കൊച്ചി: ഹൈറിച്ച് തട്ടിപ്പിലെ അന്വേഷണം പുരോഗമിക്കുമ്പോള്‍ പുറത്തുവരുന്നത് പ്രതാപന്റെ നേതൃത്വത്തില്‍ നടത്തിയ വന്‍ തട്ടിപ്പുകളുടെ വിവരങ്ങളാണ് പുറത്തുവരുന്നത. 'ഹൈറിച്ച്' മാനേജിങ് ഡയറക്ടര്‍ പ്രതാപന്‍ മറയാക്കിയ 'എച്ച്.ആര്‍ കോയിന്‍' വ്യാജ ക്രിപ്‌റ്റോയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടെത്തി. ഈ വ്യാജ ക്രിപ്‌റ്റോ കറന്‍സി വഴിയാണ് കോടികള്‍ ഇയാള്‍ സമ്പാദിച്ചു കൂട്ടിയത്. തട്ടിപ്പിലൂടെ സമാഹരിച്ച കോടികള്‍ പ്രതാപനും കൂട്ടരും മറ്റ് ക്രിപ്‌റ്റോ നിക്ഷേപങ്ങളാക്കി മാറ്റുകയും ചെയ്തു.

പ്രതാപന്റെയും കമ്പനിയുടെയും പേരില്‍ 11 ക്രിപ്‌റ്റോ വോലറ്റുകളാണ് ഉള്ളത്. ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചായ ബിനാന്‍സിലെ മൂന്ന് അക്കൗണ്ടുകളില്‍ ഹൈറിച്ചിന്റെ കോടികള്‍ എത്തിയതായും കണ്ടെത്തിയിട്ടുണ്ട്. റിമാന്‍ഡിലുള്ള പ്രതാപനെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യംചെയ്യുന്നതിനാണ് ഇ.ഡി നീക്കം.

മണിചെയിന്‍ തട്ടിപ്പിന്റെ മാതൃകയില്‍ 3141 കോടി രൂപയുടെ നിക്ഷേപമാണ് ഹൈറിച്ച് കമ്പനി സ്വീകരിച്ചത്. കേരള പൊലീസ് രജിസ്റ്റര്‍ ചെയ്ത 15 കേസുകളില്‍തന്നെ 1157 കോടി രൂപയുടെ തട്ടിപ്പ് ഇ.ഡി കണ്ടെത്തിയതായി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എം.ജെ. സന്തോഷ് കോടതിയെ അറിയിച്ചു. ഇ.ഡി അസി. ഡയറക്ടര്‍ ജി. ശ്രീനിവാസ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. തട്ടിയെടുത്ത പണം ഡിജിറ്റല്‍ കറന്‍സിയാക്കിയതിനാല്‍ ഡിജിറ്റല്‍ ഫോറന്‍സിക് കുറ്റാന്വേഷണ വിദഗ്ധരെയും അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തും.

ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിയില്‍ പണം നിക്ഷേപിച്ചാല്‍ 10 മടങ്ങുവരെ ലാഭമാണ് വാഗ്ദാനം ചെയ്തിരുന്നതെന്ന് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇ.ഡി പറയുന്നു. ഹൈറിച്ച് സ്മാര്‍ട്ട് ടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പുറത്തിറക്കിയെന്ന് വ്യാജമായി പ്രചരിപ്പിച്ച ഹൈറിച്ച് (എച്ച്.ആര്‍) ക്രിപ്‌റ്റോ കറന്‍സിയില്‍ പണം നിക്ഷേപിച്ചാല്‍ 15 ശതമാനം ഇന്‍സെന്റിവും 500 ശതമാനം വാര്‍ഷിക ലാഭവിഹിതവും വാഗ്ദാനം ചെയ്തിരുന്നു. ഇതിലേക്ക് അംഗങ്ങളെ ചേര്‍ക്കുന്നവര്‍ക്ക് പുതിയ അംഗങ്ങള്‍ നിക്ഷേപിക്കുന്ന തുകയുടെ 30 ശതമാനവും കമീഷനും വാഗ്ദാനം ചെയ്തു. ഇതേ രീതിയില്‍ വ്യാജമായി തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമിനുവേണ്ടി നിര്‍മിക്കുന്ന സിനിമകള്‍ക്ക് പണം മുടക്കുന്നവര്‍ക്ക് 50 ശതമാനം ലാഭവിഹിതവും വാഗ്ദാനംചെയ്തു. ഒ.ടി.ടി പ്ലാറ്റ്‌ഫോമിന് 10 ലക്ഷം വരിക്കാരുണ്ടെന്നും വ്യാജമായി കാണിച്ചിരുന്നു.

