ലണ്ടന്‍: ലോക്‌സഭാ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ക്ക് പിന്നാലെ കനത്ത തിരിച്ചടിയേറ്റ മുഖവുമായാണ് ഇടതു പക്ഷ സര്‍ക്കാര്‍ നാലാം ലോക കേരള സഭയ്ക്ക് വാതില്‍ തുറന്നത്. കഴിഞ്ഞ കാല സമ്മേളനങ്ങള്‍ വെറും വാചകമടിയായി കടലാസില്‍ ഒതുങ്ങിയതിനാല്‍ താല്‍പര്യം നഷ്ടമായ വാര്‍ത്താമാധ്യമങ്ങള്‍ ഏറെക്കുറെ സമ്മേളനം ബഹിഷ്‌കരിച്ച അവസ്ഥയിലും. അതോടൊപ്പം കുവൈത്തില്‍ ഉണ്ടായ അഗ്നി ബാധയില്‍ രണ്ടു ഡസനിലേറെ മലയാളികള്‍ മരിച്ചിട്ടും സമ്മേളനം നടത്തുക എന്ന കാര്യപരിപാടി അരങ്ങേറിയപ്പോള്‍ അവിടെ നടന്നത് എന്തെന്ന് പുറം ലോകം കാര്യമായി അറിഞ്ഞില്ല. അറിഞ്ഞിട്ടും വലിയ പ്രയോജനം ഒന്നും ഇല്ലെന്നു തോന്നിയതിനാല്‍ പ്രസിദ്ധീകരണത്തിന് ലഭിച്ച കുറിപ്പുകള്‍ പോലും പ്രാധാന്യത്തോടെ മാധ്യമങ്ങളില്‍ എത്തിയതുമില്ല. എന്നാല്‍ കഴിഞ മൂന്നു തവണ സംഭവിക്കാത്ത ഒരു കാര്യം ഇത്തവണ നടന്നു. ആദ്യമായി കുടിയേറ്റം സംബന്ധിച്ച ഒരു ചെറു കണക്ക് എങ്കിലും ഔദ്യോഗികമായി പുറത്തു വിടാന്‍ സമ്മേളനത്തിനായി എന്നത് ചെറിയ കാര്യമല്ല.

ഇതാകട്ടെ സമ്മേളന നടത്തിപ്പുകാര്‍ക്ക് ഒരു തരത്തിലും മേന്മ അവകാശപ്പെടാന്‍ കഴിയാത്ത കാര്യം ആയതിനാല്‍ സമ്മേളനത്തില്‍ പങ്കെടുത്ത ബഹുഭൂരിഭാഗം ഇടതു പക്ഷ അനുകൂലികളും തുറന്നു പോലും നോക്കാതെ വിഴുങ്ങുകയും ചെയ്തു. ഒരു ചെറിയ സാമ്പിള്‍ സര്‍വ്വേയുടെ രൂപത്തില്‍ ആണെങ്കില്‍ പോലും കേരള മൈഗ്രേഷന്‍ സര്‍വേ നല്‍കുന്ന കണക്കുകള്‍ പ്രകാരം വിദ്യാഭ്യാസത്തിനായി നാട് വിടുന്ന ചെറുപ്പക്കാരുടെ എണ്ണം ഇരട്ടിയായി എന്നതാണ്.

ഇതിനര്‍ത്ഥം എത്ര വലിയ സമ്മര്‍ദ്ദ ചെലുത്തിയാലും വരും വര്‍ഷങ്ങളിലും പോകാന്‍ പറ്റുന്ന നാടുകളിലേക്ക് മലയാളി ചെറുപ്പക്കാര്‍ കൂട്ടമായി ഒഴുകും എന്ന് തന്നെയാണ്. ഈ വാസ്തവം മുന്നില്‍ നില്‍ക്കെ കേരളത്തേക്കാള്‍ വലുതും ജനസംഖ്യയും ഉള്ള സംസ്ഥാനങ്ങളില്‍ നിന്നും പുറം രാജ്യങ്ങളിലേക്ക് പോകുന്നവരുടെ എണ്ണം ചൂണ്ടിക്കാട്ടി ദുര്‍ബല പ്രതിരോധത്തിന് ഇറങ്ങുന്ന സര്‍ക്കാര്‍ അനുകൂല കാപ്സ്യുല്‍ വിതരണക്കാര്‍ക്ക് പോലും നിശ്ചയമുണ്ട് കേരളത്തില്‍ തങ്ങള്‍ക്ക് അനുകൂലമായ സാഹചര്യം ഇല്ലാത്തതിനാലാണ് ചെറുപ്പക്കാര്‍ കൂട്ടമായി നാട് വിടുന്നത് എന്ന വാസ്തവം.

