കൊച്ചി: കുടുംബ സ്വത്ത് സംബന്ധിച്ച് കേസുമായെത്തിയ യുവതിയെ പ്രണയത്തിലാക്കി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച അഭിഭാഷകനെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളിക്കുന്നതായി ആരോപണം. ദേവികുളം കുഞ്ഞിത്തണ്ണി കൊമ്പാട്ട് ഹൗസിൽ അഡ്വ: പ്രതീഷ് പ്രഭ(42)യെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്യാതെ ഒത്തു കളിക്കുന്നതെന്ന് പരാതിക്കാരിയായ യുവതി പറയുന്നു.

സംഭവത്തെപറ്റി യുവതി പറയുന്നതിങ്ങനെ: 2020 ജൂണിൽ, സിവിൽ കേസ് സംബന്ധിച്ച് പിതാവുമായി യുവതി അഭിഭാഷകനായ പ്രതീഷ് പ്രഭയെ അടിമാലിയിലെ ഓഫീസിൽ കാണാനെത്തി. കേസ് വളരെ വേഗം തീർത്തു തരാമെന്ന് വാഗ്ദാനം ചെയ്ത ഇയാൾ പിന്നീട് യുവതിയുടെ മൊബൈലിലേക്ക് സന്ദേശങ്ങളയച്ചും ഫോൺ വിളിച്ചും സൗഹൃദത്തിലായി. 30 വയസ്സുകാരിയായ യുവതി വീട്ടിൽ വിവാഹാലോചന നടക്കുന്നു എന്ന് പറഞ്ഞപ്പോഴാണ് ഇയാൾക്ക് യുവതിയെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ താൽപര്യമാണെന്നും അറിയിച്ചത്. വിവാഹിതനായ കാര്യം മറച്ചു വച്ചാണ് ഇയാൾ ഇക്കാര്യം പറഞ്ഞത്. ആദ്യം യുവതി വിസമ്മതിച്ചെങ്കിലും വിവാഹം കഴിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതോടെ സമ്മതിക്കുകയായിരുന്നു.

ഇതിനിടെ യുവതി ജോലിയുടെ ആവശ്യത്തിനായി എറണാകുളത്തേക്ക് താമസം മാറ്റി. 2020 ഒക്ടോബർ 2 ന് യുവതിയെ കാണാനായി ഇയാൾ എത്തുകയും ഇന്നോവ കാറിൽ യുവതിയുമായി ചാലക്കുടിയിലേക്ക് യാത്ര പോകുകയും ചെയ്തു. നേരം വൈകിയതിനാൽ അടുത്തെവിടെയെങ്കിലും റൂം എടുത്ത് താമസിക്കാമെന്ന് പ്രതീഷ് പറഞ്ഞു. എന്നാൽ യുവതി സമ്മതിച്ചില്ല. വിവാഹം കഴിക്കാൻ പോകുന്നതല്ലെ.. പിന്നെന്തിനാണ് എതിർക്കുന്നത് എന്നൊക്കെ പറഞ്ഞ് യുവതിയെ സമ്മതിപ്പിക്കുകയും ലോഡ്ജിൽ മുറിയെടുക്കുകയുമായിരുന്നു. വിവാഹത്തിന് മുൻപ് തന്നെ ഒരു രീതിയിലും ബുദ്ധിമുട്ടിക്കരുതെന്ന് യുവതി ഇയാളുടെ ഉറപ്പ് വാങ്ങിയ ശേഷമായിരുന്നു മുറിയിൽ തങ്ങിയത്. ഇവിടെ വച്ച് കൊക്കകോളയിൽ മയക്കുമരുന്ന് കലക്കി യുവതിയെ മയക്കിയ ശേഷം ശാരീരികമായി ഇയാൾ പീഡിപ്പിച്ചു.

