കവരത്തി: പ്രതിഷേധം കടുത്തതോടെ ലക്ഷദ്വീപ് ബിജെപി ഘടകത്തെയും അവഗണിച്ച് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ. നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് അനുവദിച്ചത് പത്തുമിനിറ്റ് മാത്രം. ഇതേതുടർന്ന് നേതാക്കൾ കൂടിക്കാഴ്ചയ്ക്ക് വിസമ്മതിച്ചു.

പ്രതിഷേധത്തിന് പിന്നാലെ കേന്ദ്രനേതൃത്വം ഇടപെട്ട് ഒരു മണിക്കൂർ സമയം അനുവദിപ്പിച്ചു. ഭരണപരിഷ്‌കാരങ്ങളിലെ അതൃപ്തി അഡ്‌മിനിസ്‌ട്രേറ്ററെ അറിയിക്കുന്നതിനാണ് ബിജെപി പ്രാദേശിക നേതൃത്വം കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങിയത്. 

അതിനിടെ ആയിഷ സുൽത്താനയ്‌ക്കെതിരെ രാജ്യദ്രോഹ കേസുമായി മുന്നോട്ടു പോകാനുള്ള ഭരണകൂട തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ ബിജെപിയെ സേവ് ലക്ഷദ്വീപ് ഫോറത്തിൽനിന്നു പുറത്താക്കി. ലക്ഷദ്വീപ് പ്രഭാരി എ.പി.അബ്ദുല്ലക്കുട്ടിയുടെ പ്രസ്താവനകളും പ്രതിഷേധാർഹമാണെന്നു ഫോറം അറിയിച്ചു. അഡ്‌മിനിസ്‌ട്രേറ്ററെ കാണാനുള്ള ഫോറത്തിന്റെ ശ്രമം തുടരുമെന്നും മെമോറാൻഡം സമർപ്പിക്കുമെന്നും വക്താക്കൾ അറിയിച്ചു.

അതിനിടെ, ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരം സംബന്ധിച്ചുള്ള കരടുകളിൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിച്ചിരുന്നതായി കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. അറുനൂറോളം നിർദ്ദേശങ്ങൾ ഇത്തരത്തിൽ ലഭിച്ചു. അഭിപ്രായങ്ങൾ അറിയിക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.

ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ദ്വീപ് നിവാസികൾക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യണമെന്ന ഹർജിയിൽ മറുപടി നൽകാൻ കോടതി ലക്ഷദ്വീപ് ഭരണകൂടത്തിന് തിങ്കളാഴ്ച വരെ സമയം അനുവദിച്ചു. കൂടുതൽ സമയം അനുവദിക്കണമെന്ന ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഇക്കാര്യത്തിൽ ഇനി കൂടുതൽ സമയം അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കലക്ടർക്ക് നിവേദനം നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.