തളിപ്പറമ്പ്: രാത്രിയില്‍ ജോലി കഴിഞ്ഞ് വീട്ടില്‍ പോകനായി ബൈക്കിന് അടുത്തെത്തിയ യുവാവ് കണ്ടത് ബൈക്കിന് മുകളില്‍ പടം പൊഴിക്കുന്ന പെരുമ്പാമ്പിനെ. നഗരത്തിലെ റോഡരികിലാണ് സംഭവം. രാത്രിയുടെ ഇരുട്ടിലും യുവാവ് പാമ്പിനെ കണ്ടതിനാല്‍ വലി യ അപകടം ഒഴിവായി. തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡിലുള്ള സ്റ്റാളിലെ ജീവനക്കാരനായ അരിയില്‍ റഷീദ് പകല്‍ ജനത്തിരക്കേറിയ മാര്‍ക്കറ്റ് റോഡില്‍ നിര്‍ത്തിയിട്ട ബൈക്കിലാണ് രാത്രിയോടെ പെരുമ്പാമ്പിന്റെ കുഞ്ഞ് കയറി പറ്റി പടംപൊഴിക്കാന്‍ ആരംഭിച്ചത്. റഷീദിനെ കണ്ട് പാമ്പ് ബൈക്കിന്റെ ഹെഡ് ലൈറ്റിനുള്ളിലേക്ക് കയറി.

എത്ര ശ്രമിച്ചിട്ടും പാമ്പിനെ പുറത്തെടുക്കാന്‍ സാധിക്കാതെ വന്നതോടെ വനംവകുപ്പിന്റെ വൈല്‍ഡ് ലൈഫ് റെസ്‌ക്യൂവര്‍ അനില്‍ തൃച്ചംബരത്തിന്റെ സഹായം തേടി. ഹെഡ് ലൈറ്റ് അഴിച്ചാണ് പാമ്പിനെ കണ്ടെത്തിയത്. പൊതുവേ പാമ്പുകള്‍ 45 ദിവസം കൂടുമ്പോഴാണ് തൊലി പൊഴിക്കാറെന്നും മുട്ട വിരിഞ്ഞ് പുറത്തിറങ്ങിയ പാമ്പിന്‍കുഞ്ഞുങ്ങള്‍ ആദ്യത്തെ 7 ദിവസം കൊണ്ട് തൊലി പൊഴിക്കാറുണ്ടെന്നും അനില്‍ പറയുന്നു.