തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയതോടെ വലിയ വെല്ലുവിളികളാണ് മുന്നിലുള്ളത്. സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറുന്നതിനൊപ്പം വ്യവസായ, ടൂറിസം മേഖലകളെയും കൈപിടിച്ചുയർത്തണം. ഇതോടൊപ്പം കാർഷകർക്ക് വരുമാനം ഉറപ്പാക്കുകയും വേണം. ഇതിനെല്ലാം സഹായകമാകുന്ന സാധ്യതകൾ കേരളത്തിന് മുന്നിലുണ്ട്. എന്നാൽ, ഈ സാധ്യത പരിഗണിക്കാതെ വിട്ടുകളയാൻ കാരണം പലപ്പോഴും വിഷയം സമുദായ സംഘടനകളുടെ എതിർപ്പിൽത്തട്ടി മുന്നോട്ടുപോകാൻ സാധിക്കാത്തതു കൊണ്ടാണ്.

ഇപ്പോൾ കർഷകസംഘം സംസ്ഥാന സെക്രട്ടറി കൂടിയായ കെ എൻ ബാലഗോപാൽ കേരളത്തിന്റെ ധനമന്ത്രി ആകുമ്പോൾ ചില പുത്തൻ ആശയങ്ങൾ ഉയർന്നു വരുന്നുണ്ട്. കേരളത്തിൽ മരച്ചീനിയിൽ നിന്ന് സ്പിരിറ്റ് ഉൽപാദിപ്പിക്കാൻ കഴിയുമോ? അത്തരം സാധ്യതകൾ കേരളം ചർച്ച ചെയ്യേണ്ടതാണ് എന്നാണ ധനമന്ത്രി വ്യക്തമാക്കുന്ന കാര്യം. യുഡിഎഫും എൽഡിഎഫും എല്ലാം ചർച്ച ചെയ്യട്ടെ. അങ്ങനെ ചെയ്യണം എന്നു ഞാൻ നിർദ്ദേശിക്കുകയല്ല. പക്ഷേ കർഷകനു കൂടുതൽ വരുമാനം ലഭിക്കാനുള്ള സാധ്യത തുറക്കുന്ന ചർച്ചയിലേക്ക് കേരളം കടക്കണമെന്നാണ് ധനമന്ത്രി മനോരമക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്: കേരളം കാർഷിക മേഖലയിൽ പല തരത്തിൽ മാറി ചിന്തിച്ചേ പറ്റൂ. തോട്ടം മേഖലയിൽ റബറാണ് പ്രധാന വരുമാന മാർഗം. പക്ഷേ റബർ മാത്രം മതി എന്നു കരുതി ഇരിക്കാൻ സാധിക്കില്ല. എത്തക്കായിൽനിന്നു കായ വറുത്തത് ഉണ്ടാക്കി വിറ്റതു കൊണ്ടു മാത്രം പ്രയോജനം ഉണ്ടാകില്ല. പല തരത്തിലുള്ള അസംസ്‌കൃത വസ്തുക്കളുടെ ഉൽപാദനത്തിനുകൂടി വിളകൾ ഉപയോഗിക്കണം. 'സുഭിക്ഷ കേരളം' പദ്ധതി മികച്ച രീതിയിൽ നടപ്പാക്കിയതോടെ കേരളത്തിൽ ഉൽപാദിപ്പിക്കുന്ന മരച്ചീനി തിന്നു തീർക്കാൻ പറ്റാതായി. അഞ്ചു രൂപ പോലും മരച്ചീനിക്ക് കിട്ടാത്ത സ്ഥിതിയുണ്ട്. കുറഞ്ഞത് 1112 രൂപ ലഭിച്ചാലേ കർഷകനു പ്രയോജനമുള്ളൂ. മരച്ചീനിയിൽനിന്ന് അന്നജം (സ്റ്റാർച്ച്) ഉണ്ടാക്കുമായിരുന്നു. കരിമ്പിൽനിന്ന് മദ്യം ഉൽപാദിപ്പിക്കുന്ന ചിറ്റൂർ ഷുഗർ മിൽ ഇവിടെ ഉണ്ടായിരുന്നു. കേരളത്തിലേക്കു ലക്ഷക്കണക്കിനു ലീറ്റർ സ്പിരിറ്റ് വരുന്നുണ്ട്. അതു വെള്ളവും ടേസ്റ്റ് മേക്കറും ചേർത്തു മദ്യമായി വിപണനം ചെയ്യുന്ന രീതിയാണ് ഉള്ളത്.''- കെ എൻ ബാലഗോപാൽ നിലപാട് വ്യക്തമാക്കി.

ധനമന്ത്രിയുടെ നിലപാടിനെ ചുറ്റിപ്പറ്റി സംസ്ഥാനത്ത് കൂടുതൽ ഡിസ്റ്റിലറികൾ തുടങ്ങാൻ ഉദ്ദേശിക്കുന്നു എന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ധനമന്ത്രി മുന്നോട്ടു വെച്ച ആശയം സോഷ്യൽ മീഡിയയിലും ചർച്ചയായിട്ടുണ്ട്. മരച്ചീനിയിൽ നിന്ന് മദ്യമുണ്ടാക്കുന്നത് കർഷകർക്ക് സ്ഥിരവരുമാനം ഉപ്പാക്കുമെന്നും ഇതോടൊപ്പം കേരളത്തിന്റെ സ്വന്തം മദ്യബ്രാൻഡാക്കി മാറ്റാമെന്നുമുള്ള അഭിപ്രായങ്ങളും ശക്തമായി ഉയരുന്നുണ്ട്. സംസ്ഥാനത്ത് നിലവിലുള്ള ഡിസ്റ്റിലറികൾ മെച്ചപ്പെടുത്തിയാൽ കൂടുതൽ മികച്ച മദ്യബ്രാൻഡ് കേരളത്തിന് സമ്മാനിക്കാനാകുമെന്നും സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു. നിലവിൽ കേരളത്തിലെ സുഗന്ധദ്രവ്യങ്ങൾ ചേർത്ത മദ്യം ഉണ്ടാക്കണമെന്നും സോഷ്യൽ മീഡിയിൽ ചിലർ അഭിപ്രായപ്പെടുന്നു. കേരളത്തിൽ നിന്നുള്ള സുഗന്ധ വ്യജ്ഞനം ചേർത്ത മദ്യത്തിന് യൂറോപ്പിൽ നല്ല മാർക്കറ്റു ലഭിക്കുമെന്നും ചിലർ ചൂണ്ടിക്കാട്ടി.

