അങ്കോല: പുഴയുടെ മണ്‍കൂനയ്ക്കകത്ത് അര്‍ജുന്റെ ട്രക്ക് അകപ്പെട്ടോയെന്ന സംശയം ബലപ്പെടുമ്പോഴും അവ്യക്തതകള്‍ പലത്. 16ന് രാവിലെയാണ് മണ്ണിടിഞ്ഞ് കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനെയും ഓടിച്ചിരുന്ന ട്രക്കും കാണാതായത്. അങ്ങനെയെങ്കില്‍ അപകടമുണ്ടായശേഷം അര്‍ജുന്റെ ഫോണ്‍ റിങ് ചെയ്തെന്നും ലോറിയുടെ എന്‍ജിന്‍ ഓണായന്നുമുള്ള വാദങ്ങള്‍ എങ്ങനെ പൊരുത്തപ്പെടും എന്ന സംശയവും ബാക്കിയാവുകയാണ്.

അന്ന് രാവിലെ ആറുവരെയുള്ള പ്രദേശത്തിന്റെ ഉപഗ്രഹ ചിത്രം ഐഎസ്ആര്‍ഒ ശേഖരിച്ച് ഉത്തര കന്നഡ ജില്ലാ അധികൃതര്‍ക്ക് നല്‍കിയിരുന്നു. ആ സമയം അര്‍ജുന്‍ ട്രക്ക് പാര്‍ക്ക് ചെയ്തിട്ടുണ്ടെങ്കില്‍, അതിന്റെ സ്ഥാനം അറിയുന്നത് പുഴയിലെ തിരച്ചിലില്‍ നിര്‍ണായകമാകുമെന്നാണ് പ്രതീക്ഷയുണ്ടായിരുന്നത്. എന്നാല്‍ ഈ ഉപഗ്രഹ ചിത്രം ഗുണകരമായില്ലെന്നും വിലയിരുത്തലുണ്ട്.

അതിനിടെ ഷിരൂരില്‍ മണ്ണിടിച്ചലുണ്ടായ ദിവസം പുലര്‍ച്ചെ അര്‍ജുന്റെ ട്രക്ക് കടന്ന് പോയ റോഡുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. അപകടം ഉണ്ടാകുന്നതിന് മുമ്പുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. കന്യാകുമാരി - പന്‍വേല്‍ ദേശീയ പാതയിലെ വിവിധ പെട്രോള്‍ പമ്പുകളില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. ഷിരൂരിന് ഏറ്റവും അടുത്തുള്ള പമ്പുകളില്‍ വ്യക്തമായ സിസിടിവി ദൃശ്യങ്ങളില്‍ അര്‍ജുന്റെ ട്രക്ക് പോകുന്നത് കാണുന്നുണ്ട്.

അര്‍ജുന്റെ ട്രക്കിന്റെ സഞ്ചാരപാത ഏതാണ്ട് ഇതില്‍ നിന്ന് വ്യക്തമാണ്. ബെലഗാവിയില്‍ നിന്ന് വന്ന ട്രക്ക് 16-ന് പുലര്‍ച്ചെ 1.42-നും, 2.46-നും കടന്ന് പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അതിനിടെ സൈന്യം ഇനിയും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായുണ്ടാകും. ഉടന്‍ ദൗത്യത്തിന്റെ ഭാഗമാകുമെന്നും ലോറി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും മേജര്‍ ജനറല്‍ എം. ഇന്ദ്രബാലന്‍ പറഞ്ഞു. ഏറ്റവും പുതിയ ടെക്‌നോളജി ഉപയോഗിക്കും. വിദഗ്ധ സംഘം ഡല്‍ഹിയില്‍ സജ്ജമാണ്. ഉപകരണങ്ങള്‍ എത്തിക്കാനുള്ള അനുമതിക്ക് കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രോ കൈമാറിയ ദൃശ്യങ്ങളില്‍ നിന്ന് സൂചനകളില്ലെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ പറഞ്ഞു. ദുരന്തം നടന്നതിന് മുമ്പും ശേഷവും ഉള്ള ചിത്രങ്ങള്‍ ജില്ലാ ഭരണകൂടത്തിന് കിട്ടി. ദുരന്തം നടന്ന ദിവസം പുലര്‍ച്ചെ ആറ് മണിക്ക് ഉള്ള സാറ്റലൈറ്റ് ചിത്രമാണ് ഇസ്രോ കൈമാറിയത്. 16-ന് പുലര്‍ച്ചെയുള്ള ചിത്രങ്ങള്‍ ആകെ കാര്‍മേഘം മൂടിയ നിലയില്‍ ആണ്. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തെ ദൃശ്യം ഒന്നും കൃത്യമായി ലഭിച്ചിട്ടില്ലെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

ആ ദൃശ്യത്തില്‍ നിന്ന് അര്‍ജുന്റെ വാഹനമടക്കം കണ്ട് പിടിക്കാന്‍ വഴിയില്ല. ദുരന്തശേഷം ശേഖരിച്ച സാറ്റലൈറ്റ് ദൃശ്യം ലോറി വീണ്ടെടുക്കാന്‍ ഉപകരിക്കും. ജില്ലാ ഭരണകൂടം ആവശ്യപ്പെട്ട പ്രകാരം മേഘങ്ങളില്ലാത്ത സമയത്ത് നദിയുടെ ചിത്രങ്ങള്‍ ആര്‍സിഎസ് പകര്‍ത്തിയിട്ടുണ്ട്. ഇത് ഉപയോഗിച്ച് എത്രത്തോളം മണ്ണ്, എത്ര വ്യാപ്തിയില്‍ വീണിട്ടുണ്ട് എന്നതില്‍ പ്രാഥമിക വിലയിരുത്തല്‍ നടത്തിയിട്ടുണ്ട്. ആ വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാകും പുഴയിലെ തെരച്ചില്‍ നടക്കുക.