പിറ്റേദിവസം മയക്കം വിട്ടുണർന്നതോടെയാണ് താൻ പീഡിപ്പിക്കപ്പെട്ടു എന്ന് യുവതിക്ക് മനസ്സിലായത്. സംഭവത്തിൽ മാനസികമായി തകർന്ന യുവതിയെ രണ്ടു മാസത്തിനുള്ളിൽ വിവാഹം കഴിക്കുമെന്ന് ഉറപ്പ് നൽകി ഇയാൾ ആശ്വസിപ്പിച്ചു. പിന്നീട് ഡിസംബർ 15 ന് വീണ്ടും യുവതിയെ കാണാനെത്തിയ ഇയാൾ വീണ്ടും യുവതിയുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടു. ഇതിനിടെ സ്വർണ്ണാഭരണങ്ങൾ കടം വാങ്ങുകയും ചെയ്തു. വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകി വീണ്ടും ചൂഷണം തുടർന്നു. ഇതിനിടയിൽ ജനുവരിമുതൽ പ്രതീഷ് യുവതിയെ ഒഴിവാക്കാനുള്ള ശ്രമം തുടങ്ങി. ഇത് മനസ്സിലാക്കിയ യുവതി അടിമാലിയിൽ അന്വേഷിച്ചപ്പോഴാണ് ഇയാൾ വിവാഹിതനാണെന്നും തന്നെ കബളിപ്പിക്കുകയായിരുന്നു എന്നും മനസ്സിലാക്കിയത്.

വിവാഹിതനാണെന്ന കാര്യം മറച്ചു വച്ച് തന്നെ വഞ്ചിച്ചതെന്തിനാണെന്ന് യുവതി ചോദിച്ചപ്പോൾ ഭാര്യയെ ഡിവോഴ്സ് ചെയ്തിട്ട് വിവാഹം കഴിക്കാമെന്നായിരുന്നു പ്രതീഷ് പറഞ്ഞത്. ഇതിൽ വിശ്വസിച്ച യുവതി വിവാഹത്തിനായുള്ള കാത്തിരിപ്പിലായിരുന്നു. എന്നാൽ പ്രതീഷ് പിന്നീട് വിവാഹം കഴിക്കാൻ കഴിയില്ല എന്ന് അറിയിച്ചു. ഇതോടെ ഓഗസ്റ്റ് 19 ന് യുവതി പാലാരിവട്ടം പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ യുവതിയുടെ മൊഴി എടുക്കുകയും കേസെടുക്കുകയും ചെയ്തു. മജിസ്ട്രേട്ടിന്റെ മുന്നിൽ യുവതി മൊഴി നൽകുകയും ചെയ്തു. ഇതോടെ പ്രതീഷ് മുൻകൂർ ജാമ്യാപേക്ഷ കോടതിയിൽ നൽകിയെങ്കിലും കോടതി തള്ളി.

പരാതി നൽകി ഒരുമാസം പിന്നിട്ടിട്ടും പ്രതീഷിനെ പിടികൂടാൻ പാലാരിവട്ടം പൊലീസിന് കഴിഞ്ഞിട്ടില്ല. പൊലീസും പ്രതീഷും തമ്മിലുള്ള ഒത്തുകളിയാണ് ഇതിന് പിന്നിലെന്നാണ് യുവതി ആരോപിക്കുന്നത്. ഇതിനിടയിൽ യുവതിക്ക് നേരെ ഇയാൾ വധ ഭീഷണി മുഴക്കുകയും ചെയ്തു. വധഭീഷണിമുഴക്കിയ ഫോൺ രേഖയടക്കം പാലാരിവട്ടം പൊലീസിൽ പരാതി നൽകാനെത്തിയെങ്കിലും പരാതി സ്വീകരിച്ചില്ല എന്നും ആക്ഷേപമുണ്ട്. അതേ സമയം പ്രതി ഒളിവിലായതിനാലാണ് അറസ്റ്റ് ചെയ്യാൻ കഴിയാത്തതെന്ന് പാലാരിവട്ടം പൊലീസ് പറഞ്ഞു. കൂടാതെ യുവതിക്ക് വധ ഭീഷണിയുണ്ടെന്ന പരാതി അറിഞ്ഞില്ലെന്നും പൊലീസ് അറിയിച്ചു.