ന്യൂഡൽഹി: ലഖിംപുർ ഖേരി ആക്രമണത്തിൽ സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഹർജി. യുപിയിലെ രണ്ട് അഭിഭാഷകരാണ് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയത്. ലഖിംപൂരിൽ യുപിയിൽ പ്രതിഷേധം ശക്തമായതോടെ പൊലീസ് നടപടി കടുപ്പിച്ചു.

അതിനിടെ ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷകർക്കിടയിലേക്കു കാറിടിച്ചു കയറ്റിയ സംഭവത്തിൽ ആരോപണവിധേയനായ ആശിഷ് മിശ്രയ്ക്കെതിരേ തെളിവിന്റെ കണികയെങ്കിലുമുണ്ടെങ്കിൽ മന്ത്രിസ്ഥാനം രാജിവെക്കുമെന്ന് ആശിഷിന്റെ അച്ഛനും കേന്ദ്രമന്ത്രിയുമായ അജയ് കുമാർ മിശ്ര. ലഖിംപുർ ഖേരിയിൽ സംഭവം നടന്ന സ്ഥലത്ത് മകനുണ്ടിയിരുന്നുവെന്നതിന് എന്തെങ്കിലും തെളിവുണ്ടെങ്കിൽ മന്ത്രിസ്ഥാനം രാജിവെക്കുമെന്ന് അജയ് കുമാർ മിശ്ര ഇന്ത്യാ ടുഡേയോട് പറഞ്ഞു.

ഞായറാഴ്ച നടന്ന സംഭവത്തിലും തുടർന്നുണ്ടായ സംഘർഷത്തിലും നാല് കർഷകരടക്കം എട്ടുപേർ കൊല്ലപ്പെട്ടിരുന്നു. കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിഷ് മിശ്ര ഓടിച്ച വാഹനമാണ് പ്രക്ഷോഭകർക്ക് നേരെ പാഞ്ഞുകയറിയത് എന്നാണ് സമരക്കാർ ആരോപിക്കുന്നത്. എന്നാൽ കേന്ദ്രമന്ത്രിയും മകനും ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്. സംഭവ സ്ഥലത്തുപോലും ഇല്ലായിരുന്നുവെന്നാണ് ഇവർ അവകാശപ്പെടുന്നത്.

കർഷകർക്കിടയിലേക്കു കാറിടിച്ചു കയറ്റിയതായി ആരോപണവിധേയനായ ആശിഷ് മിശ്രയ്ക്കെതിരേ കൊലക്കുറ്റവും മറ്റു വകുപ്പുകളും ചേർത്ത് കേസെടുത്തിരുന്നു. നേരത്തെ, കർഷകപ്രതിഷേധത്തിനിടെ എട്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജി സംഭവത്തെക്കുറിച്ച് അന്വേഷിക്കും. കുറ്റവാളികൾക്കെതിരേ കർശന നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു.

ഇതിനിടെ കർഷക പ്രതിഷേധത്തിനിടെ മുദ്രാവാക്യം വിളിച്ചു നീങ്ങുന്ന സമരക്കാർക്കുമേൽ വാഹനം ഓടിച്ചു കയറ്റുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കോൺഗ്രസാണ് വീഡിയോ പുറത്തുവിട്ടത്. സമരം ചെയ്യുന്ന കർഷകരുടെ പിന്നിലൂടെ എത്തിയ വാഹനം അവർക്കുമേൽ ഇടിച്ചുകയറുന്നത് 25 സെക്കൻഡ് ദൈർഘ്യമുള്ള ഒരു വീഡിയോയിൽ കാണാം.

പ്രതിഷേധിച്ച് മുന്നോട്ടു പോകുന്ന കർഷകർക്കിയിലേക്ക് ഒരു ജീപ്പും മറ്റൊരു വാഹനവും ഇടിച്ചു കയറ്റുന്നു. കർഷകർ രണ്ടു വശത്തുമായി വീഴുന്നു പിന്നീട് വാഹനം നിറുത്തി ഒരാൾ ഇറങ്ങി ഓടുന്നു. ഈ ദൃശ്യങ്ങളാണ് കോൺഗ്രസ് നേതാക്കൾ പുറത്തു വിട്ടത്. സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളുടെ ആധികാരികത പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. .

കർഷകർ വാഹനത്തിന്റെ ഡ്രൈവറെ വളഞ്ഞിച്ച് മർദ്ദിക്കുന്ന ദൃശ്യങ്ങളും ഇന്നലെ പുറത്തു വന്നിരുന്നു. വാഹനത്തിനു നേരെ കല്ലേറ് നടന്നപ്പോൾ നിയന്ത്രണം വിട്ടാണ് അപകടം നടന്നത് എന്ന് ബിജെപി വാദിച്ചിരുന്നു. ദൃശ്യങ്ങൾ പ്രതിപക്ഷത്തിന് ആയുധമായി. ലക്‌നൗവിൽ എത്തിയ പ്രധാനമന്ത്രി ഇതേക്കുറിച്ച് പ്രതികരിക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.

അതേ സമയം പൊലീസ് കസ്റ്റഡിയിലായിരുന്നു എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത യുപി പൊലീസ് അവരെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് പിസിസി അധ്യക്ഷൻ അജയ് കുമാർ ലല്ലു ഉൾപ്പടെ മറ്റു പത്തു കോൺഗ്രസ് നേതാക്കൾക്കെതിരേയും കേസെടുത്തിട്ടുണ്ട്. ക്രമസമാധാനം തകർക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് നേതാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

ലഖിംപൂരിൽ ആക്രമണത്തിൽ രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കർഷകർ നൽകിയ പരാതിയിൽ കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയ്‌ക്കെതിരെ ക്രിമിനൽ ഗൂഢാലോചനയ്ക്കാണ് കേസ് എടുത്തത്. അജയ് മിശ്രയുടെ മകൻ ആശിശ് മിശ്രയ്‌ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിരുന്നു. മർദ്ദനത്തിൽ മരിച്ച ഡ്രൈവറുടെ കുടുംബം കർഷകസംഘടന നേതാക്കൾക്കെതിരെയും കേസ് നൽകിയിട്ടുണ്ട്. മരിച്ച കർഷകർക്ക് ആർക്കും വെടിയേറ്റിരുന്നില്ല എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. രക്തസ്രാവം ആണ് മരണത്തിന് ഇടയാക്കിയതെന്നും റിപ്പോർട്ട് പറയുന്നു.