ഹൈദരാബാദ്: തെലങ്കാനയിൽ അഭിഭാഷക ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തിൽ വ്യാപക പ്രതിഷേധം. സംഭവത്തിനി പിന്നിൽ ടിആർഎസ് നേതാക്കളാണെന്ന് വ്യക്തമായതോടെയാണ് പ്രതിഷേധം ഇരമ്പുന്നത്. സംഭവത്തിൽ പ്രാദേശിക ടിആർഎസ് നേതാവിനെ ഒന്നാം പ്രതിയാക്കി എഫ്‌ഐആർ തയ്യാറാക്കിയിട്ടുണ്ട്. ഇയാളും സഹായിയും ഇരുവരെയും ആക്രമിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. ഇതോടെയാ് അഭിഭാഷകർ കൂട്ടത്തോടെ പ്രതിഷേധം ഉയർത്തിയത്.

കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹർജി നൽകി. വിവിധ നേതാക്കൾ രാവിലെ ആശുപത്രിയിൽ എത്തി. സംസ്ഥാനത്ത് നിയമ വ്യവസ്ഥ നശിച്ചെന്നു ബിജെപി ആരോപിച്ചു. അഭിഭാഷക ദമ്പതികളെ നടുറോഡിൽ ഇട്ട് വെട്ടിക്കൊല്ലുകയായിരുന്നു. ഹൈക്കോടതി അഭിഭാഷകരായ വമൻ റാവു, ഭാര്യ നാഗമണി എന്നിവരാണ് കൊല്ലപ്പെട്ടത്. സംസ്ഥാനത്ത് പ്രമാദമായ കേസുകൾ വാദിച്ചിരുന്ന ഇരുവരെയും യാത്രക്കിടെ വാഹനത്തിൽനിന്ന് വലിച്ചിറക്കി അക്രമികൾ വെട്ടിക്കൊല്ലുകയായിരുന്നു. ഇരുവർക്കും സുരക്ഷ ഉറപ്പാക്കണമെന്ന് തെലങ്കാന ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു.

പെടപ്പള്ളി ജില്ലയിലൂടെ ഇരുവരും കാറിൽ സഞ്ചരിക്കവേ അക്രമികൾ വലിച്ചിറക്കി വെട്ടിവീഴ്‌ത്തുകയായിരുന്നു. ഏറെ നേരം ചോരവാർന്ന് റോഡിൽ കിടന്ന വമൻ റാവു അക്രമിച്ച ചിലരുടെ പേരുകളും പറഞ്ഞു. ഉടൻ പൊലീസ് സ്ഥലത്തെത്തി ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംസ്ഥാനത്തെ പ്രമാദമായ കേസുകൾ തെലങ്കാന ഹൈക്കോടതിയിൽ വാദിച്ചിരുന്ന അഭിഭാഷകരാണ് ഇരുവരും. ടിആർഎസ് നേതാക്കളടക്കം പ്രതിയായ അനധികൃത സ്വത്തുസമ്പാദന കേസും, ഏറെ വിവാദമായ കസ്റ്റഡി മരണ കേസും കോടതിയുടെ പരിഗണനയിലിരിക്കെയാണ് കൊലപാതകം. നേരത്തെ കേസ് പരിഗണിക്കവേ ഇരുവർക്കും സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി ഡിജിപിയോട് നിർദേശിച്ചിരുന്നു. കൊലപാതകത്തിൽ പ്രതിഷേധിച്ച് ഹൈക്കോടതി മുറ്റത്ത് അഭിഭാഷകർ ധർണ നടത്തി. ചീഫ് ജസ്റ്റിസിന് സംയുക്ത ഹർജിയും നൽകി. അതേസമയം അക്രമികളിൽ ഒരാളും രക്ഷപ്പെടില്ലെന്ന് രാമഗുണ്ടം പൊലീസ് കമ്മീഷണർ പറഞ്ഞു.