കൊച്ചി: മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാർക്ക് പത്ത് ശതമാനം സംവരണം ഏർപ്പെടുത്തിയ സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ എതിർപ്പുമായി ലത്തീൻ കത്തോലിക്കാ സഭയും. മുസ്ലിം, ഈഴവ സമുദായങ്ങൾ എതിർപ്പുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ഈ വിഷയത്തിൽ ലത്തീൻ കത്തോലിക്കാ സഭയും എതിർപ്പുയർത്തി രംഗത്തുവന്നത്.

തെരഞ്ഞെടുപ്പ് അടുത്തതോടെ സവർണ, വരേണ്യ വിഭാഗത്തിനുള്ള തെരഞ്ഞെടുപ്പ് കാല സമ്മാനമാണിതെന്നും കെസിബിസി ഇത് സ്വാഗതം ചെയ്യരുതെന്നും ലത്തീൻ കത്തോലിക്ക സഭ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉയർത്തി നേതൃത്വം കെസിബിസി പ്രസിഡണ്ട് കർദിനാൾ ജോർജ്ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്‌ച്ച നടത്തി. കെആർഎൽസിസി വക്താവ് ഷാജി ജോർജ്, ജനറൽ സെക്രട്ടറി ഫാ.ഫ്രാൻസിസ് സേവ്യർ, ഫാ.തോമസ് തറയിൽ , കെഎൽസിഎ നേതാക്കളായ അഡ്വ.ഷെറി തോമസ് , ജോസഫ് ജുഡ് എന്നിവരാണ് കൂടിക്കാഴ്‌ച്ചയിൽ പങ്കെടുത്തത്.

ലത്തീൻ കത്തോലിക്ക സഭ എതിർപ്പുമായി രംഗത്തെത്തെത്തിയതോടെ പ്രതിരോധത്തിലായിരിക്കുകയാണ് കെസിബിസി. വിഷയത്തിൽ ഒരു പൊതു നിലപാട് പ്രഖ്യാപിക്കാൻ നേതൃത്വത്തിന് കഴിയുന്നില്ല. മുന്നാക്ക സംവരണത്തെ ആവേശത്തോടെ സ്വീകരിക്കുന്ന നിലപാടായിരുന്നു സീറോ-മലബാർ സഭയുടേത്. സഭയുടെ രൂപതകളും മെത്രാന്മാരും ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ ലത്തീൻ കത്തോലിക്ക സഭയാകട്ടെ സംവരണത്തെ ശക്തമായി എതിർക്കുകയാണ്.

മലങ്കര കത്തോലിക്കാ സഭ , ലത്തീൻ സഭ , സീറോ-മലബാർ സഭ എന്നീ സഭകളുടെ കൂട്ടായ്മയായ കെസിബിസി യുടെ ഇപ്പോഴത്തെ തലവനായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി സീറോ-മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പു കൂടിയാണ്. ഈ വിഷയത്തിൽ ലത്തീൻ സഭയുടെ കടുത്ത എതിർപ്പും , മലങ്കര സഭയുടെ നിലപാടില്ലായ്മയും കാരണം സീറോ മലബാർ സഭയുടെ നിലപാട് പോലും പ്രഖ്യാപിക്കാനാകാത്ത അവസ്ഥയിലാണ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുൻപേ മുന്നാക്ക സംവരണ വിഷയത്തിൽ കേരള കത്തോലിക്ക മെത്രാൻ സമ്മതി നയം വ്യക്തമാക്കണമെന്ന് ഇരുപക്ഷവും നിലപാട് കടുപ്പിച്ചതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് കെസിബിസി നേതൃത്വം.