തിരുവനന്തപുരം: കഴക്കുട്ടത്ത് ട്രെയിനില്‍ കടത്തിക്കൊണ്ടുവന്ന എം.ഡി.എം.എ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവിനെ തുമ്പ പൊലീസ് അറസ്റ്റ് ചെയ്തു. പ്രാവച്ചമ്പലം സ്വദേശി വിഷ്ണു (29) ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് 150 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. വിപണിയില്‍ നാലര ലക്ഷം രൂപ വിലവരുമെന്ന് പൊലീസ് പറഞ്ഞു. മൈസുൂരു - കൊച്ചുവേളി ട്രെയിനിലെത്തിയ ഇയാള്‍ കഴക്കൂട്ടം റെയില്‍വെ സ്റ്റേഷനിലിറങ്ങി സമീപത്തെ ഇടവഴിയില്‍ എം.ഡി.എം.എ. കൈമാറാന്‍ കാത്തു നില്‍ക്കുമ്പോഴാണ് പൊലീസിന്റെ പിടിയിലായത്.

നേമം സ്വദേശിക്കായി ബാംഗളുരുവില്‍ നിന്നാണ് എം.ഡി.എം.എ. വാങ്ങിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍ എം.ഡി.എം.എ. വാങ്ങാനെത്തുമെന്ന് കരുതിയ നേമം സ്വദേശി പൊലീസിന്റെ കണ്ണു വെട്ടിച്ച് രക്ഷപ്പെട്ടു. രഹസ്യ വിവരത്തെത്തുടര്‍ന്ന് സിറ്റി ഡാന്‍സാഫ് ടീമും തുമ്പ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വിഷ്ണു കുടുങ്ങിയത്. എം.ഡി.എം.എ.യുമായി ഇയാള്‍ നേരത്തേ എക്‌സൈസിന്റെ പിടിയിലായി അഞ്ചു മാസം ജയില്‍ ശിക്ഷ കഴിഞ്ഞ് ഒരു മാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. വിഷ്ണുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് തുമ്പ പൊലീസ് അറിയിച്ചു.