ലഖ്‌നൗ: ലോക്ഡൗൺ കാലത്ത് വ്യാജമദ്യത്തിന്റെ പറുദീസയായി ഉത്തർപ്രദേശ്. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ മറ്റകടകളൊക്കെ അടച്ചിടുമ്പോഴും മദ്യം സുലഭമായി തന്നെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ ലഭിക്കുന്നുണ്ട്.വ്യാജമദ്യത്തിന്റെ കുത്തൊഴുക്ക് സംസ്ഥാനത്തെ വൻദുരന്തത്തിലേക്കാണ് തള്ളിവിട്ടത്.

ഉത്തർപ്രദേശിലെ അലിഗഡിൽ വ്യാജമദ്യം കഴിച്ച് 15 പേർ മരിച്ചു. 16 പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ബാറുടമയുൾപ്പടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ച് എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് അധികൃതർ ഉത്തരവിട്ടു.

വ്യാഴ്ചയോടെയാണ് ബാറിൽ നിന്നും മദ്യം കഴിച്ചവർക്ക് ആരോഗ്യ പ്രശ്‌നങ്ങൾ കണ്ടുതുടങ്ങിയത്.  സമീപ ഗ്രാമങ്ങളിൽ നിന്നുള്ള നിരവധി പേർ മദ്യം കഴിച്ചിരുന്നു. ദേഹാസ്വസ്ഥ്യത്തെ തുടർന്ന് നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.ബാറിൽ നിന്നും പരിശോധനയ്ക്കായി സാമ്പിളികുകൾ ശേഖരിച്ചിട്ടുണ്ട്.

മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരമായി ജില്ലാ മജിസ്ട്രേറ്റ് അഞ്ച് ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാജമദ്യം വിറ്റ ബാർ അധികൃതർ അടച്ചുപൂട്ടി, അറസ്റ്റിലായ ബാർ ഉടമയേയും സഹായികളെയും ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.

അതേസമയംഉത്തർ പ്രദേശിൽ വ്യാജമദ്യ റാക്കറ്റ് ശക്തമായിരിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് ഗോരംഗ് ദേവ് ചൗഹാൻ ആരോപിച്ചു. ലോക്ക്‌ഡൗൺ സമയത്ത് കടകളും മറ്റ് സുപ്രധാന വാണിജ്യ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. അപ്പോഴും മദ്യവിൽപ്പനയ്ക്ക് ഇളവ് ലഭിക്കുന്നത് വിരോധാഭാസമാണ്. സംസ്ഥാനത്തെ എല്ലാ മദ്യവിൽപ്പന ശാലകളും അടച്ചിടണം. യോഗി സർക്കാരിന്റെ തെറ്റായ നയങ്ങളാണ് വ്യാജമദ്യലോബി സംസ്ഥാനത്ത് ശക്തമാകാൻ കാരണമെന്നും ഗോരംഗ് ദേവ് കുറ്റപ്പെടുത്തി