തിരുവനന്തപുരം: സിപിഎം സഖാക്കളെ വിമര്‍ശിച്ചു നന്നാക്കാനുള്ള തീവ്രശ്രമത്തിലാണ് പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന തോല്‍വിക്ക് ശേഷം ഈ വിമര്‍ശനങ്ങള്‍ യഥേഷ്ടം പാര്‍ട്ടി ഫോറങ്ങളില്‍ നടക്കുന്നുണ്ട്. തലസ്ഥാനത്തു നടന്ന റിപ്പോര്‍ട്ടിങിലും ഗോവിന്ദന്‍ വിമര്‍ശനം തുടരുന്നു. സഖാക്കള്‍ക്ക് പണത്തോട് ആര്‍ത്തി കൂടുന്നു എന്നതാണ് ഗോവിന്ദന്റെ വിമര്‍ശനം.

എങ്ങനെ സാമ്പത്തിക നേട്ടം ഉണ്ടാക്കാം എന്ന ലക്ഷ്യത്തോടെയാണ് പലരും പാര്‍ട്ടിയിലേക്ക് വരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കുള്ള റിപ്പോര്‍ട്ടിംഗിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ രൂക്ഷ വിമര്‍ശനം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താഴെത്തട്ടില്‍ നിന്നും പാര്‍ട്ടിക്ക് തന്ന കണക്കുകള്‍ പിഴച്ചത് ഗുരുതര വീഴ്ച്ചയാണെന്ന് എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. താഴെത്തട്ടിലുള്ള യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ക്ഷേത്രങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കരുതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കരുത്. പാര്‍ട്ടി അംഗങ്ങള്‍ പോയില്ലെങ്കിലും അനുഭാവികള്‍ ഇടപെടണം. വിശ്വാസികളെയും കൂടെ നിര്‍ത്തണമെന്നും ജനങ്ങളോട് വിനയത്തോടെ പെരുമാറണമെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. മരണവും വിവാഹവും ഉള്‍പ്പെടെ പ്രദേശത്തെ വിഷയങ്ങളില്‍ പാര്‍ട്ടി അംഗങ്ങള്‍ സജീവമായി നില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്ത കരുനാഗപ്പള്ളി റിപ്പോര്‍ട്ടിംഗിലും സഖാക്കളുടെ ധനസമ്പാദനം ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു. പ്രത്യേകിച്ചൊരു തൊഴിലോ മറ്റു മാര്‍ഗമോ ഇല്ലാത്തവര്‍ പെട്ടെന്നു വലിയ സമ്പന്നരായി തീരുന്ന പ്രവണത പാര്‍ട്ടിയില്‍ കണ്ടു വരുന്നതായാണ് അദ്ദേഹം നേരത്തെ വ്യക്തമാക്കിയത്. പുതുതായി പാര്‍ട്ടിയില്‍ എത്തുന്നവരുടെ സമ്പത്ത് ഏതാനും വര്‍ഷം കൊണ്ടു വന്‍തോതില്‍ വര്‍ധിക്കുന്നു. അത്തരക്കാരെ കണ്ടെത്തി കര്‍ശനമായി നടപടിയെടുക്കണം. സഹകരണ സ്ഥാപനങ്ങളില്‍ ചിലര്‍ തുടര്‍ച്ചയായി ഭാരവാഹികളാകുന്നതും ഇത്തരം ദോഷമുണ്ടാക്കുന്നു.

മെറിറ്റ് മറികടന്നുള്ള സ്ഥാനക്കയറ്റം പാര്‍ട്ടിയില്‍ തുടരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ മുന്‍ഗണന ഏതു വിഭാഗങ്ങള്‍ക്കായിരിക്കണമെന്നു പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിക്കും. ഇരുപതോളം വരുന്ന ജനവിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യം കിട്ടാതെ പോയി. ക്ഷേമപെന്‍ഷന്‍ മുടങ്ങിയതും പാനൂരിലെ ബോംബ് സ്‌ഫോടനവും തിരിച്ചടിയായി. ഇടത് അനുകൂല എസ്എന്‍ഡിപി ശാഖകള്‍ പിരിച്ചുവിട്ട് അവിടെ സംഘപരിവാറുകാരെ കൊണ്ടുവരുന്നു. നവോത്ഥാനത്തിനു നേതൃത്വം നല്‍കിയ എസ്എന്‍ഡിപി യോഗത്തെ സംഘപരിവാറിന്റെ കയ്യിലാക്കാന്‍ അനുവദിക്കരുത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ക്ഷേത്ര സമിതികളിലും മറ്റും സജീവമായി ഈ നീക്കം തടയണം. ജനങ്ങളെ മനസ്സിലാക്കുന്നതില്‍ പാര്‍ട്ടി നേതാക്കള്‍ക്കും ഘടകങ്ങള്‍ക്കും വലിയ പിഴവു പറ്റിയെന്നും ഗോവിന്ദന്‍ പറഞ്ഞു.

