തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ അഞ്ചാം വർഷത്തെ പ്രവർത്തനങ്ങളുടെ ഫലമായി 100 ദിവസത്തിനുള്ളിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന 100 പദ്ധതികൾപ്രഖ്യാപിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് മഹാമരിക്ക് ഇടയിലും സന്തോഷകരമായ ഓണം മലയാളികൾക്ക് ഉറപ്പുവരുത്താൻ സർക്കാർ പരിശ്രമിച്ചിട്ടുണ്ട് എന്നു പറഞ്ഞു തുടങ്ങിയ മുഖ്യമന്ത്രി സാധാരണക്കാരുടെ ജീവിതത്തിന് സഹായകമായ വാഗ്ദാനങ്ങളാണ് തുടർന്ന് പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പു കാലം വരുന്ന പശ്ചാത്തലത്തിൽ കൂടിയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങൾ എന്നതും ശ്രദ്ധേയമാണ്.

കോവിഡിനെ നേരിടുമ്പോൾ തന്നെ ജീവിതം മുന്നോട്ട് കൊണ്ടുപോവുകയാണ് നാം. പകർച്ചവ്യാധി സമ്പത്ഘടനടയിലടക്കം ഗൗരവകരമായ തകർച്ച സൃഷ്ടിച്ചുവെന്നും പിണായി പറഞ്ഞു. ഒരു നവകേരളം സൃഷ്ടിക്കുന്നതിനുള്ള നിരവധി പ്രവർത്തനങ്ങൾ മുന്നേറുമ്പോഴാണ് മഹാമാരിയെത്തുന്നത്. അതിനുമുമ്പ് പ്രകൃതി ദുരന്തങ്ങളും നാം നേരിട്ടു. സർക്കാരിന്റെ അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോൾ നാലാം വാർഷിക ആഘോഷങ്ങൾ കോവിഡ് 19ന്റെ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വേണ്ടെന്നുവെച്ചിരുന്നു. എന്നാൽ വികസനത്തി പിന്നോട്ടില്ലെന്നും നൂറു ദിവസത്തിനുള്ളിൽ പൂർത്തീകരിക്കുന്ന 100 പദ്ധതികൾ അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിസന്ധി ഘട്ടത്തിൽ സർക്കാർ ആവിശ്കരിച്ച് വളരെയധികം പ്രശംസ നേടിയതാണ് ഭക്ഷ്യകിറ്റ് വിതരണം. ലോക്ക്ഡൗൺ കാലത്ത് 86 ലക്ഷത്തിലധികം കിറ്റുകളാണെങ്കിൽ ഓണത്തിന് 88 ലക്ഷം കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. ഈ ഭക്ഷ്യകിറ്റ് വിതരണം അടുത്ത നാല് മാസവും തുടരുമെന്ന് മുഖ്യമന്ത്രി. സാമൂഹിക ക്ഷേമ പെൻഷൻ വിതരണത്തിൽ കൊണ്ടുവന്ന മാറ്റങ്ങൾ സർക്കരിന്റെ മികച്ച പ്രവർത്തനങ്ങളിൽ ഒന്നാണ്. യുഡിഎഫ് കാലത്ത് 35 ലക്ഷം പേർക്ക് 600 രൂപ നിരക്കിൽ നൽകിയിരുന്ന പെൻഷൻ 1000യും പിന്നീട് 1200, 1300ആയും വർധിപ്പിക്കാൻ എൽഡിഎഫ് സർക്കാരിനായി. ഇതിൽ അഭിമാനമുണ്ട്. 35 ലക്ഷത്തിൽ നിന്ന് ഉപഭോക്താക്കളുടെ എണ്ണം 58 ലക്ഷമായി വർധിപ്പിക്കാനും സാധിച്ചു. ഇത് ചെറിയ കാര്യമല്ല. കുടിശ്ശികയില്ലാതെ പെൻഷൻ വിതരണം ചെയ്യാൻ സാധിക്കുന്നുണ്ട്.

ഇതുമായി ബന്ധപ്പെട്ട് രണ്ട് സുപ്രധാന തീരുമാനങ്ങളാണ് സർക്കാർ എടുക്കുന്നത്. സാമൂഹിക സുരക്ഷ പെൻഷൻ 100 രൂപ വീതം വർധിപ്പിക്കുന്നതോടൊപ്പം ഇനി പെൻഷൻ മാസംതോറും വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി.

