ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവിക സേനയ്ക്ക് മുതല്‍ക്കൂട്ടാവുന്ന കണ്ടുപിടുത്തം നടത്താന്‍ കൊച്ചിയിലെ ഐറോവ് സ്റ്റാര്‍ട്ടപ്പിന് പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിന്റെ (ഡിആര്‍ഡിഒ) ധനസഹായം. കപ്പലുകളും ബോട്ടുകളും മറ്റും തകര്‍ക്കാന്‍ ശത്രുക്കള്‍ വെള്ളത്തിനടിയില്‍ സ്ഥാപിക്കുന്ന മൈനുകള്‍ കണ്ടെത്തി നിര്‍വീര്യമാക്കുന്ന അണ്ടര്‍ വാട്ടര്‍ ഡ്രോണ്‍ ആണ് ഐറോവ് വികസിപ്പിക്കുക.

സേനകള്‍ക്ക് ആവശ്യമായ സാങ്കേതികവിദ്യകള്‍ സ്വകാര്യപങ്കാളിത്തത്തോടെ വികസിപ്പിക്കുന്ന 'ടെക്‌നോളജി ഡവലപ്‌മെന്റ് ഫണ്ട്' പദ്ധതിയിലാണ് ഐറോവ് അടക്കം ഏഴ് കമ്പനികളുടെ പദ്ധതികള്‍ തിരഞ്ഞെടുക്കപ്പെട്ടത്. കേരളത്തില്‍നിന്ന് ഐറോവ് മാത്രമാണുള്ളത്. ഓരോ കമ്പനിക്കും ഡിആര്‍ഡിഒ നല്‍കുന്ന ഫണ്ട് എത്രയെന്നു വെളിപ്പെടുത്തിയിട്ടില്ല.

രണ്ട് കിലോമീറ്ററോളം സഞ്ചരിക്കാവുന്ന ഡ്രോണുകളാകും ഐറോവ് നിര്‍മിക്കുക. നിലവില്‍ ഐറോവ് വികസിപ്പിക്കുന്ന ഡ്രോണുകളുടെ സഞ്ചാരപരിധി 400 മീറ്ററാണ്. ഡ്രോണ്‍ പ്രവര്‍ത്തിപ്പിക്കുന്ന സംഘാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണു ദൂരപരിധി കൂട്ടുന്നത്. പദ്ധതി പൂര്‍ത്തിയാക്കാന്‍ 18 മാസമാണു ലഭിക്കുക.

ഐറോവ് സ്ഥാപകനായ ജോണ്‍സ് ടി.മത്തായിക്കും സംഘത്തിനും 2022ല്‍ ഡിആര്‍ഡിഒ സംഘടിപ്പിച്ച 'ഡെയര്‍ ടു ഡ്രീം' മത്സരത്തില്‍ ഒന്നാം സമ്മാനം (5 ലക്ഷം രൂപ) ലഭിച്ചിരുന്നു. 2023 ഡിസംബര്‍ വരെയുള്ള കണക്കനുസരിച്ച് ഏകദേശം 70 പ്രോജക്ടുകള്‍ക്ക് 291.25 കോടി രൂപയാണ് ഡിആര്‍ഡിഒ നല്‍കിയത്.