ്ങൾക്ക് കുവൈത്തിൽ എംബസികളില്ലാത്തതിനാൽ ഇത്തരം നടപടികൾ സങ്കീർണമാവുന്നുവെന്നാണ് പ്രധാന ആക്ഷേപം. പലപ്പോഴും ഈ രാജ്യങ്ങളിൽ നിന്നുള്ളവർ പിടിയിലാവുമെന്ന് ഉറപ്പാവുമ്പോൾ പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ നശിപ്പിച്ച് കളയാറുണ്ട്.

ഇത്തരം സാഹചര്യങ്ങളിൽ ഇവരുടെ പൗരത്വം കണ്ടെത്താനും പകരം യാത്രാ രേഖകൾ നൽകാനും എംബസികൾ ഇല്ലാത്തതിനാൽ സാധിക്കാറുമില്ല. ഈ സാഹചര്യത്തിലാണ് ഇവിടങ്ങളിൽ നിന്നുള്ളവർക്ക് എല്ലാത്തരം വിസകളും നിഷേധിക്കാനുള്ള നിർദ്ദേശം പരിഗണിച്ചുകൊണ്ടിരിക്കുന്നതെന്നും കുവൈത്തി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.