പൊതു ആരോഗ്യ രംഗത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പൊതു ആരോഗ്യ രംഗത്തെ കൂടുതൽ ശക്തിപ്പെടുത്തും. പശ്ചാത്തല സൗകര്യ വികസനം, മനുഷ്യ വിഭവശേഷി വർധിപ്പിക്കൽ എന്നിവയിൽ വലിയ കുതിപ്പുണ്ടാക്കുവാൻ സർക്കാരിനായി. നാഷണൽ ഹെൽത്ത് മിഷൻ 9768 ആരോഗ്യ പ്രവർത്തകരെ നിയമിച്ചു. ഇതിനുപുറമെ 1200 ഹൗസ് സർജന്മാരെയും 1152 അഡ്വോക്ക് ജീവനക്കാരെയും നിയമിച്ചു. ഇനിയും ആവശ്യം വന്നാൽ 100 ദിവസത്തിനുള്ളിൽ വേണ്ട ജീവനക്കാരെ കൂടി ആരോഗ്യ സംവിധാനത്തിന്റെ ഭാഗമാക്കും. ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും. കോവിഡ് പരിശോധനകളുടെ എണ്ണം പ്രതിദിനം അര ലക്ഷമാക്കാനും തീരുമാനം.

സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ ആശുപത്രിയുടെ പൂർണ സൗകര്യങ്ങളുള്ള കുടുംബ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുക സർക്കാരിന്റെ ലക്ഷ്യമാണ്. ഇതുവരെ 386 കുടുംബ ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചു. അടുത്ത 100 ദിവസത്തിനുള്ളൽ 153 എണ്ണവും ഉൽഘാടനം ചെയ്യും. 24 പുതിയ കെട്ടിടങ്ങൾ പൂർത്തീകരിക്കും. 10 ഡയാലിസിസ് കേന്ദ്രങ്ങളും 2 ആധുനിക ക്യാൻസർ സെന്ററുകളും പ്രവർത്തനം ആരംഭിക്കും.- പിറണായി വ്യക്തമാക്കി.

2021 ജനുവരിയിൽ പൊതു വിദ്യാലയങ്ങൾ സാധാരണഗതിയിൽ തുറന്ന് പ്രവർത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. ഒരു വർഷത്തിന് ശേഷം സ്‌കൂൾ അന്തരീക്ഷത്തിലേക്ക് മടങ്ങിയെത്തുന്ന വിദ്യാർത്ഥികളെ മികച്ച പശ്ചാത്തല സൗകര്യമൊരുക്കി വരവേൽക്കും. 500ലധികം കുട്ടികൾ പഠിക്കുന്ന എല്ലാ സർക്കാർ സ്‌കൂളുകളിലും കിഫ്ബി ധനസഹായത്തോടെ കെട്ടിട നിർമ്മാണം തുടരുന്നു. ഓരോ സ്‌കൂളിനും 5 കോടി മുടക്കി 35 കെട്ടിടങ്ങളും 3 കോടി മുടക്കി നിർമ്മിക്കുന്ന 14 കെട്ടിടങ്ങളും നൂറു ദിവസത്തിനുള്ളിൽ ഉൽഘാടനം ചെയ്യും.

ഇതിന് പുറമെ നൂറു ദിവസത്തിനുള്ളിൽ 27 സ്‌കൂൾ കെട്ടിടങ്ങളുടെയും പണി പൂർത്തിയാക്കും. 250 പുതിയ സ്‌കൂൾ കെട്ടിടങ്ങളുടെ പണി ആരംഭിക്കും. 45000 ക്ലാസ്മുറികൾ ഹൈടെക് ആക്കി മാറ്റി. എല്ലാ എൽപി സ്‌കൂളുകളും ഹൈടെക് ആക്കാനുള്ള ശ്രമം തുടരുന്നു. 11400 ഹൈടെക് കമ്പ്യൂട്ടർ ലാബുകൾ സ്‌കൂളുകൾ തുറക്കുമ്പോൾ സജ്ജമാകും. കെഎസ്എഫ്ഇയുടെയും കുടുംബശ്രീയുടെയും സഹകരണത്തോടെ 5 ലക്ഷം കുട്ടികൾക്ക് ലാപ്‌ടോപ് ലഭ്യമാക്കാനുള്ള പദ്ധതി 100 ദിവസത്തിനുള്ളിൽ വിതരണം ആരംഭിക്കും. 18 കോടി രൂപയുടെ ചെങ്ങന്നൂർ ഐടിഐ അടക്കം 10 ഐടിഐകളുടെ ഉൽഘാടനം നടത്തും. 150 പുതിയ കോഴ്‌സുകൾ സർക്കാർ എയ്ഡഡ് കോളെജുകളിൽ അനുവദിക്കും. ആദ്യ നൂറു കോഴ്‌സുകൾ സെപ്റ്റംബർ 10ന് അകം പ്രഖ്യാപിക്കും.

