മലപ്പുറം: തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തു വരുമ്പോൾ എൽഡിഎഫിനും മുന്നേറ്റം. വിവിധ ഇടങ്ങളിൽ യുഡിഎഫ് മണ്ഡലങ്ങളും സിപിഎം പിടിച്ചെടുത്തു. വള്ളിക്കുന്ന് പഞ്ചായത്ത് ഒമ്പതാം വാർഡിൽ (പരുത്തിക്കാട്) മേലയിൽ യുഡിഎഫ് സിറ്റിങ് സീറ്റിൽ എൽഡിഎഫ് വിജയിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി പി എം രാധാകൃഷ്ണനാണ് 280 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. യുഡിഎഫ് അംഗമായിരുന്ന കെ വിനോദ്കുമാർ രാജിവെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ്. നിലവിൽ പഞ്ചായത്ത് ഭരിക്കുന്നത് എൽഡിഎഫാണ്. 23 അംഗ ഭരണ സമിതിയിൽ എൽഡിഎഫന് 14 അംഗങ്ങളും യുഡിഎഫിന് ഒമ്പത് അംഗങ്ങളുമാണുള്ളത്. വിജയൻ ആയിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി.

എൽഡിഎഫ് സ്ഥാനാർത്ഥിക്ക് 808 വോട്ട് കിട്ടിയപ്പോൾ കോൺഗ്രസിന് 528 വോട്ടുകളാണ് ലഭിച്ചത്. ബിജെപി സ്ഥാനാർത്ഥിക്ക് 182 വോട്ടും കിട്ടി. കഴിഞ്ഞ തവണ 38 വോട്ടിനാണ് കോൺഗ്രസ് സ്ഥാനാർത്ഥി വിജയിച്ചിരുന്നത്. 23 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ എൽഡിഎഫിന് 15 അംഗങ്ങളായി. യുഡിഎഫിന് ഒമ്പത് അംഗങ്ങൾ ഉണ്ടായിരുന്നത് 8 ആയി ചുരുങ്ങി.

റാന്നി അങ്ങാടിയിൽ യുഡിഎഫ് വാർഡ് പിടിച്ചെടുത്തു; പഞ്ചായത്ത് ഭരണത്തിൽ എൽഡിഎഫിനു ഭൂരിപക്ഷമായി

റാന്നി അങ്ങാടി പഞ്ചായത്തിലെ അഞ്ചാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്ന് എൽഡി എഫ് പിടിച്ചെടുത്തു. ഇതോടെ നറുക്കെടുപ്പിലൂടെ ഭരിച്ച പഞ്ചായത്തിൽ എൽഡി എഫിന് കേവല ഭൂരിപക്ഷമായി. എൽഡിഎഫ് സ്ഥാനാർത്ഥി കുഞ്ഞു മറിയാമ്മയാണ് വിജയി. യുഡിഎഫ് സ്ഥാനാർത്ഥി സാറാമ്മ യെയാണ് പരാജയപ്പെടുത്തിയത്.

യുഡിഎഫ് അംഗം വിദേശത്ത് ജോലിക്ക് പോയതാണ് ഒഴിവുവരാൻ കാരണം. പത്തനംതിട്ട ജില്ലയിൽ കോന്നി പഞ്ചായത്തിലെ 18ാം വാർഡിൽ അർച്ചന ബാലൻ (യുഡിഎഫ്) വിജയിച്ചു. എൽഡിഎഫിലെ പി ഗീതയെയാണ് പരാജയപ്പെടുത്തിയത്. യുഡിഎഫ് അംഗത്തിന്റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്.

പാലക്കാട് പല്ലശ്ശനയിൽ ബിജെപി സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു; ചെർപ്പുളശേരിയിലും ജയം

ജില്ലയിൽ രണ്ട് വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ സിപിഐ എം സ്ഥാനാർത്ഥികൾക്ക് ജയം. പല്ലശ്ശന പഞ്ചായത്തിലെ 11 -ാം വാർഡ് കൂടല്ലുർ ബിജെപിയിൽ നിന്ന് സിപിഐ എമ്മിന്റെ കെ മണികണ്ഠൻ തിരിച്ചുപിടിച്ചു. ചെർപ്പുളശേരി നഗരസഭ 23 -ാം വാർഡ് കോട്ടക്കുന്നിൽ 419 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിപിഐ എമ്മിന്റെ ബിജീഷ് കണ്ണൻ വിജയിച്ചത്. പോൾ ചെയ്ത വോട്ട് - 793. ബിജീഷ് കണ്ണൻ - 587. യുഡിഎഫ് - 168, ബിജെപി - 38. കൂടല്ലൂർ വാർഡിൽ ഭൂരിപക്ഷം: 65. പോൾ ചെയ്ത വോട്ട് - 1114. കെ മണികണ്ഠൻ - 559, ബിജെപി 494, യുഡിഎഫ് 61. രണ്ടിടത്തും എൽഡിഎഫാണ് ഭരണത്തിൽ.

