കോഴിക്കോട്: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനായ മൊയിൻ അലി ശിഹാബിനെ തള്ളി മുസ്ലിംലീഗ് നേതൃത്വം. ശത്രുക്കളുടെ കയ്യിൽ കളിക്കുന്ന ചില ആളുകളുടെ പണിയാണ് ഇന്ന് കണ്ടതെന്ന് സംശയിക്കുന്നെന്നും പാർട്ടി അനുമതിയില്ലാതെയാണ് മൊയിൻ അലി വാർത്താസമ്മേളനം നടത്തിയതെന്നും ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.

'ഹൈദരലി തങ്ങളെ അനുസരിക്കാതിരിക്കുന്നത് പാർട്ടിയെ അനുസരിക്കാതിരിക്കലാണ്. ലീഗ് അഭിപ്രായ സ്വാതന്ത്ര്യമുള്ള പാർട്ടിയാണ്. എന്നാൽ അഭിപ്രായ സ്വാതന്ത്ര്യം ലീഗിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന തരത്തിലേക്ക് പോകരുത്. പരസ്യ വിമർശനം പാണക്കാട് തങ്ങൾ തന്നെ വിലക്കിയിട്ടുണ്ട്. എന്നാൽ മൊയിൻ അലിയുടെ ഇന്നത്തെ പ്രതികരണം തങ്ങളുടെ നിർദ്ദേശത്തോടുള്ള വെല്ലുവിളിയാണ്. ലീഗ് ഹൗസിലെത്തി പ്രവർത്തകൻ തെറിവിളിച്ച സംഭവം അന്വേഷിച്ച് നടപടി സ്വീകരിക്കും.''-പിഎംഎ സലാം പറഞ്ഞു.

ചന്ദ്രിക ദിന പത്രത്തിന്റെ മാനേജ്മെന്റിന് ഇ.ഡി നോട്ടിസ് ലഭിച്ചിട്ടുണ്ടെന്നും പിഎംഎ സലാം പറഞ്ഞു. പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് നോട്ടീസ്. ഇഡിക്ക് മറുപടി നൽകും. ആ ആരോപണം ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. പാർട്ടി അക്കൗണ്ട് എല്ലാം കൃത്യമാണ്. ഇഡിക്ക് ഒരു തവണ വിശദീകരണം നൽകിയിട്ടുണ്ടെന്നും സലാം പറഞ്ഞു. പാർട്ടി ഫണ്ട് സംബന്ധിച്ച കണക്കുകൾ തെരഞ്ഞെടുപ്പ് കമ്മിഷൻ പരിശോധിക്കുന്നതാണെന്നും സലാം കൂട്ടിച്ചേർത്തു.

കുഞ്ഞാലിക്കുട്ടിയെ എല്ലാവർക്കും പേടിയെന്ന് മോയിൻ അലി

അതേസമയം, ചന്ദ്രിക ഫണ്ട് തട്ടിപ്പുവിഷയത്തിൽ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈദരലി ശിഹാബ് തങ്ങളുടെ മകനായ മൊയിൻ അലി ശിഹാബ്. 40 വർഷമായി പാർട്ടി ഫണ്ട് കൈകാര്യം ചെയ്യുന്നത് പികെ കുഞ്ഞാലിക്കുട്ടി നേരിട്ടാണെന്നും ചന്ദ്രികയിലെ ധനകാര്യ മാനേജ്‌മെന്റ് പാളിയിട്ടുണ്ടെന്നും മൊയിൻ അലി പറഞ്ഞു. ചന്ദ്രികയിലെ പ്രതിസന്ധിയിൽ കുഞ്ഞാലിക്കുട്ടി ഇടപ്പെട്ടിട്ടില്ലെന്നും അദ്ദേഹത്തെ പേടിച്ച് ആരും മിണ്ടുന്നില്ലെന്നും മൊയിൻ അലി പറഞ്ഞു.അതേസമയം, വാർത്താ സമ്മേളനത്തിനിടയിൽ മുസ്ലിം ലീഗ് പ്രവർത്തകനായ റാഫി പുതിയകടവ് മൊയിൻ അലി തങ്ങൾക്ക് നേരെ ഭീഷണി മുഴക്കുകയും തെറിവിളിക്കുകയും ചെയ്തത് സംഘർഷത്തിനിടയാക്കി.

കുഞ്ഞാലിക്കുട്ടിയെ വിമർശിക്കാൻ താനാരാണെന്നും ചന്ദ്രികയിലെ പ്രശ്നങ്ങൾ പറയാൻ വന്നാൽ അതു പറഞ്ഞിട്ടു പോകണമെന്നും റാഫി പുതിയകടവ് പറഞ്ഞു. യൂസ് ലസ് എന്ന് പറഞ്ഞുകൊണ്ടാണ് റാഫി കടന്നുപോകുന്നത്.തുടർന്ന് ഒരു വിഭാഗം പ്രവർത്തകർ മൊയിൻ അലിയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.

