കോഴിക്കോട് : എൽ ഡി എഫിൽ തിരിച്ചെത്തിയ എൽജെഡി വടകര നിയമസഭാ സീറ്റിനായി നീക്കങ്ങളും തുടങ്ങി. എൽജെഡി ഇടതു മുന്നണിയിൽ എത്തിയതോടെ തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞെന്നും വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വടകര നിയമസഭാ മണ്ഡലം എൽജെഡിക്ക് മത്സരിക്കാൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വടകരയിൽ മത്സരിക്കാൻ കച്ചകെട്ടിയിരിക്കുന്ന മനയത്ത് ചന്ദ്രൻ തങ്ങളുടെ പ്രതീക്ഷ നേരത്തെത്തന്നെ പങ്കു വെച്ചിരിക്കുകയാണ്. ജില്ലയിൽ സർക്കാറിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.ഇടതു പക്ഷത്തിന് ബദലെന്ന് പറഞ്ഞ് രൂപീകരിച്ച ആർഎംപി വർഗീയ കൂട്ടുകെട്ടിലെത്തിയ കാഴ്ചയാണ് വടകരയിൽ കാണാൻ കഴിഞ്ഞത്. കോൺഗ്രസും മുല്ലപ്പള്ളി രാമചന്ദ്രനും അവിശുദ്ധ കൂട്ടുകെട്ടാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടാക്കിയത്. ഇതിനെ ജനം തള്ളിയതാണ് വടകരയിൽ കണ്ടത്.

വടകര ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലും രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനിലും വിജയിക്കാൻ എൽഡിഎഫിന് കഴിഞ്ഞു. ബിജെപിയുമായി വോട്ട് കച്ചവടം നടത്തിയാണ് മിക്കയിടത്തും കോൺഗ്രസ് വിജയിച്ചത്. ഒഞ്ചിയത്ത് ആർഎംപിക്ക് സീറ്റ് കുറഞ്ഞു.ഒഞ്ചിയം പഞ്ചായത്തിലെ മൂന്ന് ബ്ലോക്ക് ഡിവിഷനിലും ഇടതുപക്ഷമാണ് വിജയിച്ചത്.ആർഎംപിയും കോൺ ഗ്രസും ചീഞ്ഞളിഞ്ഞ നിലയിലാണിപ്പോഴുള്ളത്.എൽജെഡിക്ക് കഴിഞ്ഞ തവണത്തേക്കാൾ സീറ്റുകൾ വർദ്ധിച്ചു.ജനതാ പാർട്ടികളുമായുള്ള ലയന ചർച്ചകൾ ഉടൻ പുനരാരംഭിക്കും. ഉരുത്തിരിഞ്ഞു വരുന്ന രാഷ്ട്രീയ സാഹചര്യത്തിൽ വടകര നിയമസഭ സീറ്റ് എൽജെഡിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു