കൊച്ചി: കോർപ്പറേഷൻ ഭരണം ഇടതുപക്ഷത്തിന് തന്നെ. സ്വതന്ത്രരായി ജയിച്ച നാലു സ്ഥാനാർത്ഥികളിൽ ഒരാളായ ഇടതു റിബൽ കെ.പി ആന്റണി പിൻതുണച്ചതോടു കൂടി കോർപ്പറേഷൻ ഭരണം എൽഡി.എഫ് സ്വന്തമാക്കുകയാണ്. കെ.പി ആന്റണിക്ക് പിന്നാലെ മറ്റൊരു വിമത സ്ഥാനാർത്ഥിയും ഇടതുപക്ഷത്തിന് പിൻതുണയുമായെത്തിയെന്നാണ് ലഭിക്കുന്ന സൂചന. എൽ.ഡി.എഫ് 34 സീറ്റുകളിലാണ് വിജയം കൈവരിച്ച് ഒറ്റക്കക്ഷിയായത്. യു.ഡി.എഫ് 31 സീറ്റുകളിലും 5 സീറ്റുകളിൽ ബിജെപിയും വിജയിച്ചു. കേവലഭൂരിപക്ഷത്തിന് വേണ്ടത് 38 ആണ്. അതിനിടെയാണ് എൽഡിഎപിന് പിൻതുണയുമായി ആന്റണി എത്തിയത്. ഇതോടെ 35 സീറ്റായി ഇടതുപക്ഷം കൊച്ചിയിൽ യു.ഡിഎഫിന്റെ ആധിപത്യം തകർത്തു.

കൊച്ചിയിൽ ഇരുമുന്നണികൾക്കും ഭീഷണിയായെത്തിയ വിമതരിൽ നാലു പേരാണ് ജയിച്ചത്. ഇതിൽ യുഡിഎഫിന്റെ മൂന്നു വിമതരും എൽഡിഎഫിന്റെ ഒരു വിമതനുമാണ് നേട്ടമുണ്ടാക്കിയത്. പനയപ്പള്ളിയിൽ നിന്നു മൽസരിച്ച യുഡിഎഫിന്റെ ജെ. സനിൽമോൻ 162 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. യുഡിഎഫ് വിമതയായി സിഎംപിസിസി സി.പി. ജോൺ പിന്തുണയിൽ മുണ്ടൻവേലിയിൽ നിന്ന് മൽസരിച്ച മേരി കലിസ്റ്റ 470 വോട്ട് ഭൂരിപക്ഷത്തിൽ ജയിച്ചു. മുസ്ലിംലീഗ് സീറ്റ് നിഷേധിച്ചതോടെ കൽവത്തിയിൽ മൽസരത്തിനിറങ്ങിയ ടി.കെ. അഷറഫ് 156 വോട്ടിനു ജയിച്ചു. എൽഡിഎഫ് വിമതനായി മാനാശേരിയിൽ നിന്നു മൽസരിച്ച കെ.പി. ആന്റണി സിപിഎമ്മിന്റെ മൈക്കിൾ ആന്റണിക്കെതിരെ 537 വോട്ടുകളുടെ ഭൂരിപക്ഷണുണ്ടാക്കി. അതേ സമയം ബിജെപി വിമതർ ആരും നേട്ടമുണ്ടാക്കിയില്ല.

ഇടതു സ്വതന്ത്രരായി മൽസരിച്ച അഞ്ചു പേരും ഇടതു റിബലായ ഒരാളുമാണ് വിജയിച്ചത്. ഇവരിൽ ഇടതു റിബൽ കെ.പി. ആന്റണി പിന്തുണച്ചതോടെ എൽഡിഫിന് 35 ഡിവിഷനുകളുടെ പിന്തുണയായി. ബിജെപി പിടിച്ച അഞ്ചു സീറ്റുകളിലെ അംഗങ്ങൾ മാറി നിൽക്കുകയാണെങ്കിൽ ഭരണത്തിലെത്താൻ എൽഡിഎഫിന് ഈ പിന്തുണ മതിയാകും. മുസ്ലിം ലീഗ് റിബൽ സ്ഥാനാർത്ഥിയായി വിജയിച്ച ടി.കെ. അഷറഫ്, പനയപ്പള്ളിയിൽ സ്വതന്ത്രനായി ജയിച്ച സനിൽ മോൻ ഇവരിൽ ഒരാളുടെയെങ്കിലും പിന്തുണ എൽഡിഎഫിനുണ്ടായേക്കുമെന്നാണ് വിലയിരുത്തൽ. ഒരേ വോട്ടുകൾ ലഭിച്ച കലൂർ സൗത്ത് ഡിവിഷനിൽ നറുക്കെടുപ്പിലൂടെയാണ് യു.ഡി.എഫിന്റെ രജനിമണി വിജയിച്ചത്.

