തിരുവനന്തപുരം: തിരുവനന്തപുരം മുട്ടത്തറയിൽ കെപിസിസി അംഗം ലീനയുടെ വീട് ആക്രമിച്ച സംഭവത്തിലെ അന്വേഷണം പുരോഗമിക്കവേ സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്. ലീനയുടെ വീട് ആക്രമിച്ചത് മകൻ നിഖിൽ കൃഷ്ണ തന്നെയാണെന്നാണ് പൊലീസ് പറയുന്നത്. ഇതോടെ നിഖിൽ കൃഷ്ണയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കോൾ രേഖകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് ഒടുവിലാണ് പൊലീസ് നിഖിലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ നിഖിൽ കുററം സമ്മതിച്ചു. വെഞ്ഞാറമ്മൂട്ടിലെ ഇരട്ടക്കൊലയ്ക്ക് പിന്നാലെ സിപിഎം ആക്രമണം നടത്തിയെന്ന് വരുത്തിത്തീർക്കാനാണ് ശ്രമമെന്നായിരുന്നു നിഖിലിന്റെ മൊഴി. സംഭവം ലീന അറിഞ്ഞിരുന്നുവെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന.

സംഭവത്തിൽ ആദ്യം മുതൽക്കേ പരിസരവാസികൾക്കും പൊലീസിനും ദുരൂഹത തോന്നിയിരുന്നു. വീട്ടുകാരുടെ പ്രതികരണവും സംശയം ജനിപ്പിക്കുന്നതായിരുന്നു. തിരുവനന്തപുരത്ത് രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലപാതകത്തിന് പിന്നാലെ സ്ഥലത്ത് സിപിഎം - കോൺഗ്രസ് സംഘർഷമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ലീനയുടെ വീടിന് നേരെ അക്രമണമുണ്ടായത്.

സിപിഎമ്മിനെ കുടുക്കുന്നതിനുവേണ്ടി താൻ തന്നെയാണ് സ്വന്തം വീട് ആക്രമിച്ചതെന്ന് നിഖിൽ മൊഴി നൽകിയിരിക്കുന്നത്. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിനു പിന്നാലെ നടന്ന പ്രതിഷേധങ്ങളുടെ ഭാഗമായി തന്റെ വീടും ആക്രമിച്ചു എന്നാണ് കെപിസിസി അംഗമായ ലീന പറഞ്ഞിരുന്നത്. സംഭവത്തിൽ ഇവർ പൊലീസിനു പരാതി നൽകിയിരുന്നു. മാധ്യമങ്ങളിലൂടെയും ഇവർ ഇത്തരത്തിൽ ആരോപണം ഉന്നയിച്ചിരുന്നു. പ്രതിപക്ഷ നേതാക്കൾ ലീനയുടെ വീട് സന്ദർശിക്കുകയും ചെയ്തിരുന്നു.

സംഭവത്തിൽ വീട്ടുകാരുടെ പ്രതികരണവും സംശയം ജനിപ്പിക്കുന്നതായിരുന്നു. അന്വേഷണത്തിൽ നിഖിൽ കൃഷ്ണയെ സംശയം തോന്നിയ പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പൂന്തുറ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.