നൂറു ദിവസത്തിനുള്ളിൽ കോളെജ് ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ 1000 തസ്തികകൾ സൃഷ്ടിക്കും. അതോടൊപ്പം 15000 നവ സംരംഭങ്ങളിലൂടെ 50000 പേർക്ക് കാർഷികേതര മേഖലകളിൽ തൊഴിൽ നൽകും. സഹകരണ ബാങ്കുകൾ, കുടുംബശ്രീ, എന്നിവ വഴിയായിരിക്കും മുഖ്യ ഏജൻസികളെന്നും മുഖ്യമന്ത്രി അറിയിച്ചു. വാർത്താസമ്മേളനത്തിന് ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങൾ സ്വീകരിക്കാതെയാണ് മുഖ്യമന്ത്രി മടങ്ങിയത്.

പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ

സാമൂഹ്യ സുരക്ഷാ പെൻഷനുകൾ നൂറ് രൂപ വീതം വർധിപ്പിക്കും. പെൻഷൻ മാസം തോറും വിതരണം ചെയ്യും.
നൂറു ദിവസത്തിനുള്ളിൽ ആവശ്യമായ ജീവനക്കാരെ ആരോഗ്യരംഗത്ത് നിയമിക്കും
ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം അരലക്ഷമായി ഉയർത്തും
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ആശുപത്രിയുടെ സൗകര്യങ്ങളുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റും.
നൂറു ദിവസങ്ങളിൽ 153 പുതിയ കുടുംബാരോഗ്യ കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്യും. രാവിലെയും വൈകുന്നേരവും ഒപി ഉണ്ടാകും
സ്‌കൂളുകളുടെ പ്രവർത്തനം ആരംഭിക്കുന്നതോടെ സർക്കാർ സ്‌കൂളുകളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കും. പുതിയ കെട്ടിടങ്ങൾ നിർമ്മിക്കും. 250 പുതിയ സ്‌കൂൾകെട്ടിടങ്ങളുടെ പണി ആരംഭിക്കും.
എൽപി സ്‌കൂളുകൾ എല്ലാം ഹൈ ടെക്ക് ആക്കി മാറ്റും.
അഞ്ചു ലക്ഷം കുട്ടികൾക്ക് ലാപ്ടോപ്പുകൾ എത്തിക്കുന്നതിനുള്ള വിദ്യാശ്രീ പദ്ധതി പൂർത്തീകരിക്കും.
11400 ഹൈടെക് കമ്പ്യൂട്ടർ ലാബുകൾ തുറക്കും
കോളേജുകളിൽ 150 പുതിയ കോഴ്സുകൾ തുടങ്ങും
കോളേജ് ഹയർ സെക്കൻഡറി മേഖലകളിൽ ആയിരം പുതിയ തസ്തികകൾ സൃഷ്ടിക്കും
15000 നവസംരംഭങ്ങളിലൂടെ അമ്പതിനായിരം പേർക്ക് കാർഷികേതര മേഖലകളിൽ തൊഴിൽ നൽകും
5000 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് തുടക്കം കുറിക്കും
189 പൊതുമരാമത്ത് റോഡുകൾ ഗതാഗതത്തിന് തുറന്നുകൊടുക്കും
158 കിമി കെഎസ്ടിപി റോഡുകൾ, 21 പാലങ്ങൾ എന്നിവയും ഉത്ഘാടനം ചെയ്യും
41 കിഫ്ബി പദ്ധതികൾ നവംബറിനകം ഉദ്ഘാടനം ചെയ്യും
ഒന്നരലക്ഷം പേർക്ക് കുടിവെള്ള കണക്ഷൺ
പത്ത് സ്പോർട്സ് സ്റ്റേഡിയങ്ങൾ ഉദ്ഘാടനം ചെയ്യും
ശബരിമലയിൽ 23 കോടിയുടെ മൂന്ന് പദ്ധതികൾ
15 പൊലീസ് സ്റ്റേഷനുകൾ ഉദ്ഘാടനം ചെയ്യും. 15 സൈബർ സ്റ്റേഷനുകളും തുടങ്ങും
കയറുൽപാദനത്തിൽ 50 ശതമാനം വർധന കൈവരിക്കും
മത്സ്യഫെഡിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി
പച്ചക്കറിക്ക് തറവില പ്രഖ്യാപിക്കും
നിലയ്ക്കലിൽ കുടിവെള്ള പദ്ധതി ആരംഭിക്കും