കോഴിക്കോട്: തിരഞ്ഞെടുപ്പിന് മുമ്പേ തുടങ്ങിയ അസ്വാരസ്യം അമർഷമായി പൊട്ടിത്തെറിയിലേക്ക് നീങ്ങിയിരിക്കുകയാണ് മുസ്ലിം ലീഗിൽ. മലപ്പുറം ലോക്‌സഭാ സീറ്റ് ഉപേക്ഷിച്ച് നിയമസഭയിലേക്ക് മത്സരിക്കാൻ കുഞ്ഞാലിക്കുട്ടി എത്തിയത് മുതൽ ഒളിഞ്ഞും തെളിഞ്ഞുമുള്ള പ്രതിഷേധങ്ങൾ തുടരുകയാണ്. കുഞ്ഞാപ്പ ജയിച്ചുകയറിയെങ്കിലും ലീഗിന്റെ പ്രതാപത്തിന് മങ്ങലേൽക്കുന്നു എന്ന തോന്നൽ യൂത്ത് ലീഗുകാർക്കും ലീഗ് അണികൾക്കും നന്നായി ഉണ്ട്. അവർ അത് സോഷ്യൽ മീഡിയയിലൂടെ തുറന്നുവിടുന്നു. ഇന്നലെ ലീഗ് നേതാവ് പി.കെ.അബ്ദു റബ്ബ് കൂടി ഒളിയമ്പെയ്തതോടെ സംഗതിക്ക് ഗൗരവം കൂടി.

ഏതായാലും, നവമാധ്യമ കൂട്ടായ്മകളിൽ ലീഗ് പ്രവർത്തകർ ഉയർത്തിയ പ്രതിഷേധം ഫലം കണ്ടു എന്നാണ് പുറത്തുവരുന്ന സൂചനകൾ. പികെ കുഞ്ഞാലിക്കുട്ടിയുടെ അധികാര മോഹമാണ് മുസ്ലിംലീഗിനെ തകർത്തത് എന്നാണ് ഇവരുടെ പ്രധാന ആരോപണം. മോദി സർക്കാരിന്റെ നയങ്ങളെ എതിർക്കുവാൻ മികച്ച പോരാളി എന്ന നിലയ്ക്കാണ് ലോക്‌സഭയിലേക്ക് എംഎൽഎ സ്ഥാനം രാജിവെച്ച് മത്സരിച്ചത്.

എന്നാൽ ലോക്‌സഭയിലെത്തിയ പികെ കുഞ്ഞാലിക്കുട്ടിയുടെ മറ്റൊരു മുഖമാണ് പ്രവർത്തകർ കണ്ടുകൊണ്ടിരുന്നത്. മുത്തലാഖ് വിഷയത്തിലും പൗരത്വ വിഷയത്തിലും തണുപ്പൻ സമീപനമാണ് പി കെ കുഞ്ഞാലിക്കുട്ടി കൈക്കൊണ്ടത്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാതെ കല്യാണത്തിനു പോയതും വലിയ വിവാദമായിരുന്നു. പി കെ കുഞ്ഞാലികുട്ടിയുടെ ഈ നീക്കങ്ങൾ ഒരു പരിധിവരെ വരെ എൻ ഡി യെ സർക്കാരിനെ സഹായകരമാകുന്ന നിലയിലേക്ക് വരെ എത്തിയിരുന്നു.

ഇതിനിടയിലാണ് നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ ശക്തിപ്പെടുത്താൻ എന്ന പേരിൽ എംപി സ്ഥാനം രാജി വെച്ച നിയമസഭയിലേക്ക് മത്സരിച്ചത്. ഇത് വലിയ വിവാദങ്ങൾക്ക് വീണ്ടും കാരണമായി. കേരളത്തിൽ യുഡിഎഫ് മന്ത്രിസഭ വരുമെന്നും വീണ്ടും മന്ത്രിയാകാമെന്നും ഉള്ള പ്രതീക്ഷ എൽഡിഎഫിന്റെ മികച്ച വിജയത്തോടെ അസ്തമിച്ചിരിക്കുകയാണ്. ഇതോടെയാണ് പരാജയത്തിനു കാരണം കുഞ്ഞാലിക്കുട്ടിയാണന്ന രീതിയിൽ സോഷ്യൽമീഡിയയിൽ ലീഗ് പ്രവർത്തകർ പ്രതിഷേധം ആരംഭിച്ചത്.

ശക്തമായ വിമർശനങ്ങളാണ് കുഞ്ഞാലിക്കുട്ടിക്ക് എതിരെ പ്രവർത്തകർ ഉന്നയിക്കുന്നത്. ഇതോടെ പ്രവർത്തകരുടെ നാലായിരത്തിലധികം വരുന്ന കമന്റുകൾ തന്റെ ഫേസ്‌ബുക് പേജിൽ നിന്നും കുഞ്ഞാലിക്കുട്ടി നീക്കം ചെയ്തു. ഇതോടെ കുഞ്ഞാപ്പ വീണ്ടും വിവാദത്തിലേക്ക് വീണു.
ഇതിനിടയിൽ ലീഗിലെ മുതിർന്ന നേതാക്കളും കുഞ്ഞാലിക്കുട്ടിക്കെതിരെ ഒളിയമ്പുകളുമായി രംഗത്തു വന്നു.

മുൻ വിദ്യാഭ്യാസമന്ത്രി അബ്ദു റബ്ബും എം എസ് എഫ് മുൻ മലപ്പുറം ജില്ലാ പ്രസിഡണ്ടും, കെഎംസിസി നേതാക്കളും പാണക്കാട് കുടുംബത്തിലെ ഇളയ തങ്ങളും യൂത്ത് ലീഗ് ദേശീയ ഭാരവാഹി കൂടിയായ മോയിൻ അലിയും രംഗത്ത് വരികയുണ്ടായി. സ്വാർത്ഥ ലാഭത്തിനു വേണ്ടി പാർട്ടിയെ ഉപയോഗിക്കരുത് എന്നാണ് ഇവർ നൽകുന്ന മുന്നറിയിപ്പ്.

ഇതോടെയാണ് കുഞ്ഞാലിക്കുട്ടി അടക്കമുള്ള മുതിർന്ന നേതാക്കൾ ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് തീരുമാനത്തിലേക്ക് എത്തിയത്. നാളെ നടക്കുന്ന യോഗത്തിന് പിന്നാലെ ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന. കുഞ്ഞാലിക്കുട്ടിക്കെതിരെ വരുന്ന വിമർശനങ്ങളും യോഗത്തിൽ ചർച്ചയാകും. അതേസമയം കെ എം ഷാജിയെ വിജിലൻസിന് ഒറ്റി നൽകിയ കോഴിക്കോട്ടെ നേതാവിനെതിരെയും പാർട്ടിതലത്തിൽ അന്വേഷണം ഉണ്ടാകും