വാഷിങ്ങ്ടൺ: 62 വർഷങ്ങൾക്കു ശേഷം അമേരിക്കയിൽ നടപ്പാക്കിനിരുന്ന വധശിക്ഷ പല കാരണങ്ങൾകൊണ്ട് ലോക ശ്രദ്ധ നേടിയിരുന്നു. രണ്ട് പേരെയാണ് വധശിക്ഷ വിധിച്ചിരുന്നത്. കുറ്റകൃത്യത്തിന്റെ രീതി കൊണ്ടും പ്രതി ഒരു വനിതയാണെന്ന കാരണം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന കേസായിരുന്നു ലിസ മോണ്ട്‌ഗോമറി എന്ന 52 കാരിയുടെത്.ഇതിനു പുറമെ ഇപ്പോഴിതാ വീണ്ടും ഈ കേസ് ലോകശ്രദ്ധ നേടുകയാണ്.അവസാന നിമിഷം ശിക്ഷ സ്റ്റേ ചെയ്തുകൊണ്ട് കോടതി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.മിസൗറിയിൽ ഗർഭിണിയെ കൊന്ന് ഗർഭപാത്രത്തിൽ നിന്നും കുഞ്ഞിനെ മോഷ്ടിച്ച അതിക്രൂരമായ കുറ്റകൃത്യത്തിനാണ് കോടതി ലിസ മോണ്ട്‌ഗോമറിക്ക് വധശിക്ഷ നടപ്പാക്കാനിരുന്നത്.ലിസയുടെ വാദം കൂടി കേൾക്കുവാൻ വേണ്ടിയാണ് ഇത്തരത്തിൽ ഒരു സ്റ്റേ അനുവദിച്ചിരിക്കുന്നത്. മോണ്ട്‌ഗോമറി യുടെ വധശിക്ഷ നിർണ്ണയിക്കാൻ കോടതിയെ ഒരു വാദം കേൾക്കാൻ അനുവദിക്കുന്നുവെന്നും കോടതി വ്യക്ത മാക്കി.അമേരിക്കയിൽ വിഷദ്രാവകം കുത്തിവച്ച് മരണശിക്ഷ നടപ്പാക്കുന്നത്.

വധശിക്ഷയ്ക്ക് എതിര് എന്ന രീതിയിൽ പ്രസിദ്ധനായ ജോ ബൈഡൻ പുതിയ പ്രസിഡന്റായി അധികാരത്തിലെത്തുന്നതിന് എട്ട് ദിവസം മുൻപാണ് ഇത്തരത്തിൽ ജീവിതത്തിലേക്ക് തിരികെ എത്തിയത് എന്നതും ഏറെ ശ്രദ്ധേയമാണ്.1953ൽ ബോണി ഹെഡി എന്ന വനിതയാണ് അവസാന വധശിക്ഷ നടപ്പാക്കിയിരിക്കുന്നത്.

ആരാണ് ലിസ മോണ്ട്‌ഗോമറി

കാൻസസിലെ മെൽവെൺ സ്വദേശിയാണ് ലിസ.വളരെ കലുഷിതമായ ഒരു ബാല്യകാലത്തിൽ വളർന്ന ലിസ മോണ്ട്‌ഗോമറിക്ക് ചെറുപ്പത്തിൽ തന്റെ രണ്ടാനച്ഛനിൽ നിന്നേൽക്കേണ്ടി വന്ന തുടർച്ചയായ ബലാത്സംഗങ്ങൾ അവളെ ഒരു സൈക്കോപാത് ആക്കി മാറ്റി എന്നാണ് ഈ കേസ് പഠിച്ച സൈക്യാട്രിസ്റ്റുകൾ പറയുന്നത്. ആ പീഡനങ്ങൾ ഏൽപ്പിച്ച മാനസിക വ്യഥയെ അതിജീവിക്കാൻ വേണ്ടി മദ്യത്തിൽ അഭയം തേടിയ ലിസ, താമസിയാതെ അതിന് അടിമയായി. പതിനാലാം വയസ്സിൽ അമ്മയ്ക്ക് മകൾ സഹിക്കുന്ന ലൈംഗിക ചൂഷണങ്ങളെപ്പറ്റി വിവരം കിട്ടുന്നുണ്ട് എങ്കിലും, അവർ ലിസയെ അതിൽ നിന്ന് രക്ഷിക്കുന്നതിന് പകരം തോക്കുചൂണ്ടി സ്വന്തം മകളെ ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്.