കൊടുവള്ളി നഗരസഭ പതിനാലാം ഡിവിഷനിൽ എൽഡിഎഫിന് ജയം

കൊടുവള്ളി നഗരസഭയിലെ 14-ാം ഡിവിഷൻ വാരിക്കുഴിത്താഴം ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ സി സോജിത്ത് 418 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. യു ഡിഎഫ് സ്ഥാനാർത്ഥി ഹരിദാസൻ കുടക്കഴിയിലിന് 115 വോട്ടും. ബിജെപി സ്ഥാനാർത്ഥിയായി കെ അനിൽ കുമാറിന് 88 വോട്ടും ലഭിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 340 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് വിജയിച്ചത്.

വാരിക്കുഴിത്താഴത്തെ കൗൺസിലർ കെ ബാബു സിപിഐ എം താമരശേരി ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ കൗൺസിലർ സ്ഥാനം രാജിവെച്ചതിതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കൊടുവള്ളിയിലെ എൽ ഡി എഫിന്റ ഉറച്ച കോട്ടയിൽ പത്രപ്രവർത്തകനും സിപിഐ എം വാരിക്കുഴിത്താഴം ബ്രാഞ്ച്അംഗവുമായ കെ സി സോജിത്താണ് സിപിഐ എം സ്ഥാനാർത്ഥിയായി നിർത്തിയത്. ഏറെകാലം ദേശാഭിമാനി താമരശേരി ലേഖകനായും പിആർഡിയിലും പ്രവർത്തിച്ചിരുന്ന സോജിത്തിന്റെ ജനകീയതയാണ് എൽഡിഎഫിന് ഭൂരിപക്ഷം വർദ്ധിപ്പിച്ചത്.

മുഴപ്പിലങ്ങാട് എൽഡിഎഫ് സീറ്റ് നിലനിർത്തി

മുഴപ്പിലങ്ങാട് തെക്കേക്കുന്നുമ്പ്രം വാർഡിൽ എൽഡിഎഫ് സീറ്റ് നിലനിർത്തി. സിപിഐ എമിലെ കെ രമണി 37 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എൽഡിഎഫിന് 457 വോട്ടും യു ഡി എഫിന് 420വോട്ടും കിട്ടി. മുഴപ്പിലങ്ങാട് ഈസ്റ്റ് എൽപി സ്‌കൂൾ റിട്ട. പ്രധാനാധ്യാപികയാണ്. നിലവിലുണ്ടായിരുന്ന എൽഡിഎഫ് മെമ്പർ രാജമണി രാജിവച്ചതിനെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്. പി പി ബിന്ദു (യുഡിഎഫ്), സി രൂപ (ബിജെപി) എന്നിവരായിരുന്നു മറ്റുസ്ഥാനാർത്ഥികൾ.

മാങ്ങാട്ടിടം പഞ്ചായത്ത് അഞ്ചാം വാർഡായ നീർവേലിയിൽ ബിജെപിയിലെ ഷിജു ഒറോക്കണ്ടി ബിജെപി വിജയിച്ചു. ബിജെപിയിലെ സി കെ ഷീനയുടെ നിര്യാണത്തെതുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. കേളോത്ത് സുരേഷ് കുമാറായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി. എം പി മമ്മൂട്ടി (യുഡിഎഫ്), ആഷിർ നന്നോറ (എസ്ഡിപിഐ) എന്നിവരായിരുന്നു മറ്റുസ്ഥാനാർത്ഥികൾ.

കരുനാഗപ്പള്ളി ക്ലാപ്പനയിൽ എൽഡിഎഫിന് വിജയം

ക്ലാപ്പന കിഴക്ക് പതിനൊന്നാം വാർഡിൽ നടന്ന ഉപതെരെഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി സിപിഐ എമ്മിലെ വി ആർ മനുരാജ് വിജയിച്ചു. യുഡിഎഫിലെ വിക്രമനെ 379 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. എൽഡിഎഫിലെ വി ആർ അനുരാജിന് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്നാണ് ഇവിടെ ഉപതെരെഞ്ഞെടുപ്പ് വേണ്ടി വന്നത്. ദീർഘനാളത്തെ യുഡിഎഫ് ഭരണത്തിനുശേഷം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിലാണ് ഇടതുപക്ഷം ക്ലാപ്പന പഞ്ചായത്ത് ഭരണം പിടിച്ചെടുത്തത്. 15 ൽ 11 സീറ്റിലും ഇടതുപക്ഷം വിജയിക്കുകയായിരുന്നു.