ബാഴ്‌സലോണ: ഫുട്ബോൾ മിശിഹ ലയണൽ മെസ്സി സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണയിൽ തുടരും. ഫുട്‌ബോൾ ലോകത്തെ നടുക്കിയ മെസ്സിയുടെ ട്രാൻസ്ഫർ അഭ്യൂഹങ്ങൾക്ക് ഒടുവിൽ വിരാമമായി. താൻ ബാഴ്‌സലോണ വിടില്ലെന്ന് മെസ്സി വ്യാകത്മാക്കി. നിയമ പ്രശ്‌നങ്ങളിൽ കുരുങ്ങിയാണ് മെസ്സിയുടെ ട്രാൻസ്ഫർ നടക്കാതെ പോയതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇതോടെ സൂപ്പർതാരം ലയണൽ മെസ്സി 2021വരെ ബാഴ്‌സലോണയിൽ തുടരുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ബാഴ്‌സലോണ ക്ലബ് അധികൃതർക്ക് അയച്ച ഫാക്‌സ് സന്ദേശത്തിലാണ് മെസ്സി തന്റെ തീരുമാനം അറിയിച്ചത്. ''ബാഴ്‌സയിൽ തുടരാൻ തനിക്ക് താൽപര്യമില്ലെങ്കിലും നിയമപ്രശ്‌നങ്ങൾ കാരണം ക്ലബ് വിടുന്നില്ല. ബാർതമ്യൂ നയിക്കുന്ന ക്ലബ് മാനേജ്‌മെന്റ് ദുരന്തമാണ്'' - അന്താരാഷ്ട്ര ഫുട്ബോൾ വെബ്‌സൈറ്റായ ഗോൾ ഡോട്ട് കോമിന് വെള്ളിയാഴ്ച നൽകിയ അഭിമുഖത്തിൽ മെസ്സി തുറന്നടിച്ചു.

മെസ്സി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് കൂടുമാറിയേക്കുമെന്ന് കനത്ത അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. മെസ്സിയുടെ പിതാവും ഏജന്റുമായ ഹോർഹെ മെസ്സിയുമായി ബാഴ്‌സ പ്രസിഡന്റ് ജോസപ് മരിയ ബർതമ്യൂ നടത്തിയ ചർച്ചയിൽ ടീമിൽ തുടരുന്ന കാര്യത്തിൽ തീരുമാനമായതായി യൂറോപ്യൻ മാധ്യമങ്ങൾ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.

തുടക്കത്തിൽ ഒരു ഒത്തുതീർപ്പിനും വഴങ്ങാതിരുന്ന മെസ്സി വമ്പൻ തുക റിലീസ് ക്ലോസായി ആവശ്യപ്പെട്ടുകൊണ്ടുള്ള ബാഴ്‌സയുടെ കടുത്ത തീരുമാനത്തിനുമുമ്പിൽ മുട്ടുമടക്കുകയായിരുന്നു. ടീമുമായുള്ള പടലപ്പിണക്കങ്ങൾ വരും സീസണുകളിൽ മെസ്സിയുടെ പ്രകടനത്തെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം.

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ബയേൺ മ്യൂണിക്കിനെതിരേ 8-2ന്റെ കൂറ്റൻ തോൽവി വഴങ്ങി ബാഴ്‌സലോണ പുറത്തായതിന് പിന്നാലെയാണ് മെസ്സി ടീം വിടുകയെന്ന കടുത്ത തീരുമാനത്തിലെത്തിയത്. എന്നാൽ മെസ്സിയെ വിടാൻ ബാഴ്‌സ ഒരുക്കമായിരുന്നില്ല. ഇതിന് പിന്നാലെ ബാഴ്‌സയുടെ പരിശീലനവും കോവിഡ് പരിശോധനയും മെസ്സി ബഹിഷ്‌കരിച്ചിരുന്നു.