അടൂര്‍: തെരുവുനായയുടെ ആക്രമണത്തില്‍ നിന്ന് ഭാര്യാ മാതാവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മന്ത്രിയുടെ ഡ്രൈവര്‍ക്ക് നാവില്‍ കടിയേറ്റും. കൃഷിമന്ത്രി പി. പ്രസാദിന്റെ ഡ്രൈവര്‍ അടൂര്‍ മേലൂട് സ്വദേശി ശശി(54), ഭാര്യാ മാതാവ് ഭാരതി(64) എന്നിവരെയാണ് നായ കടിച്ചത്. ഇവരെ കൂടാതെ അഞ്ചു പേര്‍ക്ക് കൂടി നായയുടെ കടിയേറ്റു.

പന്നിവിഴ സ്വദേശിനി അനുജ(43), കോട്ടപ്പുറം സ്വദേശി ശ്യാം(36), വിദ്യാര്‍ഥിയും ചായലോട് സ്വദേശിയുമായ ആല്‍വിന്‍(11), ആനന്ദപ്പള്ളി സ്വദേശി ഗോപാലന്‍(75), അടൂര്‍ സ്വദേശി ജോര്‍ജ്കുട്ടി(70) എന്നിവരെയും തെരുവുനായ ആക്രമണിച്ചു. ക്ലാസ് കഴിഞ്ഞ് വരും വഴി കെ.എസ്.ആര്‍.ടി.സി.ബസ് സ്റ്റാന്‍ഡില്‍ ബസിറങ്ങിയ വിദ്യാര്‍ഥിയായ ആല്‍വിനെയാണ് നായ ആദ്യം കടിച്ചത്. പിന്നീട് സ്റ്റാന്‍ഡിന് സമീപം വ്യാപാരം നടത്തുന്ന അനുജയെ കടിച്ചു. തുടര്‍ന്ന് കടയില്‍ നിന്ന അമ്മയേയും മകളേയും നായ കടിക്കാന്‍ ശ്രമിച്ചു. ഇവര്‍ ബഹളം വച്ചതോടെ നായ ഓടി രക്ഷപ്പെട്ടു.

തുടര്‍ന്ന് ജനറല്‍ ആശുപത്രിയ്ക്കു സമീപം വച്ച് ഭാരതിയെ നായ കടിച്ചു. ഇവരുടെ മൂക്കിനാണ് കടിയേറ്റത്. ഭാരതിയെ കടിക്കുന്നതു കണ്ട കൃഷിമന്ത്രിയുടെ ഡ്രൈവര്‍ ശശി ബാഗു വച്ച് നേരിടുന്ന സമയത്താണ് നായ കുതിച്ചു ചാടി നാക്കില്‍ കടിച്ചത്. നായ പിന്നീട് ഓടിപ്പോയി. പരുക്കേറ്റവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് കുത്തിവയ്പ് നല്‍കി.