പട്‌ന: വരാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ലാലുപ്രസാദ് യാദവിന്റെ കുടുംബത്തിലെ അന്ത:ഛിദ്രങ്ങളും പ്രചരണത്തിന് കാരണമാകും. ലാലുവിന്റെ മൂത്ത മകനും മഹുവ എംഎൽഎയുമായ തേജ് പ്രതാപ് യാദവിനെതിരെ മത്സരിക്കാനിറങ്ങി ഇറങ്ങുന്നത് മുൻ ഭാര്യ ഐശ്വര്യ റായിയത്. തേജ് മത്സരിക്കാറുള്ള മഹുവ സീറ്റിൽത്തന്നെ മത്സരിക്കാനാണ് തേജുമായി അകന്നുകഴിയുന്ന ഐശ്വര്യയുടെ തീരുമാനം. ഇതോടെ മണ്ഡലം മാറാനുള്ള നീക്കത്തിലാണ് തേജ് പ്രതാപ് യാദവ്.

2015ൽ മഹുവയിൽനിന്നും 28000 വോട്ടുകളുടെ കേവല ഭൂരിപക്ഷമായിരുന്നു തേജിന് ലഭിച്ചിരുന്നത്. മുൻ മുഖ്യമന്ത്രി ദറോഗ റായിയുടെ കൊച്ചുമകളും എംഎൽഎ ചന്ദ്രിക റായിയുടെ മകളുമാണ് ഐശ്വര്യ റായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആർജെഡി ടിക്കറ്റിലായിരുന്നു ചന്ദ്രിക റായി വിജയിച്ചുകയറിയത്. സമീപകാലത്തായി ചന്ദ്രിക ആർജെഡി വിട്ട് ജെഡിയുവിൽ ചേർന്നിരുന്നു. കഴിഞ്ഞ ദിവസമാണ് തന്റെ മകൾ തേജ് പ്രതാപിനെതിരെ മത്സരിക്കുമെന്ന് ചന്ദ്രിക റായ് പ്രഖ്യാപിച്ചത്.

2018ലായിരുന്നു ഐശ്വര്യയുടെയും തേജ് പ്രതാപ് യാദവിന്റെയും വിവാഹം. മാസങ്ങൾക്ക് ശേഷം ഇരുവരും വിവാഹമോചനത്തിന് കേസ് നൽകി. തുടർന്നിങ്ങോട്ട് രണ്ട് കുടുംബങ്ങളും തമ്മിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു. മഹുവ സീറ്റിൽത്തന്നെ മത്സരിക്കാനായിരുന്നു തേജ് പ്രതാപ് യാദവ് ആദ്യം തീരുമാനിച്ചിരുന്നു. എന്നാൽ ഇതേ മണ്ഡലത്തിൽ ഐശ്വര്യ മത്സരിക്കാനിറങ്ങിയതോടെ അദ്ദേഹം തീരുമാനം മാറ്റുകയായിരുന്നു. ജെഡിയുവിന്റെ രാജ് കുമാർ മത്സരിക്കുന്ന ഹസൻപൂരിലായിരിക്കും തേജ് ഇത്തവണ ജനവിധി തേടുക എന്നാണ് വിവരം.

ഹസൻപുർ സീറ്റ് തേജിന് സുരക്ഷിതമാണെന്നും മുസ്ലിം-യാദവ വോട്ടുബാങ്കുള്ള സ്ഥമാണ് ഇതെന്നുമാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. 2005ൽ ഹസൻപുർ ആർജെഡിക്കൊപ്പമായിരുന്നെങ്കിലും 2010ലും 2015ലും ഇവിടെ ജെഡിയുവിനായിരുന്നു വിജയം. ലാലു പ്രസാദിന്റെ മൂത്ത മകനാണ് തേജ് പ്രതാപെങ്കിലും ഇളയ മകൻ തേജസ്വി യാദവാണ് പാർട്ടിയുടെ മുഖമായി ഉയർന്നുവരുന്നത്. രാഷ്ട്രീയമായി ഇരുവരും ഒരേ ദിശയിലാണെങ്കിലും ഇരുവരുടെയും രീതികളും പ്രവർത്തന മണ്ഡലങ്ങളും നേരെ വിപരീതങ്ങളാണ്. കൂടുതൽ വിശ്വാസത്തിലൂന്നിയ ജീവിതമാണ് തേജിന്റേത്.