പതിനെട്ടാമത്തെ വയസ്സിൽ വീടുവിട്ടോടിയ ലിസ പിന്നീടുള്ള ജീവിതം സ്വന്തം കാലിൽ തന്നെയായിരുന്നു. രണ്ടു വിവാഹങ്ങൾ കഴിച്ച ലിസയ്ക്ക് രണ്ടിലും നിരവധി പീഡനങ്ങൾ സഹിക്കേണ്ടി വന്നു. 1990 -ൽ ട്യൂബൽ ലിഗേഷന് വിധേയയാകുന്നതിനു മുമ്പ് ലിസ നാലുവട്ടം പ്രസവിച്ചിരുന്നു. ഈ ഗർഭം നിർത്തൽ ശസ്ത്രക്രിയക്ക് ശേഷവും ലിസ പലവട്ടം താൻ ഗർഭിണിയാണ് എന്ന് വ്യാജമായി അവകാശപ്പെട്ടിരുന്നു.

മനുഷ്യത്ത്വത്തെ മരവിപ്പിക്കുന്ന കുറ്റകൃത്യം

വളരെ കരുതിക്കൂട്ടിയായിരുന്നു, തന്റെ മുപ്പത്താറമത്തെ വയസ്സിൽ ലിസ ആ കൊലപാതകം നടത്തിയത്. പ്രസവും നിർത്താനുള്ള ശസ്ത്രക്രിയക്ക് വിധേയമായിരുന്നു ലിസ എങ്കിലും, 2004 ൽ താൻ ഗർഭിണിയാണ് എന്ന് അവർ ബന്ധുക്കളെയും സുഹൃത്തുക്കളെയും ധരിപ്പിക്കുന്നു. അക്കൊല്ലം ഡിസംബറിൽ അവർ ഒരു ഓൺലൈൻ പരസ്യത്തെ പിന്തുടർന്ന്, 'റാറ്റർ ചാറ്റർ' എന്ന ചാറ്റ് റൂമിലൂടെ ഗർഭിണിയായ ബോബി ജോ സ്റ്റിന്നെറ്റ് എന്ന 23 -കാരിയെ സമീപിക്കുന്നു. ബോബിയിൽ നിന്ന് ഒരു റാറ്റ് ടെറിയർ നായക്കുട്ടിയെ വാങ്ങാനാണ് താൻ വന്നത് എന്നായിരുന്നു, ഡാർലിൻ ഫിഷർ എന്ന് പരിചയപ്പെടുത്തിയ ലിസ അവരോട് പറഞ്ഞത്. വടക്കുപടിഞ്ഞാറൻ മിസൗറിയിലെ സ്‌കിഡ്‌മോറിൽ ഉള്ള ബോബിയുടെ വീട്ടിലേക്ക് ചെന്ന ലിസ അവിടെ വെച്ച് അവളെ കഴുത്തു ഞെരിച്ച് കൊന്ന ശേഷം, വയറുകീറി ബോബിയുടെ എട്ടുമാസം വളർച്ചയെത്തിയ കുഞ്ഞിനെ പുറത്തെടുക്കുന്നു. അതിനു ശേഷം ആ കുഞ്ഞിനേയും കൊണ്ട് വീട്ടിൽ എത്തിയ ലിസ അവിടെ എല്ലാവരോടും കുഞ്ഞിനെ താൻ കഴിഞ്ഞ ദിവസം രാത്രി പ്രസവിച്ചതാണ് എന്ന് ബോധിപ്പിക്കുന്നു.

എന്നാൽ, ബോബിയുടെ മൃതദേഹം അവളുടെ അമ്മ കണ്ടെത്തിയ അന്ന് തൊട്ടേ പൊലീസ് ബോബിയുടെ കമ്പ്യൂട്ടർ ചാറ്റ് ഹിസ്റ്ററി വെച്ച് നടത്തിയ 'ഫോറൻസിക് കമ്പ്യൂട്ടർ ഇൻവെസ്റ്റിഗേഷനിലൂടെ' മണിക്കൂറുകൾക്കകം, മുഖ്യ പ്രതിയായി ലിസയെ സംശയിച്ചു. അവർ ബോബിയോട് പറഞ്ഞ പേര് വ്യാജമായിരുന്നു എന്നുകൂടി വന്നതോടെ പൊലീസിന്റെ സംശയം ഇരട്ടിച്ചു. അടുത്ത ദിവസം തന്നെ അവർ ലിസയുടെ വീട് സെർച്ച് ചെയ്ത് അവരെ അറസ്റ്റു ചെയ്തു. കുഞ്ഞിനെ ജീവനോടെ വീണ്ടെടുത്ത് ആശുപത്രിയിൽ എത്തിച്ചു.ഇങ്ങനെയാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കേസിന്റെ വിവരം പുറംലോകമറിയുന്നത്.