മൊയിൻ അലി പറഞ്ഞത്: '40 വർഷമായി പാർട്ടി ഫണ്ട് കൈകാര്യം ചെയ്യുന്നത് പികെ കുഞ്ഞാലിക്കുട്ടി നേരിട്ടാണ്. തെരഞ്ഞെടുപ്പ് സമയത്ത് മാത്രമല്ല, എല്ലാ കാര്യത്തിലും. നിലവിലെ ഉത്തരവാദിത്വവും കുഞ്ഞാലികുട്ടിക്കാണ്. അദ്ദേഹത്തിന്റെ വളരെ വിശസ്തനായ വ്യക്തിയാണ് എ സമീർ. സമീർ ചന്ദ്രികയിൽ വരുന്നതായി ഞാൻ കണ്ടിട്ടില്ല. ഫിനാൻസ് മാനേജറായി സമീറിനെ വച്ചത് കുഞ്ഞാലിക്കുട്ടിയാണ്.

ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട പ്രതിസന്ധിയിൽ കുഞ്ഞാലിക്കുട്ടി ഇടപെട്ടിട്ടില്ല. ചന്ദ്രികയിലെ ധനകാര്യ മാനേജ്‌മെന്റ് പാളിയിട്ടുണ്ട്. അദ്ദേഹത്തെ പേടിച്ചാണ് ആരും മിണ്ടാത്തത്. പാണക്കാട് കുടുംബത്തിന്റെ ചരിത്രത്തിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. വിഷയത്തിൽ ബാപ്പ ഹൈദരലി തങ്ങൾ കടുത്ത മാനസിക സമ്മർദ്ദത്തിലാണ് കഴിയുന്നത്.'' പാർട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങിയിരിക്കുകയാണെന്നും മൊയിൻ അലി വിമർശിച്ചു.

വെട്ടിലായി ലീഗ് നേതൃത്വം

അതേസമയം, കള്ളപ്പണ ഇടപാടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രണ്ടാമതും ഹൈദരലി ശിഹാബ് തങ്ങളെ ചോദ്യം ചെയ്യാൻ തീരുമാനിച്ചതോടെ മുസ്ലിം ലീഗ് നേതൃത്വം കൂടുതൽ വെട്ടിലായിരിക്കുകയാണ്. കുഞ്ഞാലിക്കുട്ടിക്ക് എതിരെയുള്ള കെ.ടി ജലീലിന്റെ ആരോപണം ലീഗ് നേതൃത്വം അവഗണിച്ചെങ്കിലും തങ്ങളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച സംഭവത്തിൽ നിന്നും ഒഴിഞ്ഞു മാറുക എളുപ്പമാകില്ല.

സംഭവത്തിൽ വ്യക്തിപരമായി കുഞ്ഞാലികുട്ടി ഉൾപ്പെടെയുള്ള നേതാക്കളാണ് പ്രതിക്കൂട്ടിൽ ആയിരിക്കുന്നത്. വിഷയത്തിൽ കൃത്യമായ വിശദീകരണം നൽകിയില്ലെങ്കിൽ വൻ പ്രത്യാഘാതം ഉണ്ടാകുമെന്ന ആശങ്കയും ലീഗ് നേതൃത്വത്തിനുണ്ട്. ചന്ദ്രിക പത്രത്തിലെ 10 കോടി രൂപയുടെ ഇടപാടിൽ ദുരൂഹതയില്ലെന്ന ലീഗ് നേതൃത്വത്തിന്റെ വാദമാണ് തങ്ങളെ വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചതോടെ പൊളിഞ്ഞത്.

മുസ്ലിം ലീഗ് അധ്യക്ഷൻ എന്നതിലുപരി ആത്മീയാചാര്യൻ കൂടിയായ ഹൈദരലി ശിഹാബ് തങ്ങളെ കള്ളപ്പണ ഇടപാടിലേക്ക് വലിച്ചിഴച്ചത് നേതാക്കളുടെ അനധികൃത സാമ്പത്തിക ഇടപാടുകളാണെന്ന ആക്ഷേപവും പാർട്ടിയിൽ ഉയർന്നിട്ടുണ്ട്. നേരത്തെ പാർട്ടിയുടെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിക്കെതിരെ ഒരു വിഭാഗം സംസ്ഥാന സമിതിയിൽ വിമർശനം ഉന്നയിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ ഗുരുതര ആരോപണവുമായി കെ ടി ജലീൽ രംഗത്തെത്തിയത്. തങ്ങൾക്ക് ഇഡി നൽകിയ നോട്ടീസ് പുറത്തു വന്നതിന് പിന്നിൽ പാർട്ടിക്ക് അകത്തെ തന്റെ ശത്രുക്കൾ തന്നെയാണെന്ന കണക്കുകൂട്ടലിലാണ് കുഞ്ഞാലിക്കുട്ടി. പുതിയ വിവാദങ്ങൾ ഉയർന്നതോടെ വിഷയം ചർച്ചചെയ്യാൻ അടിയന്തരമായി മുസ്ലിംലീഗ് ഉന്നതാധികാരസമിതി യോഗം യോഗം വിളിച്ചു ചേർക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം