കോഴിക്കോട്: എൽജെഡിക്ക് അർഹതപ്പെട്ട രാജ്യസഭ സീറ്റ് നിഷേധിച്ചതിൽ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ എം വി ശ്രേയാംസ് കുമാർ. വിലപേശലിന്റെ ഭാഗമായാണ് സിപിഐയ്ക്ക് രാജ്യസഭാ സീറ്റ് ലഭിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. പാർട്ടിക്ക് സീറ്റ് നിഷേധിച്ചതിൽ മുന്നണിയിൽ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിൽവർലൈൻ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സിപിഐയുടെ നിലപാട് കൗതുകത്തോടെയാണ് നോക്കിക്കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. മദ്യനയം, ലോകായുക്ത നിയമഭേദഗതി എന്നിയിലും സിപിഐയുടെ നിലപാട് അറിയാൻ കാത്തിരിക്കുന്നുവെന്നും ശ്രേയാംസ് പറഞ്ഞു. പല വിഷയങ്ങളിലും പരസ്യ നിലപാട് എടുത്തവരാണ് സിപിഐ. എന്നാൽ നിലപാടിൽ നിന്നും വ്യത്യസ്തമായാണ് കഴിഞ്ഞ ദിവസം അവർ നിയമസഭയിൽ സംസാരിച്ചത് എന്നാണ് മനസ്സിലാക്കാൻ സാധിച്ചതെന്നും ശ്രേയാംസ് കുമാർ പറഞ്ഞു.

നേരത്തെ മന്ത്രിസ്ഥാനം നിഷേധിപ്പിച്ചപ്പോഴും അതൃപ്തി രേഖപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തങ്ങൾ മുന്നണി രാഷ്ട്രീയത്തിൽ നിൽക്കുന്ന ആളുകളാണ്. മുന്നണിയെ ശക്തിപ്പെടുത്തി പാർട്ടിയെ ശക്തിപ്പെടുത്തി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും ശ്രേയാംസ് കുമാർ വ്യക്തമാക്കി.

അതേസമയം ശ്രേയാംസ് കുമാറിന്റെ പരാമർശത്തോടു പ്രതികരിക്കാനില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. എൽഡിഎഫിൽ ഉണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണ് പാർട്ടിക്കു രാജ്യസഭാ സീറ്റ് ലഭിച്ചതെന്നും കാനം പറഞ്ഞു.

എൽഡിഎഫിൽ, ഒഴിവ് വന്ന രാജ്യസഭാ സീറ്റുകളിലേക്ക് കഴിഞ്ഞ ദിവസമാണ് സിപിഐഎമ്മും, സിപിഐയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. കേരളത്തിൽ നിന്നുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മുന്നണിക്ക് ലഭിച്ച രണ്ട് രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പിൽ സിപിഐയാണ് ആദ്യം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. നിലവിലെ കണ്ണൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമായ പി സന്തോഷ്‌കുമാർ എഐവൈഎഫിന്റെ മുൻ ദേശീയ സെക്രട്ടറിയായിരുന്നു.

ഡിവൈഎഫ്‌ഐ അഖിലേന്ത്യ സെക്രട്ടറി എഎ റഹീമാണ് സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാർത്ഥി. നിലവിൽ സിപിഐഎം സംസ്ഥാന സമിതി അംഗം കൂടിയാണ് റഹീം.എൽജെഡിയെ കൂടാതെ ജനതാദൾ എസും, എൻസിപിയും സീറ്റിനായി ആവശ്യമുന്നയിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ ജയമുറപ്പുള്ള രണ്ട് സീറ്റിലും സിപിഐഎം മത്സരിക്കുമെന്ന റിപ്പോർട്ടുകളാണ് നേരത്തെ പുറത്തുവന്നിരുന്നതെങ്കിലും ഇന്ന് ചേർന്ന ഇടതുമുന്നണി യോഗത്തിൽ ഒരു സീറ്റ് സിപിഐയ്ക്ക് നൽകാൻ തീരുമാനമാകുകയായിരുന്നു. രണ്ട് സീറ്റുകൾ ഒഴിവ് വരുമ്പോൾ ഒന്ന് തങ്ങൾക്ക് നൽകാമെന്ന ഉറപ്പ് സിപിഐഎം പാലിക്കണമെന്നാണ് സിപിഐ ഉന്നയിച്ചിരുന്നത്.