നേരത്തെ സിപിഎമ്മിനെ വെട്ടിലാക്കി കോഴ വിവാദവും ഉയര്‍ന്നിരുന്നു. കോഴിക്കോട് നിന്നാണ് ആരോപണം ഉയര്‍ന്നത്. പി.എസ്.സി. അംഗമാക്കാമെന്ന് വാഗ്ദാനംചെയ്ത് കോഴ വാങ്ങിയെന്ന പരാതി സിപിഎമ്മിനുള്ളിലാണ് ചര്‍ച്ചയാകുന്നത്. കോഴിക്കോട്ടെ യുവജന നേതാവിനെതിരേയാണ് പരാതി. 60 ലക്ഷംരൂപ നല്‍കാന്‍ ധാരണയുണ്ടാക്കി. ഇതില്‍ 22 ലക്ഷം രൂപ കൈപ്പറ്റി. ഇതേക്കുറിച്ച് സംസ്ഥാനനേതൃത്വം രഹസ്യമായ അന്വേഷണം നടത്തിയപ്പോഴാണ് കളളക്കളി പുറത്തു വന്നത്. തായി പാര്‍ട്ടിക്കുള്ളില്‍ പരാതി. എരിയാസെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നേതാവിനെതിരെയാണ് ആരോപണം. തിങ്കളാഴ്ച കോഴിക്കോട്ട് ജില്ലാകമ്മിറ്റി അടിയന്തരമായി വിളിച്ചിട്ടുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ ഈ യോഗത്തില്‍ പങ്കെടുക്കും. നിര്‍ണായകനടപടി ഉണ്ടായേക്കുമെന്നാണ് സൂചന.

ആരോഗ്യമേഖലയിലെ ഒരാള്‍ക്ക് പി.എസ്.സി. അംഗത്വം നല്‍കാമെന്നായിരുന്നു വാഗ്ദാനം. മന്ത്രി മുഹമ്മദ് റിയാസിന്റെ പേരുപയോഗിച്ചായിരുന്നു തട്ടിപ്പ്. റിയാസിലൂടെ പാര്‍ട്ടി നേതൃത്വത്തിന്റെ അംഗീകാരം വാങ്ങിനല്‍കുമെന്ന് വിശ്വസിപ്പിച്ചു. ഇക്കാര്യത്തില്‍ അന്വേഷണംവേണമെന്ന് റിയാസും പാര്‍ട്ടിയെ അറിയിച്ചു. ഇതോടെയാണ് ജില്ലാ നേതൃയോഗം ചേരാനും തിരുമാനിച്ചത്.

പണം നല്‍കിയിട്ടും അയാള്‍ പി എസ് സി അംഗമായില്ല. ഇതോടെ ആയുഷ് വകുപ്പില്‍ ഉയര്‍ന്നസ്ഥാനം വാഗ്ദാനംചെയ്ത് പണം നല്‍കിയയാളെ വിശ്വസിപ്പിച്ചുനിര്‍ത്തി. ഇതും നടന്നില്ല. ഇതോടെ തട്ടിപ്പിന് ഇരയായ ആള്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കി. നിയമനം വാഗ്ദാനംചെയ്യുന്നതും ഡീല്‍ ഉറപ്പിക്കുന്നതുമായ വിവരങ്ങളുള്ള ശബ്ദസന്ദേശമടക്കം പാര്‍ട്ടിക്ക് ലഭിച്ചെന്നാണ് സൂചന. പക്ഷേ അതീവ രഹസ്യമായി പരാതി കൈകാര്യം ചെയ്യും. പോലീസിന് പരാതി നല്‍കില്ല.