മലയാളി മനഃശാസ്ത്രജ്ഞൻ വിദഗ്‌ദോപദേശം നൽകിയ കേസ്

2007ൽ കേസിൽ ലിസ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തുകയും വധശിക്ഷ വിധിക്കുക യും ചെയ്തു. എന്നാൽ, മാനസിക പ്രശ്‌നമുള്ളയാളാണ് ലിസ എന്ന തരത്തിൽ അഭിഭാഷകൻ വാദി ച്ചിരുന്നു. കുട്ടിക്കാലത്ത് തലച്ചോറിന് അടിയേറ്റിരുന്നുവെന്നും അതിനാൽ അവർക്ക് മാനസിക അസ്വാസ്ഥമുണ്ടെന്നും അഭിഭാഷകൻ കോടതിയിൽ വാദിച്ചു.മലയാളി മനഃശാസ്ത്രജ്ഞൻ വിദ ഗ്‌ദോപദേശം നൽകിയ കേസെന്ന പ്രത്യേകതയും ഇ കേസിനുണ്ട്. മലയാളിയായ പ്രസിദ്ധ ബിഹേവിയറൽ ന്യൂറോളജി, സൈക്കോഫിസിക്‌സ് ശാസ്ത്രജ്ഞനായ വിളയന്നൂർ രാമചന്ദ്രൻ, എംഡി വില്യം ലോഗൻ എന്നിവർ ചേർന്ന് ലിസ മോണ്ട് ഗോമറിക്ക് സ്യൂഡോസയോസിസ് എന്ന വിശേഷ മാനസികാവസ്ഥ ആയിരുന്നു എന്ന് വിദഗ്ധാഭിപ്രായം നല്കുകയുണ്ടായിരുന്നു. ഗർഭിണി അല്ലാതെയും മാനസിക പ്രശ്‌നങ്ങളാൽ ഗർഭത്തിന്റെ ശാരീരികാസ്വാസ്ഥ്യങ്ങൾ അനുഭവിക്കേ ണ്ടി വരുന്ന അവസ്ഥക്കാണ് സ്യൂഡോസയോസിസ് എന്ന് പറയുന്നത്. ഇതിനു പുറമെ ഡിപ്രഷൻ, ബോർഡർ ലൈൻ പഴ്‌സനാലിറ്റി സിൻഡ്രം, പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോർഡർ തുടങ്ങിയ മാനസിക രോഗങ്ങളും ലിസയ്ക്കുണ്ടെന്ന് വിളയന്നൂരും ലോഗനും നടത്തിയ പഠനങ്ങളിൽ തെളിഞ്ഞി രുന്നു.താൻ പ്രവർത്തിച്ചതിനെക്കുറിച്ച് പല തവണ ലിസ പല വിധത്തിൽ മൊഴി നൽകിയതിന് പിന്നിലും അവർ കടന്നുപോകുന്ന മാനസികാവസ്ഥകൾ തന്നെയാണ് കാരണം എന്നും വിള യന്നൂർ രാമചന്ദ്രൻ പറഞ്ഞിരുന്നു.

എന്നാൽ, അന്ന് പ്രോസിക്യൂഷനുവേണ്ടി കേസ് വാദിച്ച ഫെഡറൽ പ്രോസിക്യൂട്ടർ റോസിയാൻ കെച്ച് മാർക്ക്, ഫോറൻസിക് സൈക്യാട്രിസ്റ്റ് പാർക്ക് ഡയറ്റ്‌സ് എന്നിവർ വിളയന്നൂരിന്റെ പാനൽ മുന്നോട്ടുവെച്ച വിദഗ്ധാഭിപ്രായം തെറ്റാണ് എന്ന് വാദിച്ചു കൊണ്ട് പ്രതിക്ക് വധശിക്ഷ നൽകണം എന്ന് നീതിപീഠത്തോട് ശക്തിയുക്തം വാദിച്ചു.ഇങ്ങനെയാണ് കേസിൽ വധശിക്ഷ വിധിക്കുന്നത്.

പ്രതിയുടെ വാദം കേട്ടശേഷം ഇതേവിധിയിൽ ഉറച്ച് മുന്നോട്ട് പോയാൽ വർഷങ്ങൾക്ക് ശേഷം വധശിക്ഷക്ക് വിധേയയാകുന്ന വനിതയാകും ലിസ മോണ്ട്‌ഗോമറി.