ന്യൂഡൽഹി: ലഖിംപൂരിൽ കർഷകരെ വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്തുന്ന ക്രൂര ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗമാണ് പ്രചരിക്കുന്നത്. ഈ വീഡിയോ കാണുന്ന കർഷക കുടുംബങ്ങളിൽ എല്ലാം ബിജെപി വിരുദ്ധ വികാരം ആളിക്കത്തുകയാണ്. അതുകൊണ്ടു തന്നെ ഉത്തരേന്ത്യയിലെ ഗ്രാമീണ മേഖലയിൽ ബിജെപി കടുത്ത പ്രതിരോധത്തിലാണ്. ലഖിംപുർ സംഭവത്തോട് കരുതലോടെ പ്രതികരിച്ചാൽ മതിയെന്ന തീരുമാനത്തിലേക്ക് ബിജെപി എത്തി ചേർന്നിരിക്കുന്നു. ഉത്തർപ്രദേശ്, പഞ്ചാബ് തെരഞ്ഞെടുപ്പുകൾ അടുത്ത പശ്ചാത്തലത്തിൽ വിഷയത്തിൽ പാർട്ടിക്ക് പരിക്കില്ലാതെ രക്ഷപെടാനാണ ശ്രമം നടക്കുന്നത്.

ഖലിസ്ഥാൻ തീവ്രവാദികളാണു സംഭവത്തിനു പിന്നിലെന്ന് ജനറൽ സെക്രട്ടറി വൈ. സത്യകുമാറും ചില സംസ്ഥാന നേതാക്കളും പ്രതികരിച്ചതിനോട് ദേശീയ നേതൃത്വം മൗനംപാലിക്കുകയാണ്. അതിനിടെ, കർഷകരെ തീവ്രവാദികളെന്നു വിളിക്കരുതെന്ന് ആവശ്യപ്പെട്ട് ലഖിംപുർ ഖേരിയുടെ അയൽപ്രദേശമായ പിലിഭിത്തിലെ ബിജെപി എംപി വരുൺഗാന്ധി രംഗത്തെത്തിയത് ബിജെപിയെ കൂടുതൽ പ്രതിരോധത്തിലാക്കി.

കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വരുൺ, യോഗി ആദിത്യനാഥിനു കത്തയച്ചു. കർഷകർക്കിടയിലേക്ക് വാഹനമോടിച്ചു കയറ്റുന്ന വിഡിയോയും ട്വീറ്റു ചെയ്തു. തമിഴ്‌നാട് ബിജെപി നേതാവ് ഖുഷ്ബുവും ശക്തമായ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.

കോവിഡ് രണ്ടാംതരംഗം കൈകാര്യം ചെയ്തതിലെ അമർഷം പ്രചാരണങ്ങളിലൂടെയും ജനസമ്പർക്ക പരിപാടികളിലൂടെയും ഒതുക്കി വരുന്നതിനിടെയാണ് ലഖിംപുർ സംഭവം. കർഷക സമരത്തോടു പടിഞ്ഞാറൻ യുപിയിൽ മാത്രമായിരുന്നു ഇതുവരെ സംസ്ഥാനത്ത് അനുകൂല പ്രതികരണം. ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അയോധ്യ അടക്കമുള്ള നഗരങ്ങളിൽ തിരിച്ചടി ഉണ്ടായപ്പോഴും പടിഞ്ഞാറൻ യുപിയിൽ മികച്ച പ്രകടനം നടത്താനായതോടെ കർഷക സമരം യുപിയെ ബാധിക്കില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു പാർട്ടി. എന്നാൽ കിഴക്കൻ യുപിയിലെ ലഖിംപുർ ഖേരിയിലെ പുതിയ സംഭവവികാസങ്ങൾ പാർട്ടിയെ വിഷമത്തിലാക്കി.

2017 ലെ തിരഞ്ഞെടുപ്പിൽ ലഖിംപുർ ഖേരി ജില്ലയിലെ 8 സീറ്റുകളിലും ബിജെപിയാണു ജയിച്ചത്. വോട്ടു ശതമാനത്തിലും വലിയ വർധനയുണ്ടായിരുന്നു. ഗണ്യമായ സിഖ് ജനസംഖ്യയുള്ള ഇവിടെ കർഷക സമരത്തിനു വലിയ പിന്തുണയൊന്നുമുണ്ടായിരുന്നില്ല. പക്ഷേ, ഈ വിഷയത്തോടെ വൻകിടകർഷകരായ സിഖ് സമൂഹം ഒന്നടങ്കം ഇളകിയിരിക്കുകയാണ്. ബ്രാഹ്മണർ, മുസ്ലിംകൾ, കുർമികൾ എന്നിവരാണു ജില്ലയിൽ കൂടുതലുള്ളതെങ്കിലും കരിമ്പുകൃഷിയെ കൂടുതലായി ആശ്രയിക്കുന്ന ഇവിടെ കർഷകരുടെ നിലപാടുകൾക്ക് വലിയ പ്രാധാന്യമുണ്ട്.

അടുത്ത ജില്ലകളായ പിലിഭിത്ത്, ഷാജഹാൻപുർ, ഹർദോയി, സിതാപുർ, ബഹ്‌റൈച്ച് എന്നിവിടങ്ങളിലെ 42 നിയമസഭാ സീറ്റുകളിലും ഇതിന്റെ പ്രതിഫലനമുണ്ടാകുമോ എന്നതാണ് ആശങ്കയ്ക്കു കാരണം. ഇതിൽ 37 എണ്ണവും കഴിഞ്ഞ തവണ ബിജെപി ജയിച്ചതാണ്. 'ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്കു സമാനമായ സംഭവമാണു ലഖിംപുരിൽ നടന്നത്. ഇന്നല്ലെങ്കിൽ നാളെ ബിജെപിക്ക് അതിന് വില നൽകേണ്ടി വരുംമെനന്നാണ് ശരദ് പവാർ പറഞ്ഞിരിക്കുന്നത്.

