പത്തനംതിട്ട: ദേവസ്വം ബോർഡ് മെമ്പർ ആകുന്നതിന് വേണ്ടി സിപിഐയിലെ മനോജ് ചരളേൽ രാജി വച്ച വാർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ഫോട്ടോഫിനിഷിൽ. എൽഡിഎഫും യുഡിഎഫും തുല്യവോട്ട് നേടിയപ്പോൾ നാണയഭാഗ്യം തുണച്ചത് എൽഡിഎഫ് സ്ഥാനാർത്ഥിയെ. കൊറ്റനാട് പഞ്ചായത്ത് ഏഴാം വാർഡിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. പ്രസിഡന്റ് കൂടിയായിരുന്ന മനോജ് ചരളേൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് രാജി വച്ചതൊടെയാണ് ഇവിടെ ഒഴിവ് വന്നത്. വോട്ടെണ്ണിയപ്പോൾ എൽഡിഎഫിലെ റോബി ഏബ്രഹാമിനും യുഡിഎഫിലെ മനോഷ് കാവുങ്കലിനും 297 വോട്ടുകൾ വീതം ലഭിച്ചു.

തുടർന്നാണ് വിജയിയെ നിശ്ചയിക്കാൻ ടോസിട്ടത്. നാണയ ഭാഗ്യം റോബിക്കായിരുന്നു. ബിജെപി സ്ഥാനാർത്ഥി സുധ ഇവിടെ 216 വോട്ട് നേടി. വോട്ട് എണ്ണിയതിൽ അപാകതയുള്ളതായും ഒരു പോസ്റ്റൽ വോട്ട് എണ്ണാതെ റിട്ടേണിങ് ഓഫീസർ പക്ഷപാതപരമായി റിസർട്ട് പ്രഖ്യാപിച്ചതായും ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകാനും നിയമ നടപടി സ്വീകരിക്കാനും ഒരുങ്ങുകയാണ് യുഡിഎഫ് നേതൃത്വം.

ജില്ലയിൽ നടന്ന മൂന്നുസീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. രണ്ടെണ്ണം എൽഡിഎഫിനും ഒന്ന് യുഡിഎഫിനും ലഭിച്ചു. കോന്നി പഞ്ചായത്തിലെ 18-ാം വാർഡ് യുഡിഎഫ് നിലനിർത്തി. 133 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യു ഡി എഫിലെ അർച്ചനാ ബാലൻ വിജയിച്ചു. പിതാവ് ബാലന്റെ നിര്യാണത്തെ തുടർന്നാണ് അർച്ചന മത്സരിച്ചത്. റാന്നി അങ്ങാടിക്കൽ പഞ്ചായത്തിൽ ഈട്ടിച്ചുവട് അഞ്ചാം വാർഡ് യുഡിഎഫിന് നഷ്ടമായി. ഇടത് സ്വതന്ത്ര കുഞ്ഞു മറിയാമ്മ 19 വോട്ടിന് വിജയിച്ചു.

ജില്ലയിലെ ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ യുഡിഎഫിനെ ഭൂരിപക്ഷം ജനങ്ങൾ പിന്തുണച്ചുവെന്നതിന് തെളിവാണെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. കോന്നി ഗ്രാമപഞ്ചായത്തിൽ 2020 ൽ 45 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്നിടത്ത് ഉപ
തെരഞ്ഞെടുപ്പിൽ 133 ആയി ഉയർന്നു.

കൊറ്റനാട് ഉപതെരഞ്ഞെടുപ്പിൽ തുല്യം വോട്ട് നേടിയ സ്ഥലത്ത് ടെൻഡർ വോട്ട് എണ്ണാൻ തയ്യാറാകാതെ നറുക്കിട്ടത് സിപിഐ സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പുവരുത്താൻ മാത്രമാണെന്ന് സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. കഴിഞ്ഞ തവണ ഇവിടെ 200 വോട്ടിനാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി വിജയിച്ചത്. ടെൻഡർ വോട്ടുകൾ എണ്ണണമെന്നുള്ള കോടതി ഉത്തരവുകൾ കാറ്റിൽ പറത്തിയാണ് ഇടതുപക്ഷം ജനവിധി അട്ടിമറിച്ചത്. ഇതിനെതിരേ യു.ഡി.എഫ് കോടതിയെ സമീപിക്കുമെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.

റാന്നി അങ്ങാടിയിൽ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ പരാജയ കാരണം സംബന്ധിച്ച് ബന്ധപ്പെട്ട ബ്ലോക്ക്, മണ്ഡലം, ബൂത്ത് കമ്മിറ്റികളിൽ നിന്ന് വിശദീകരണം തേടുമെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.