തൃശൂർ: ലിഫ്റ്റിൽ കുടുങ്ങിയ യുവാവ് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ താഴേക്കു വീണ് ഗുരുതരപരുക്ക്. പാലക്കാട് സ്വദേശി അശോകൻ (42) ആണ് അപകടത്തിൽപ്പെട്ടത്.

കിഴക്കേക്കോട്ട കീരംകുളങ്ങര ഗായത്രി അപ്പാർട്ട്‌മെന്റിൽ എട്ടാംനിലയിൽ താമസിക്കുന്ന അശോകൻ താഴേക്കിറങ്ങാനായി കയറിയ ലിഫ്റ്റ് ഏഴാം നില കഴിഞ്ഞപ്പോൾ കേടായി. തുടർന്ന്, ലിഫിറ്റിന്റെ വാതിൽ പുറത്തുനിന്നു ഫ്‌ളാറ്റിലെ മറ്റ് താമസക്കാർ താക്കോലിട്ടു തുറന്നു കൊടുത്തു. പാതി തുറന്ന വാതിലിലൂടെ ഏഴാം നിലയിലേക്കു പിടിച്ചു കയറുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

തറനിരപ്പിൽ നിന്നു എട്ടടിയോളം താഴ്ചയുള്ള ലിഫ്റ്റ് വെല്ലിനുള്ളിലേക്കാണ് ഇയാൾ വീണത്. കോണി വച്ച് ഇറങ്ങി അശോകനെ മുകളിലെത്തിക്കാൻ മറ്റുള്ളവർ ശ്രമിച്ചെങ്കിലും ശ്രമം പരാജയപെട്ടു. സ്ഥലത്തെത്തിയ അഗ്‌നിശമന സേനാംഗങ്ങൾ ലിഫ്റ്റ് വെല്ലിൽ ഇറങ്ങി ഏറെ പണിപ്പെട്ടാണ് യുവാവിനെ പുറത്തെത്തിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ തലയ്ക്കുള്ളിലും വാരിയെല്ലിലും പൊട്ടലുണ്ട്. ഇടുപ്പെല്ലും തകർന്നിട്ടുണ്ട്