തിരുവനന്തപുരം: ആർസിസിയിൽ അപായ സൂചന അറിയിപ്പ് നൽകാതെ അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റിൽ കയറി രണ്ടു നില താഴ്ചയിലേക്കു വീണു പരുക്കേറ്റ യുവതി മരിച്ചു. പത്തനാപുരം കുണ്ടയം ചരുവിള വീട്ടിൽ നദീറ (22)യാണ് ആർസിസി അധികൃതരുടെ അനാസ്ഥയ്ക്കു ഇരയായി മെഡിക്കൽകോളജ് ആശുപത്രിിൽ വെച്ച് മരിച്ചത് വീഴ്ചയിൽ തലച്ചോറിനും തുടയെല്ലിനും മാരക ക്ഷതമേറ്റു. ജീവനക്കാരുടെ നിരുത്തരവാദപരവും അലക്ഷ്യവുമായ പെരുമാറ്റമാണ് അപകടത്തിനു കാരണം..

സംഭവത്തിൽ ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരനെ പുറത്താക്കി അധികൃതർ തടിയൂരി. വിവാദം ഒഴിവാക്കാൻ പ്രത്യേക സമിതി അന്വേഷണം നടത്തി വീഴ്ച വരുത്തിയ മുഴുവൻ പേർക്കെതിരെയും നടപടി എടുക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും ഒന്നുമുണ്ടായില്ല. അപായ സൂചന നൽകാതെ ലിഫ്റ്റ് തുറന്നിട്ട ജീവനക്കാർക്ക് എതിരെ നിയമനടപടി ആവശ്യപ്പെട്ട് ബന്ധുക്കൾ കമ്മിഷണർക്കു നൽകിയ പരാതിയിൽ മെഡിക്കൽകോളജ് പൊലീസ് കേസെടുത്തു.

15നു പുലർച്ചെ 5നായിരുന്നു അപകടം. ആർസിസിയിൽ ശസ്ത്രക്രിയ കഴിഞ്ഞു ചികിത്സയിൽ കഴിയുന്ന അമ്മ നസീമയെ പരിചരിക്കാൻ എത്തിയ നദീറ രണ്ടാം നിലയിൽ തുറന്നു കിടന്ന ലിഫ്റ്റിൽ കയറി. ലിഫ്റ്റിന്റെ പ്ലാറ്റ്ഫോമിലേക്ക് കാലെടുത്തുവച്ചുടൻ താഴേക്ക് പതിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ് ശരീരം ചലിപ്പിക്കാൻ കഴിയാതെ ഇവർ രണ്ടു മണിക്കൂർ കുടുങ്ങി കിടന്നു. ഏറെ നേരം കഴിഞ്ഞിട്ടും നദീറയെ കാണാതായതോടെ നഴ്സ് മറ്റൊരു ബന്ധുവിനെ വിളിച്ചു.

5ന് തന്നെ നദീറയെ ആശുപത്രിയിൽ എത്തിച്ചെന്ന് ബന്ധു മറുപടി നൽകിയതോടെ സുരക്ഷാജീവനക്കാർ അന്വേഷിച്ചിറങ്ങി. ഒടുവിൽ പരുക്കേറ്റു കിടന്ന നദീറയെ കണ്ടെത്തി മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് മാറ്റി. തുടയെല്ലിലെ ശസ്ത്രക്രിയയ്ക്കു ശേഷം 22നു പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് റഫർ ചെയ്തു മാറ്റുന്നതിനിടെ യുവതിയുടെ ബോധം നഷ്ടപ്പെട്ട് വീണ്ടും ന്യൂറോ ഐസിയുവിലേക്ക് മാറ്റി. വിദഗ്ധ പരിശോധനയിൽ തലച്ചോറിനു കടുത്ത ക്ഷതം സംഭവിച്ചെന്നും നില ഗുരുതരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുയായിരുന്നു.