ഇതുമായി ബന്ധപ്പെട്ട് കെ എ ഷാജി ഫേസ്‌ബുക്കിൽ എഴുതിയത് ഇങ്ങനെ:

മരച്ചീനിയിൽ നിന്ന് മദ്യമുണ്ടാക്കുന്നത് കർഷകർക്ക് സ്ഥിരവരുമാനമുറപ്പാക്കുമെന്നും അതെപ്പറ്റി യു ഡി എഫും എൽ ഡി എഫും ആലോചിക്കണമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ. തീർത്തും പ്രസക്തമായ നിർദ്ദേശം. സർക്കാർ ഉടമസ്ഥതയിലുള്ള തിരുവല്ലയിലേയും ചിറ്റൂരിലേയും ഡിസ്റ്റിലറികൾ ആധുനിക യന്ത്രസാമഗ്രികൾ വച്ച് മെച്ചപ്പെടുത്തിയെടുക്കണം. കപ്പ മാത്രമല്ല പൈനാപ്പിളും കശുമാങ്ങയും വാറ്റാൻ പറ്റുന്ന മറ്റെല്ലാ വിഭവങ്ങളും സർക്കാർ സ്ഥാപനങ്ങളിൽ വാറ്റി വയനാട്ടിലെയും ഇടുക്കിയിലേയും സുഗന്ധദ്രവ്യങ്ങൾ ചേർത്താൽ ഒന്നാം തരം അന്താരാഷ്ട്ര നിലവാരമുള്ള മദ്യങ്ങൾ ഉണ്ടാക്കാം. കൃഷി മെച്ചപ്പെടും. വിദേശനാണ്യം കിട്ടും. തൊഴിലുമുണ്ടാകും. കർശന ഗുണമേന്മ ഉറപ്പ് വരുത്തണമെന്ന് മാത്രം.

കെ സി ബി സിയോടും കാന്തപുരത്തിനോടും ഇതര മദ്യവിരുദ്ധ മത മാലിന്യങ്ങളോടും കടക്ക് പുറത്ത് പറയാൻ പോന്ന മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമുള്ള കാലമായതിനാൽ ധനമന്ത്രി ശക്തമായി മുന്നോട്ട് പോകണം. തിരുവല്ലയിലെ കരിമ്പിൻ ചാണ്ടിയിൽ നിന്നുള്ള ജവാൻ പരിഷ്‌കരിച്ച് നല്ല ബോട്ടിലും ലേബലുമാക്കാനും സർക്കാർ തയ്യാറാകണം. വരട്ടെ കുറേ നല്ല കേരള മദ്യ ബ്രാണ്ടുകൾ. ആഗോള സ്പിരിറ്റ് റവലൂഷനിൽ നമുക്ക് ഭാവിയുണ്ട്. നിലവിൽ കേരളത്തിലെ സുഗന്ധദ്രവ്യങ്ങൾ ചേർത്ത മദ്യത്തിന് യൂറോപ്പിൽ നല്ല മാർക്കറ്റാണ്.

അസേമയം കേരളത്തിൽ ഏറ്റവും വിറ്റുപോകുന്ന ജവാൻ ബ്രാൻഡ് മദ്യം കേരള സർക്കാർ ഉൽപ്പാദിപ്പിക്കുന്നതാണ്. ബെവ്‌കോ വഴി ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന ബ്രാന്ഡാണ് ഇത്. ദിനം പ്രതി 6000 കെയ്‌സ് ആണ് ഇപ്പോൾ ഉൽപാദനം. ഇത് എണ്ണായിരമെങ്കിലും ആക്കി ഉയർത്തണമെന്ന ആവശ്യവും അടുത്തിടെ ബീവറേജസ് കോർപ്പറേഷൻ ഉയർന്നിരുന്നു.

സർക്കാർ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസാണ് ജവാന്റെ ഉൽപാദകർ. കേരളത്തിൽ ജവാൻ ഉൽപ്പാദനം കുറയുമ്പോഴാണ് മറ്റ് ബ്രാൻഡ് മദ്യങ്ങൾക്ക് വിൽപ്പന കൂടുന്നത്. ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിൽ അടക്കം മരച്ചീനിയിൽ നിന്നും മദ്യം ഉൽപ്പാദിപ്പികാവുന്ന മാർഗ്ഗങ്ങളിലേക്ക് കടക്കാമെന്ന വിധത്തിലാണ് ധനമന്ത്രി മുന്നോട്ടു വെച്ച ചർച്ചകൾ കൊഴുക്കുന്നത്. ഈ തീരുമാനവുമായി സർക്കാർ മുന്നോട്ടു പോയാൽ അത് കേരളത്തിൽ സജീവ ചർച്ചയായി മാറുമോന്ന്ഉറപ്പാണ്.