മുംബൈ: മുംബൈ നഗരത്തെ ഭീതിയിലാഴ്‌ത്തി വീണ്ടും പുലിയുടെ സാന്നിദ്ധ്യം. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ വീടിന് പുറത്തിറങ്ങിയ വീട്ടമ്മയെ പുലി ആക്രമിച്ചത് അപ്രതീക്ഷിതമായാണ്. ആത്മസംയമനം കൈവിടാതെ തന്റെ കൈയിലെ ഊന്നുവടി കൊണ്ട് പുലിയെ പ്രതിരോധിച്ച വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. നിർമല ദേവി സിങ്ങെന്ന 65കാരിയാണ് ആക്രമണത്തിന് ഇരയായത്.സംഭവത്തിന്റെ സിസിടിവി ദൃശ്യം ആരിലും ഭീതിയുണർത്തുന്നതാണ്.

വിഡിയോയിൽ ആദ്യം കാണുന്നത് പുലിയെയാണ്. പുലി പതുക്കെ വശത്തേക്ക് പതുങ്ങുന്നത് കാണാം. അപ്പോഴാണ് അവിടേക്ക് നിർമല ദേവി നടന്നു വരുന്നത്. ഊന്നുവടിയുടെ സഹായത്തോടെ പതുക്കെ പതുക്കെയാണ് അവർ നടന്നെത്തിയത്. വിശ്രമിക്കാനെന്ന പോലെ അവിടെ കാണുന്ന അരമതിൽ പോലുള്ള ഇടത്ത് അവർ ഇരിക്കുന്നു. പെട്ടെന്നാണ് ഇവരുടെ പിന്നിൽ നിന്ന് പുലി അടുത്തേക്ക് പാഞ്ഞെത്തിയത്.

പുലി നിർമലയുടെ അടുത്തെത്തി അടിച്ചു വീഴ്‌ത്തി. പേടിച്ചെങ്കിലും ഇവർ തന്റെ കയ്യിലുണ്ടായയിരുന്ന ഊന്നുവടികൊണ്ട് പുലിയെ തിരികെ ആക്രമിച്ചു. വീണ് കിടന്നുകൊണ്ടാണ് നിർമല പുലിയെ തടുത്തത്. ഊന്നുവടികൊണ്ട് അടി കിട്ടിയ പുലി പേടിച്ച് പിന്മാറുന്നതും വിഡിയോയിൽ കാണാം.നിർമല നിസാര പരുക്കുകളോടെ പുലിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു. ഇവർ ചികിൽസയിലാണ് ഇപ്പോൾ. ഇവരുടെ നിലവിളി കേട്ട് സ്ഥലത്തേക്ക് കുറച്ചാളുകൾ പിന്നീട് ഓടിക്കൂടി.

രണ്ട് ദിവസം മുമ്പാണ് ഇതേ സ്ഥലത്ത് 4 വയസ്സുള്ള കുട്ടിയെ പുലി ആക്രമിച്ചത. വീടിന് പുറത്ത് നിന്ന് കളിക്കുകയായിരുന്ന കുട്ടിയെ പുലി കടിച്ചെടുത്തുകൊണ്ടുപോകുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടിയതോടെ പുലി കുട്ടിയെ താഴെയിട്ട് ഓടി. ആറെയിൽ പുലി എത്തുന്നത് സ്ഥിരമായിരിക്കുകയാണ്.