ലഖ്നൗ: ഉത്തർപ്രദേശിൽ കർഷക റാലിക്ക് നേരെ വാഹനം ഓടിച്ചു കയറ്റി കർഷകരെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് കോടതിയിൽ എത്തി. ലഖിംപുർ ഖേരിയിൽ കർഷകർക്ക് നേരെ കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം പാഞ്ഞുകയറുകയും തുടർന്നു നടന്ന സംഘർഷത്തിലുമായി എട്ടുപേർ കൊല്ലപ്പെട്ട സംഭവം ആസൂത്രിതമെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. കേസിലെ പതിമൂന്നു പ്രതികൾക്ക് നേരെ കൂടുതൽ വകുപ്പുകൾ ചുമത്താനായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ സമർപ്പിച്ച അപേക്ഷയിലാണ് എസ്ഐടി കണ്ടെത്തലുകളെ കുറിച്ച് വിവരിച്ചിട്ടുള്ളത്.

സംഭവത്തിന് പിന്നിൽ ബോധപൂർണമായ ആസുത്രണമുണ്ടെന്നും അശ്രദ്ധകൊണ്ടുണ്ടായ അപകടമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മുൻകൂട്ടി ആസൂത്രണം ചെയ്തതിന്റെ അടിസ്ഥാനത്തിൽ മനഃപൂർവ്വമാണ് കൊലപാതകം നടത്തിയത്. അതിനാൽ നിലവിൽ അലക്ഷ്യമായി പൊതുനിരത്തിൽ വാഹനം ഓടിച്ചതിന് ഇന്ത്യൻ ശിക്ഷ നിയമത്തിലെ 279 ആം വകുപ്പ് പ്രകാരം ചുമത്തിയത് ഉൾപ്പടെയുള്ള മൂന്ന് കുറ്റങ്ങൾ പിൻവലിക്കാൻ അനുവദിക്കണമെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയോട് അഭ്യർത്ഥിച്ചു. കെലപാതക ശ്രമത്തിനുള്ള സെഷൻ 307, മാരകായുധങ്ങൾ പ്രയോഗിച്ചുള്ള അക്രമം (സെഷൻ 326), ഗൂഢാലോചന എന്നീ വകുപ്പുകൾ ചേർക്കണമെന്ന് എസ്ഐടി ആവശ്യപ്പെട്ടു.

കഴിഞ്ഞ ഒക്ടോബർ മൂന്നിനാണ് പ്രതിഷേധക്കാർക്ക് നേരെ കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയുടെ വാഹന വ്യൂഹം പാഞ്ഞുകയറിയത്. ഇടിച്ചു കയറിയ വാഹനത്തിലുണ്ടായിരുന്ന അജയ് മിശ്രയുടെ മകൻ ആഷിഷ് മിശ്രയാണ് കേസിലെ പ്രധാന പ്രതി. വാഹനം പാഞ്ഞു കയറി നാലു കർഷകർ മരിച്ചു. ഒരു പ്രാദേശിക പത്ര പ്രവർത്തകനും മരിച്ചു. കേസിൽ ഉത്തർപ്രദേശ് പൊലീസിന്റെ മെല്ലെപ്പോക്കിന് എതിരെ സുപ്രീംകോടതി രൂക്ഷ വിമർശനം നടത്തിയിരുന്നു.

അന്വേഷണത്തിന് മേൽനോട്ടം വഹിക്കാനായി റിട്ടയേർഡ് ജസ്ജി രാകേഷ് കുമാർ ജെയിനിനെ സുപ്രീംകോടതി നിയോഗിച്ചിരുന്നു. കേസന്വേഷണത്തിൽ സുതാര്യതയും നീതിയും സമ്പൂർണ്ണ നിഷ്പക്ഷതയും ഉറപ്പാക്കുമെന്ന് കോടതി വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘത്തെയും സുപ്രീംകോടതി പുനഃസംഘടിപ്പിച്ചു. മൂന്ന് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെ സംഘത്തിൽ ഉൾപ്പെടുത്തി. എസ് ബി ഷിരോദ്കർ, ദീപീന്ദർ സിങ്, പത്മജ ചൗഹാൻ എന്നിവരെയാണ് പുതുതായി അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയത്.

ജസ്റ്റിസ് രാകേഷ് കുമാർ ജെയിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം അന്വേഷണം തുടരുമെന്നും, പുതിയ സംഘം റിപ്പോർട്ട് സമർപ്പിച്ചശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് എൻവി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് അന്വേഷണ സംഘത്തെ പുനഃസംഘടിപ്പിച്ചുകൊണ്ട് ഉത്തരവിട്ടത്. യു പി സർക്കാർ നടത്തുന്ന അന്വേഷണത്തിൽ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് മേൽനോട്ടത്തിന് റിട്ട. ഹൈക്കോടതി ജഡ്ജിയെ നിയമിക്കാൻ സുപ്രീംകോടതി തീരുമാനിച്ചത്.