യുഡിഎഫ് മേയർ സ്ഥാനാർത്ഥി എൻ വേണുഗോപാൽ ഒരു വോട്ടിനാണ് എൻ ഡി എ സ്ഥാനാർത്ഥിയോട് തോറ്റത്. ഐലന്റ് വാർഡിൽ നടന്ന തിരഞ്ഞെടുപ്പിൽ കേവലം ഒരു വോട്ടിനാണ് കോൺഗ്രസ് മേയർ സ്ഥാനാർത്ഥി ബിജെപി സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടത്. അതേസമയം തിരഞ്ഞെടുപ്പിൽ പരാതിയുമായി രംഗത്ത് വന്നിരിക്കുകയാണ് കോൺഗ്രസ് സ്ഥാനാർത്ഥി.വോട്ടെടുപ്പ് നടന്നപ്പോൾ പോൾ ചെയ്തത് 496 വോട്ടായിരുന്നുവെങ്കിലും വോട്ടിങ് മെഷീനിൽ 495 വോട്ട് മാത്രമാണ് പതിഞ്ഞിരുന്നതെന്നും, നമ്പർ ടാലി ചെയ്യുവാനായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ അഞ്ച് പേരുടെ പേരെഴുതി നറുക്കിട്ടശേഷം അതിൽ നിന്നും ഒരെണ്ണം പോൾ ചെയ്യുകകയായിരുന്നു.

അത് ബിജെപി സ്ഥാനാർത്ഥിക്കായിരുന്നു എന്നാണ് വേണുഗോപാൽ ആരോപിക്കുന്നത്. ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുന്നതിനെകുറിച്ച് ആലോചിക്കുമെന്നും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പാർട്ടി പ്രവർത്തകർ ആത്മാർത്ഥമായി പ്രവർത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ സിറ്റിങ് സീറ്റായിരുന്നു ഐലന്റ് വാർഡ്. അതേ സമയം കൊച്ചിയിൽ വലിയ മുന്നേറ്റം നടത്തുമെന്ന് പ്രഖ്യാപനത്തോടു കൂടി മുന്നോട്ട് വന്ന 'വി4' കൊച്ചി എന്ന കൂട്ടായ്മയ്ക്ക് വൻ പരാജയം നേരിടേണ്ടിവന്നു. കിഴക്കമ്പലം 'ട്വന്റി20' മോഡൽ കൊണ്ടുവരാനായിരുന്നു ശ്രമം.

എന്നാൽ ജനങ്ങളിലേക്ക് വേണ്ട രീതിയിൽ പ്രവർത്തനങ്ങൾ നടത്താതിരുന്നതിനാൽ വിജയം കാണാൻ കഴിഞ്ഞില്ല. നിപുൺ ചെറിയാന്റെ നേതൃത്വത്തിലായിരുന്നു കൂട്ടായ്മ രൂപം കൊണ്ടത്. കൊച്ചിയിലെ വികസന പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുമെന്നും അഴിമതി രഹിത കോർപ്പറേഷൻ ഭരണം നടത്തുമെന്നുമായിരുന്നു വാഗ്ദാനം. കിഴക്കമ്പലത്തെപേലെ ഭരണം നടത്താൻ ഇവർക്ക് കഴിയില്ലെന്ന വിലയിരുത്തലാകാം വിജയം കാണാതിരുന്നത് എന്നാണ് രാഷ്ട്രീയ വിലയിരുത്തൽ.