സാധാരണക്കാരെ നിക്ഷേപത്തട്ടിപ്പിലേക്ക് ആകര്‍ഷിക്കാനാണ് 'ഹൈറിച്ച് പലചരക്ക് ഷോപ്പി' തുടങ്ങിയത്. ഇതില്‍ അംഗങ്ങളാകുന്നവര്‍ക്ക് പലചരക്കുസാധനങ്ങള്‍ക്ക് 30 ശതമാനം വിലക്കുറവ് വാഗ്ദാനം ചെയ്തു. 800 രൂപയായിരുന്നു അംഗത്വ ഫീസ്. അംഗങ്ങളെ ചേര്‍ക്കുന്നവര്‍ക്ക് 12.5 ശതമാനം കമീഷനും ഉണ്ടായിരുന്നു. തട്ടിയെടുത്ത തുക അഞ്ച് അക്കൗണ്ടുകളിലേക്ക് മാറ്റിയതായും അന്വേഷണ സംഘം കണ്ടെത്തി.

അക്കൗണ്ടുകളും തുകയും ഇങ്ങനെ: വി. റിയാസ് (18.26 കോടി രൂപ), രാഹുല്‍ ഗന്ധരാജ് നെര്‍ക്കര്‍ (10.06 കോടി), രാജ്കുമാര്‍ മാന്‍ഹര്‍ (7.96 കോടി), കെ.ആര്‍. ദിനുരാജ് (5.97 കോടി), സുരേഷ്ബാബു (5.35 കോടി). പ്രതാപന്റെ ഭാര്യ കെ.എസ്. ശ്രീനയാണ് കമ്പനിയുടെ സി.ഇ.ഒ ആയിരുന്നത്.

ഓണ്‍ലൈന്‍ ഷോപ്പിങ്ങിന്റെ മറവില്‍ മണിച്ചെയിന്‍ മാതൃകയിലാണ് ഹൈറിച്ച് കമ്പനി സാമ്പത്തിക തട്ടിപ്പ് നടത്തിയതെന്നാണ് പോലീസിന്റെയും ഇ.ഡി.യുടെയും റിപ്പോര്‍ട്ട്. ഏകദേശം 1630 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് ഹൈറിച്ച് കമ്പനി നടത്തിയതെന്ന് പോലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇ.ഡി. നടത്തിയ അന്വേഷണത്തിലും കോടികളുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയിരുന്നു. ക്രിപ്റ്റോ കറന്‍സിയായ എച്ച്.ആര്‍. കോയിന്‍ വഴി മാത്രം ആയിരം കോടിയിലേറെ രൂപയുടെ ഇടപാട് നടത്തിയെന്നാണ് കണ്ടെത്തല്‍.

ക്രിപ്റ്റോ കറന്‍സി വഴി സമാഹരിച്ച പണം വിദേശത്തേക്ക് കടത്തിയതായും ഇ.ഡി.യുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. കെ.ഡി. പ്രതാപന്റെയും ഭാര്യ ശ്രീനാ പ്രതാപന്റെയും 55 ബാങ്ക് അക്കൗണ്ടുകളിലായി 212 കോടി രൂപയുടെ നിക്ഷേപമാണുണ്ടായിരുന്നത്. ഇതും ഇവരുടെ സ്വത്തുക്കളും ഇ.ഡി. മരവിപ്പിച്ചിരുന്നു. സാങ്കല്പികമായ ആരോപണത്തിന്റെ അടിസ്ഥാനത്തിലുള്ള പരാതിപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നായിരുന്നു കെ.ഡി. പ്രതാപന്റെ ആരോപണം. മണി ചെയിന്‍ തട്ടിപ്പിന്റെ മാതൃകയില്‍ 3141 കോടി രൂപയുടെ നിക്ഷേപമാണ് ഹൈറിച്ച് കമ്പനി സ്വീകരിച്ചിട്ടുള്ളതെന്ന് ഇ.ഡി. കോടതിയില്‍ അറിയിച്ചു. പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനായി അടുത്ത ദിവസം അപേക്ഷ സമര്‍പ്പിക്കും.