മലപ്പുറം: മക്കൾക്ക് പഠിക്കാൻ ലാപ്‌ടോപ്പ് വാങ്ങാൻ വായ്പതേടി എത്തിയ മണിമൂളിയിലെ ഓട്ടോ ഡ്രൈവർ പെരുവങ്ങാട്ടിൽ സുധാകരന് ലാപ്‌ടോപ്പ് സമ്മാനിച്ച് യൂത്ത് കോൺഗ്രസ്. സുധാരന്റെ മൂത്തമകൻ വൈശാഖ് പാലക്കാട് എൻ.എസ്.എസ് എൻജിനീയറിങ് കോളേജിൽ ബി.ടെക് നാലാം വർഷ വിദ്യാർത്ഥിയാണ്. മകൾ വിനയ പ്ലസ്ടു വിന് 98 ശതമാനത്തിലധികം മാർക്ക് നേടിയ മിടുക്കിയും.

ഓട്ടോ ഓടികിട്ടുന്ന പണം കൊണ്ടാണ് സുധാകരൻ മക്കളെ പഠിപ്പിക്കുന്നത്. കോവിഡ് മാഹാമാരിയെതുടർന്ന് പഠനം ഓൺലൈൻ ക്ലാസിലേക്കു മാറിയതോടെ ലാപ്‌ടോപ്പില്ലാത്തത് പ്രതിസന്ധിയായി. ഇതോടെ ലാപ്‌ടോപ്പ് വാങ്ങാൻ വായ്പതേടിയാണ് സുധാരൻ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജൂഡി തോമസിനെ സമീപിച്ചത്. സുധാകരന്റെ ദുരിതമറിഞ്ഞ യൂത്ത് കോൺഗ്രസ് നേതാക്കൾ 30,000 രൂപ വിലയുള്ള ലാപ്‌ടോപ്പാണ് വാങ്ങി നൽകിയത്. സംസ്‌ക്കാര സാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്ത് സുധാകരന്റെ വീട്ടിലെത്തി മക്കളായ വൈശാഖിനും വിനയക്കും ലാപ്‌ടോപ്പ് കൈമാറി.

ഇരുവരുടെയും പഠനത്ത് നിലമ്പൂർ സഹകരണ അർബൻ ബാങ്കിന്റെ സഹായവും ഉറപ്പു നൽകി. ചടങ്ങിൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ജൂഡി തോമസ്, മാനു കോന്നാടൻ, റജി കണ്ടത്തിൽ, ടി.എൻ ബൈജു, എൻ. മൊയ്തീൻ, ശശി പള്ളത്ത്, കെ.പി ഹൈദരാലി, സാനിഷ് വഴിക്കടവ്, കുഞ്ഞു പുളിക്കലങ്ങാടി, മുഹമ്മദാലി സംബന്ധിച്ചു.