തിരുവനന്തപുരം: ബന്ധു നിയമനത്തിൽ മന്ത്രി കെ.ടി. ജലീലിനെതിരായ ലോകായുക്തയുടെ ഉത്തരവ് സംസ്ഥാന സർക്കാരിന് കൈമാറി. ലോകായുക്തയുടെ കണ്ടെത്തലുകളും തെളിവുകളുടെ പകർപ്പുമാണ് കൈമാറിയത്.

ബന്ധു നിയമനത്തിനായി അധികാര ദുർവിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയ കെ.ടി. ജലീലിനെതിരെ നടപടിയെടുക്കണമെന്ന് ലോകായുക്ത നിയമപ്രകാരം മുഖ്യമന്ത്രി പിണറായി വിജയന് നിർദ്ദേശം നൽകിയിരുന്നു.

കെ.ടി. ജലീലിനു മന്ത്രിസ്ഥാനത്തു തുടരാൻ അർഹതയില്ലെന്നായിരുന്നു ലോകായുക്ത ഉത്തരവ്. ഒരു മന്ത്രി ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നു ലോകായുക്ത നിയമത്തിലെ വകുപ്പ് 14 പ്രകാരം വിധിക്കുന്നത്.

സംസ്ഥാന ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജരായി ജലീലിന്റെ പിതൃസഹോദര പുത്രൻ കെ.ടി. അദീബിനെ ചട്ടവിരുദ്ധമായി നിയമിച്ചതായി ആരോപിച്ചായിരുന്നു ഹർജി. അദീബിന്റെ നിയമനത്തിനായി കോർപറേഷന്റെ നിർദേശമില്ലാതെ ജനറൽ മാനേജരുടെ വിദ്യാഭ്യാസ യോഗ്യതയിൽ മന്ത്രി മാറ്റം വരുത്തിയതായും നിയമനം ക്രമവിരുദ്ധമാണെന്നും ലോകായുക്ത കണ്ടെത്തി.

മന്ത്രിപദവി സ്വകാര്യ താൽപര്യത്തിനായി ദുരുപയോഗം ചെയ്തു. പക്ഷപാതപരമായി പ്രവർത്തിച്ചതിലൂടെ സത്യപ്രതിജ്ഞാ ലംഘനവും നടത്തി. ഇതെല്ലാം മന്ത്രി നേരിട്ടു ചെയ്തതിന്റെ തെളിവു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി വേണമെന്ന് 80 പേജുള്ള ഉത്തരവിൽ നിർദേശിച്ചിരിക്കുന്നത്.

ലോകായുക്ത ഉത്തരവിനെതിരെ മന്ത്രി കെ.ടി.ജലീൽ തിങ്കളാഴ്ച ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചിരുന്നു. വിധിക്കെതിരെ അപ്പീൽ നൽകാനാവാത്തതിനാലാണ് റിട്ട് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഹർജി ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കും.