ആലപ്പുഴ: നിയന്ത്രണംവിട്ട കാര്‍ വൈദ്യുതിത്തൂണിലും തെങ്ങിലും ഇടിച്ചുമറിഞ്ഞ് രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മരിച്ചു. മൂന്നു പേര്‍ക്കു പരുക്കേറ്റു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മാരാരിക്കുളം തെക്ക് പഞ്ചായത്ത് നാലാംവാര്‍ഡ് എല്‍.ജി. നിവാസില്‍ എം. രജീഷ് (37), മാരാരിക്കുളം തെക്ക് പഞ്ചായത്ത് നാലാം വാര്‍ഡ് കരോട്ടുവെളി അനന്തു (28) എന്നിവരാണു മരിച്ചത്. ഞായറാഴ്ച രാത്രി ഒന്‍പതോടെ കലവൂര്‍ മാരന്‍കുളങ്ങര-പ്രീതികുളങ്ങര റോഡിലായിരുന്നു അപകടം.

അപകടത്തില്‍ പരിക്കേറ്റ സുഹൃത്തുക്കളായ പീലിക്കകത്തു വെളി അഖില്‍ (27), കരോട്ടു വെളി സുജിത്ത് (26), സദാശിവം വീട്ടില്‍ അശ്വിന്‍ (21) എന്നിവരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി ഒന്‍പതോടെ പ്രീതികുളങ്ങര തെക്കായിരുന്നു അപകടം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ രജീഷും സുഹൃത്തുക്കളും മാരന്‍കുളങ്ങരയില്‍ നിന്നു കാറില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.

നിയന്ത്രണംവിട്ട കാര്‍ റോഡിലെ വളവില്‍ നിന്ന വൈദ്യുതിത്തൂണിലിടിച്ചശേഷം തോടിനുകുറുകെച്ചാടി സമീപവാസിയായ ദ്വാരകയില്‍ വിജയകുമാറിന്റെ വീട്ടുമുറ്റത്തുനിന്ന തെങ്ങിലിടിച്ച ശേഷം വീടിന്റെ ഭിത്തിയിലും ഇടിച്ച് മറിയുകയായിരുന്നു. കാറിന്റെ വലതുവശാണ് വീടിന്റെ ഭിത്തിയില്‍ ഇടിച്ചത്. അപകടശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കാര്‍ വെട്ടിപ്പൊളിച്ചാണ് അഞ്ചുപേരെയും പുറത്തെടുത്തത്. ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചശേഷമാണ് ഇരുവരും മരിച്ചത്.

കലുങ്കിന്റെ കൈവരി ഇല്ലാത്ത ഭാഗത്തുകുടി കയറി സമീപത്തെ വീടിന്റെ ഭിത്തിയിലേക്ക് ഇടിച്ചു കയറിയത്. ശബ്ദം കേട്ടു നാട്ടുകാരും വീട്ടുകാരും ഓടിയെത്തിയപ്പോള്‍ കാര്‍ മറിഞ്ഞ നിലയിലായിരുന്നു. തുടര്‍ന്ന് മണ്ണഞ്ചേരി പൊലീസും അഗ്‌നിശമന രക്ഷാസേനയും എത്തി കാര്‍ നേരെയാക്കി യാത്രക്കാരെ പുറത്തെടുത്തു. രജീഷിനെ പൊലീസ് ജീപ്പിലും മറ്റുള്ളവരെ സ്വകാര്യവാഹനങ്ങളിലുമാണ് ആശുപത്രിയില്‍ എത്തിച്ചത്. അപകട സമയത്ത് അശ്വിനാണ് കാറോടിച്ചിരുന്നത്. സി.പി.എം. വളവനാട് ലോക്കല്‍ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ. മാരാരിക്കുളം ഏരിയ കമ്മിറ്റി സെക്രട്ടറിയുമാണ് രജീഷ്. അച്ഛന്‍: മണിയപ്പന്‍. അമ്മ: ഓമന. സഹോദരി: റാണി.

കയര്‍ഫെഡ് ജീവനക്കാരനാണ് മരിച്ച അനന്തു. അച്ഛന്‍: പരേതനായ ഓമനക്കുട്ടന്‍. അമ്മ: ബീന. സഹോദരന്‍: അര്‍ജുന്‍. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് വളവനാട് ഡിവിഷനിലെ അംഗമായ രജീഷ് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനാണ്. മണിയപ്പന്‍-ഓമന ദമ്പതികളുടെ മകനാണ്. സഹോദരി: റാണി.