'ലഖിംപുർ ഖേരിയിൽ സമരക്കാർക്കിടയിലേക്ക് വാഹനമോടിച്ചു കയറ്റി കൊലപ്പെടുത്തിയ സംഭവം നീതീകരിക്കാനും അംഗീകരിക്കാനുമാവില്ല. ഇതു ചെയ്തവർ ആരായാലും കേസെടുത്ത് ശക്തമായ നടപടിയെടുക്കണം. മനുഷ്യജീവനുകളെക്കാൾ വലുതൊന്നുമില്ല. മനുഷ്യത്വമാണ് ഈ രാജ്യത്തിന്റെ കാതൽ'.- ഖുഷ്ബുവും പറഞ്ഞു.

പ്രതിപക്ഷ സംഘം യുപിയിലേക്ക്

അതേസമയം കർഷകർക്കിടയിലേക്കു കാറിടിച്ചു കയറ്റി 4 പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിപക്ഷം കൂട്ടായ സമരത്തിനൊരുങ്ങുന്നു. സ്ഥലം സന്ദർശിക്കാനെത്തിയ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തതിനെതിരെ വിവിധ കക്ഷിനേതാക്കൾ രംഗത്തെത്തി. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ കോൺഗ്രസ് സംഘം ഇന്ന് സ്ഥലം സന്ദർശിക്കും. എൻസിപി, ശിവസേന, തൃണമൂൽ കോൺഗ്രസ്, പിഡിപി നേതാക്കൾ പ്രിയങ്കയ്ക്കു പിന്തുണയുമായി രംഗത്തെത്തി.

ഇതിനിടെ, കഴിഞ്ഞ ദിവസം കർഷകർക്കിടയിലേക്ക് വാഹനങ്ങൾ ഇടിച്ചുകയറ്റിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഒന്നിച്ചു നീങ്ങുന്ന കർഷകരുടെ പിന്നിലൂടെ എത്തിയ കറുത്ത എസ്യുവി അവരെ ഇടിച്ചുതെറിപ്പിക്കുന്നതാണു വിഡിയോ. ഈ വാഹനം തങ്ങളുടെ ഉടമസ്ഥതയിലുള്ളതാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്മിശ്ര സമ്മതിച്ചു. എന്നാൽ, മകൻ ആശിഷ് മിശ്ര വാഹനത്തിൽ ഇല്ലായിരുന്നുവെന്ന് മന്ത്രി ആവർത്തിച്ചു. എന്നാൽ എഫ്‌ഐആറിൽ ഇയാളുഠെ പേരുണ്ട്. അതുകൊണ്ട് തന്നെ അറസ്റ്റിലേക്ക് കാര്യങ്ങൾ എത്തുമെന്നാണ് കരുതുന്നത്.

പ്രക്ഷോഭക്കാർ വാഹനം ആക്രമിച്ചപ്പോൾ നിയന്ത്രണം വിട്ടുവെന്നായിരുന്നു കഴിഞ്ഞ ദിവസം മന്ത്രിയുടെ വാദം. ഇത് തെറ്റാണെന്നു തെളിയിക്കുന്നതാണ് ഇന്നലെ പുറത്തുവന്ന വിഡിയോ. ലഖിംപുറിലേക്കുള്ള യാത്രയ്ക്കിടെ തിങ്കളാഴ്ച പുലർച്ചെ കസ്റ്റഡിയിലായ പ്രിയങ്ക ഗാന്ധി, ദീപേന്ദർ ഹൂഡ എംപി എന്നിവരുൾപ്പെടെ 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രിയങ്കയെ പാർപ്പിച്ച സീതാപുർ ഗെസ്റ്റ് ഹസ്, താൽക്കാലിക ജയിലാക്കി. തടവിലാക്കി 30 മണിക്കൂറിനു ശേഷമാണ് അറസ്റ്റ് സ്ഥിരീകരിച്ചത്.

കർഷകർ കൊല്ലപ്പെട്ട സംഭവത്തിൽ ആശിഷ് മിശ്രയെ പ്രതിയാക്കി കേസെടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കേസിൽ അജയ് മിശ്രയെയും പ്രതിചേർക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. ലഖിംപുരിലേക്കു പോകാൻ ലക്‌നൗവിലെത്തിയ ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെയും പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ജിന്ദർ സിങ്ങിനെയും വിമാനത്താവളത്തിൽ തടഞ്ഞു. തുടർന്ന് ബാഗേൽ ധർണയിരുന്നെങ്കിലും പുറത്തു കടക്കാൻ അനുവദിച്ചില്ല. പ്രിയങ്കയെ മോചിപ്പിക്കുകയും മന്ത്രിപുത്രനെ അറസ്റ്റ് ചെയ്യുകയും ചെയ്തില്ലെങ്കിൽ പഞ്ചാബിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകർ ഇന്നു ലഖിംപുരിലെത്തുമെന്ന് പിസിസി പ്രസിഡന്റ് നവജ്യോത് സിങ് സിദ്ദു മുന്നറിയിപ്പ് നൽകി. ലഖിംപുർഖേരിയിൽ കനത്ത പൊലീസ് സന്നാഹവും ഇന്റർനെറ്റ് നിയന്ത്രണങ്ങളും തുടരുകയാണ്.