ഈ കുടിയേറ്റ ട്രെന്‍ഡ് മൂലം കേരളത്തില്‍ നിന്നും പുറം നാടുകളിലേക്ക് ഒഴുകുന്ന ആയിരക്കണക്കിന് കോടി രൂപയില്‍ ചെറിയൊരു വിഹിതം പോലും വിദ്യാര്‍ത്ഥി വിസക്കാരില്‍ നിന്നും തിരിച്ചൊഴുകില്ല എന്ന വാസ്തവവും ഇപ്പോള്‍ കേരളത്തെ തുറിച്ചു നോക്കുകയാണ്. മുന്‍ കാലങ്ങളില്‍ വിദേശ നാടുകളില്‍ നിന്നും കേരളത്തിലേക്ക് പണം എത്തിക്കുന്ന രംഗത്താണ് കറന്‍സി വിനിമയ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ കേരളമെങ്ങും കാണുന്ന പരസ്യ ഫലകങ്ങള്‍ കേരളത്തില്‍ നിന്നും വിദേശ നാടുകളിലേക്ക് എങ്ങനെ പണം വേഗത്തില്‍ എത്തിക്കാമെന്ന മാര്‍ഗങ്ങളാണ്.

അതിനര്‍ത്ഥം കേരളത്തില്‍ ട്രെന്‍ഡ് തന്നെ മാറുകയാണ്. എങ്ങനെയും സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുക, മാതാപിതാക്കള്‍ സമ്പാദിച്ചതോ വായ്പ എടുത്തതോ ജോലിയില്‍ നിന്നും വിരമിച്ചപ്പോള്‍ കിട്ടിയ ആനുകൂല്യമോ കൈക്കലാക്കി നാടുവിടുക എന്ന ട്രെന്‍ഡിനു പുറകെ മലയാളി യുവത്വം കയ്യും കണക്കും ഇല്ലാതെ പായുമ്പോള്‍ അതിനെ എങ്ങനെ പ്രതിരോധിക്കും എന്ന് പോലും പിടിയില്ലാത്ത സര്‍ക്കാരിന് മുന്നിലേക്കാണ് കേരള മൈഗ്രേഷന്‍ സര്‍വേയുടെ ഞെട്ടിക്കുന്ന കണക്കുകള്‍ തുറിച്ചു നോക്കുന്നത്. കേരളം തന്നെ നടത്തിയ പഠന റിപ്പോര്‍ട്ട് ആയതിനാല്‍ കണ്ണടച്ച് കണക്കുകള്‍ തെറ്റാണെന്ന് പറയാനും വയ്യാത്ത ഗതികേടിലാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍.

ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റ്‌റെ ഓഫ് മൈഗ്രെഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് - ഐഐഎംഡി - യും ഗുലാത്തി ഇന്‍സ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷനും ചേര്‍ന്ന് നടത്തിയ പഠനമാണ് ലോക കേരള സഭയില്‍ പ്രത്യക്ഷപ്പെട്ടത്. ഈ പഠനത്തില്‍ 2023ല്‍ 22 ലക്ഷം പേര് കേരളം വിട്ടതായി പറയുന്നു. അതേസമയം അഞ്ചു വര്‍ഷം മുന്‍പ് കേരളത്തില്‍ നിന്നും വിദേശത്തതു പോയിരുന്നത് 1,29,768 വിദ്യാര്‍ത്ഥികള്‍ ആയിരുന്നത് ഇപ്പോള്‍ രണ്ടര ലക്ഷമായി ഉയര്‍ന്നു. അതായത് ഇരട്ടിയോളം.

കണക്കുകള്‍ അനുസരിച്ചു കേരളത്തില്‍ നിന്നും കുടിയേറുന്നവരില്‍ 11 ശതമാനത്തില്‍ അധികവും വിദ്യാര്‍ത്ഥികളാണ്. ജില്ലാ തിരിച്ചുള്ള കണക്കില്‍ എറണാകുളവും തൃശൂരും കോട്ടയവുമാണ് മുന്നില്‍. യഥാക്രമം 43,990, 35,783, 35,382 എന്നതാണ് ഈ ജില്ലകളില്‍ നിന്നും വിദേശത്തു പോയ ചെറുപ്പക്കാരായ വിദ്യാര്‍ത്ഥികളുടെ എണ്ണം. ഏറ്റവും കുറവ് പേര് വിദേശത്തു പോയത് വയനാട്ടില്‍ നിന്നുമാണ്, 3750 പേര്‍. വിദേശ പഠനത്തിന് പോകുന്നവരില്‍ നാലില്‍ ഒന്നും ലക്ഷ്യം വയ്ക്കുന്നത് ബ്രിട്ടനിലേക്കാണ്. അഞ്ചില്‍ ഒരാള്‍ക്ക് മാത്രമാണ് കാനഡയോട് താല്‍പര്യം.

