കോഴിക്കോട്: പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് സിപിഎം നേതാവ് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കൊട്ടൂളിക്കെതിരെയാണ് കോഴ ആരോപണം ഉയര്‍ന്നിരിക്കുന്നത് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. കോഴ ആരോപണം സംബന്ധിച്ച് മന്ത്രി മുഹമ്മദ് റിയാസ് ഉള്‍പ്പെടെ പാര്‍ട്ടിക്ക് നേരത്തെ പരാതി നല്‍കിയിരുന്നു. പ്രമോദ് കൊട്ടൂളിക്കെതിരെ നടപടിക്ക് നാലംഗ കമ്മീഷനെയും സിപിഎം നിയോഗിച്ചു.

ആരോപണത്തിന് പിന്നാലെ പ്രമോദിനെ സിപിഎം, സിഐടിയു പദവികളില്‍ നിന്ന് നീക്കാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്.പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് വാങ്ങിയ 22 ലക്ഷം രൂപ തിരികെ നല്‍കിയില്ലെന്നാണ് പരാതി. സിപിഎമ്മിലെ പ്രമുഖ നേതാക്കളുമായി അടുത്ത ബന്ധമുള്ള ആളാണ് പ്രമോദെന്നും ആരോപണമുണ്ട്. സിഐടിയു നേതാവടക്കമുള്ള നാലംഗ കമ്മീഷനെയാണ് പ്രമോദിനെതിരായ നടപടിക്ക് പാര്‍ട്ടി നിയോഗിച്ചത്. സംഭവത്തില്‍ പരാതിക്കാരുടെ മൊഴിയും രേഖപ്പെടുത്തി.

നിലവില്‍ സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗമാണ് പ്രമോദ്. വാങ്ങിയ പണം ഇതുവരെ തിരികെ നല്‍കിയിട്ടില്ല. പാര്‍ട്ടിയിലെ പ്രമുഖരുമായി അടുപ്പമുള്ള പ്രമോദ്് പണം വാങ്ങിയത് പാര്‍ട്ടിയിലെ വിഭാഗീയതയിലും നിര്‍ണായകമായി മാറുമെന്ന് നിഗമനങ്ങളുണ്ട്. പിഎസ് സി സീറ്റ് വാഗ്ദാനം ചെയ്തു 60 ലക്ഷംരൂപ നല്‍കാന്‍ ധാരണയുണ്ടാക്കി. ഇതില്‍ 22 ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. മന്ത്രി മുഹമ്മദ് റിയാസിന്റെ പേരുപയോഗിച്ചായിരുന്നു തട്ടിപ്പ്. റിയാസിലൂടെ പാര്‍ട്ടി നേതൃത്വത്തിന്റെ അംഗീകാരം വാങ്ങിനല്‍കുമെന്ന് വിശ്വസിപ്പിച്ചു. ഇക്കാര്യത്തില്‍ അന്വേഷണംവേണമെന്ന് റിയാസും പാര്‍ട്ടിയെ അറിയിച്ചു. ഇതോടൊയാണ് പ്രമോദിനെതിരെ അന്വേഷണവും നടപടിയും ഉണ്ടാകുന്നത്.

പണം നല്‍കിയിട്ടും അയാള്‍ പി എസ് സി അംഗമായില്ല. ഇതോടെ ആയുഷ് വകുപ്പില്‍ ഉയര്‍ന്നസ്ഥാനം വാഗ്ദാനംചെയ്ത് പണം നല്‍കിയയാളെ വിശ്വസിപ്പിച്ചുനിര്‍ത്തി. ഇതും നടന്നില്ല. ഇതോടെ തട്ടിപ്പിന് ഇരയായ ആള്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കി. നിയമനം വാഗ്ദാനംചെയ്യുന്നതും ഡീല്‍ ഉറപ്പിക്കുന്നതുമായ വിവരങ്ങളുള്ള ശബ്ദസന്ദേശമടക്കം പാര്‍ട്ടിക്ക് ലഭിച്ചെന്നാണ് സൂചന. പക്ഷേ അതീവ രഹസ്യമായി പരാതി കൈകാര്യം ചെയ്യും. പോലീസിന് പരാതി നല്‍കില്ലെന്നാണ് സൂചന.

പി.എസ്.സി. അംഗത്വം പോലുള്ളകാര്യം ഒരു ഏരിയാസെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നേതാവിന് കൈകാര്യം ചെയ്യാവുന്ന ഒന്നല്ല. അതിനാല്‍, ഒന്നുകില്‍ ഈ ഇടപാടിനുപിന്നില്‍ മറ്റു നേതാക്കളുടെ ആരുടെയെങ്കിലും സഹായം ഉണ്ടാകണം. അല്ലെങ്കില്‍, പണംതട്ടാന്‍വേണ്ടി മാത്രം കളവായ വാഗ്ദാനം നല്‍കിയതാകണം. പണം നല്‍കിയ വ്യക്തി സി.പി.എമ്മുമായി ചേര്‍ന്നു നില്‍ക്കുന്ന വ്യക്തി കൂടിയാണ്. ഇത്തരമൊരു ആളില്‍ നിന്നും പണം വാങ്ങിയെന്നതും സിപിഎം നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മരുമകനായ റിയാസ് ആണ് എല്ലാം നിയന്ത്രിക്കുന്നതെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രമേദ് പണം ത്ട്ടിയത്.