സംസ്ഥാനത്തെ വിദ്യാഭ്യസ അടിസ്ഥാന സൗകര്യങ്ങള്‍ അടിയന്തിരമായി മെച്ചപ്പെടുത്തണം എന്ന ശുപാര്‍ശയോടെയാണ് പഠന റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. കുടിയേറ്റക്കാരായ വിദ്യാര്‍ത്ഥികള്‍ കൃത്യമായ ധാരണ ഇല്ലാതെയാണ് വിദേശത്തേക്ക് പോകുന്നതെന്ന നിരന്തരമുള്ള മാധ്യമ വിമര്‍ശവും ഈ പഠന റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശയായി ഉള്‍പെടുത്തിയതും ശ്രദ്ധേയമായി. റിക്രൂട് എജന്‍സികളെ നിയന്ത്രിക്കണം എന്ന ശുപാര്‍ശ മൈഗ്രേഷന്‍ സര്‍വേയില്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയിട്ടുണ്ടെങ്കിലും കേരളത്തില്‍ അനധികൃതമായി ഇപ്പോഴും പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് അനധികൃത വിദ്യാഭ്യസ കണ്‍സള്‍ട്ടന്‍സികളെയും ഏജന്‍സികളെയും ആര് നിയന്ത്രിക്കും എന്ന ചോദ്യമാണ് ഇപ്പോള്‍ സര്‍ക്കാരിന് നേര്‍ക്ക് ഉയരുന്നത്. നിലവാരമില്ലാത്ത ഐഇഎല്‍ടിഎസ്, ഒഇടി, ജര്‍മന്‍ ഭാഷ പഠന കേന്ദ്രങ്ങളുടെ വിശ്വാസ്യതയും പഠന റിപ്പോര്‍ട്ടില്‍ ചോദ്യം ചെയ്യുന്നുണ്ട്. വിദേശ പഠനത്തിന് പോകുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവരെ തിരിച്ചു വരാന്‍ പ്രേരിപ്പിച്ചില്ലെങ്കില്‍ കേരളം ഗുരുതരമായ ഭവിഷ്യത്ത് നേരിടും എന്ന മുന്നറിയിപ്പും സര്‍വേ നല്‍കുന്നത് നിസാരമായി കാണാനാകില്ല.

വടക്കന്‍ കേരളത്തില്‍ നിന്നുമാണ് ഏറ്റവും അധികം മലയാളികള്‍ വിദേശ നാട് തേടിപോകുന്നത് എന്നതും പഠനം ഉയര്‍ത്തിക്കാട്ടുന്നു. ഏറ്റവും അധികം വിദേശ മലയാളികള്‍ ഉള്ള സ്ഥലമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് മലപ്പുറത്തെ തിരൂരാണ്. തൊട്ടു പിന്നാലെ തലശ്ശേരിയും തിരൂരങ്ങാടിയും, ഇവരൊക്കെയും ഗള്‍ഫ് നാടുകളെ ആശ്രയിക്കുന്ന വിദേശ മലയാളികളാണ്. ഏറ്റവും കൂടുതല്‍ ആളുകള്‍ വിദേശത്തു പോയ ആദ്യ പത്തു സ്ഥലങ്ങളില്‍ എട്ടും വടക്കന്‍ ജില്ലകളിലാണ്.

കഴിഞ്ഞ വര്‍ഷം മലപ്പുറത്ത് നിന്നും മാത്രമായി മൂന്നേമുക്കാല്‍ ലക്ഷം മലയാളികളാണ് വിദേശ നാട് തേടിപ്പോയത്. ഗള്‍ഫ് രാജ്യങ്ങളിലെ കണക്കില്‍ ദുബായിലും സൗദിയിലുമാണ് ഏറ്റവും കൂടുതല്‍ മലയാളികള്‍ എത്തിയിരിക്കുന്നത്. ആകെ പ്രവാസികളില്‍ 80 ശതമാനവും ഗള്‍ഫ് രാജ്യങ്ങളില്‍ ആണെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഗള്‍ഫിന്റെ ആധിപത്യം പ്രവാസികള്‍ക്ക് ഇടയില്‍ കുറയുകയാണ് എന്നും കണക്കുകളില്‍ വ്യക്തമാണ്. കാല്‍ നൂറ്റാണ്ട് മുന്‍പ് ഗള്‍ഫ് മലയാളികളുടെ എണ്ണം 93 ശതമാനം ആയിരുന്നത് ഇപ്പോള്‍ 80 ശതമാനത്തിലേക്ക് താഴ്ന്നത് വലിയ മാറ്റമാണ്.