കൊല്ലം: ആലപ്പുഴ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ബൈപാസ് റോഡിൽ കിളികൊല്ലൂർ പൊലീസ് നടത്തിയ വാഹന പരിശോധനയിൽ പിടിയിലായത് ഒന്നര കോടിയോളം രൂപ വിലവരുന്ന രണ്ടേ കാൽ ലക്ഷത്തോളം പായ്ക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ. രണ്ട് ലോറികളിലായി കൊണ്ടുവരികയായിരുന്ന 90 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പൊലീസിന്റെ പിടിയിലായത്. സംസ്ഥാനത്ത് നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ മൊത്തവ്യാപാരം നടത്തുന്ന സംഘത്തിന്റെ പുകയില ഉൽപ്പന്നങ്ങളാണ് പിടിയിലായിട്ടുള്ളത്.

ഒരു ലോറി പൊലീസ് പിടികൂടുന്നതു കണ്ട് പിന്നാലെ വരികയായിരുന്ന ലോറി ഉപേക്ഷിച്ച് ഡ്രൈവർ രക്ഷപെട്ടു. ഒരു ലോറി ഡ്രൈവർ അറസ്റ്റിലായി. കേരളത്തിനുള്ളിൽ ഗണേശ്, ശംഭു, ഹാൻസ്, പാൻപരാഗ് തുടങ്ങിയ ബ്രാൻഡുകളിലുള്ള പുകയില ഉൽപ്പന്നങ്ങൾ നിരോധിച്ചത് തമിഴ്‌നാട് കേന്ദ്രമായുള്ള പുകയില മാഫിയയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. അതിനാൽ പല മാർഗങ്ങളിലൂടെയും നിയമവിരുദ്ധ പുകയില ഉൽപ്പന്നങ്ങൾ കേരളത്തിലെ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് അവർ. അതിനുള്ള മാർഗങ്ങൾ പിടിയിലായ ഡ്രൈവർ വെളിപ്പെടുത്തിയത് കേട്ട് അതിശയിച്ചു നിൽക്കുകയാണ് കേരളാ പൊലീസ്.

'ചാലക്കുടിയിൽ ഹൈവേയിൽ പാൻ മസാല നിറച്ച ലോറി നിർത്തിയിട്ടിരിക്കും.ലോറിയിൽ താക്കോലും ഉണ്ടാകും. ലോറിക്കടുത്ത് ആരും ഉണ്ടാകില്ല. ഡ്രൈവർമാർ അവിടെയെത്തി ലോറി എടുത്തു കൊണ്ടു പോയാൽ മാത്രം മതിയാകും. എവിടെ എത്തിക്കണമെന്ന് ഡ്രൈവറുടെ മൊബൈൽ ഫോണിലെ ഗൂഗിൾ ലൊക്കേഷൻ മാപ്പ് വഴി നിർദ്ദേശം നൽകും. പണവും ഗൂഗിൾ വഴി ട്രാൻസ്ഫർ ചെയ്തു നൽകുകയാണ് പതിവ്.'് പിടിയിലായ ഡ്രൈവർ പൊലീസിനോട് വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം ബാലരാമപുരത്ത് പാന്മസാല ഇറക്കിയ സ്ഥലവും ഇയാൾ പൊലീസിന് പറഞ്ഞു കൊടുത്തിട്ടുണ്ട്. പച്ചക്കറി കയറ്റി വരുന്ന ബോർഡു വച്ച ലോറിയിലാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഇവർ കടത്തിയിരുന്നത്.

ചാലക്കുടിയിൽ നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് കൊണ്ടു പോകുകയായിരുന്ന പുകയില ഉൽപ്പന്നങ്ങളാണ് പിടിയിലായത്. ഡിജിപിയുടെ കാവൽ, റേഞ്ച് ഡിഐജിയുടെ ഓപ്പറേഷൻ ട്രോജൻ എന്നി പദ്ധതികളുടെ ഭാഗമായി സിറ്റി പൊലീസ് കമീഷണർ ടി. നാരായണന്റെ നിർദ്ദേശ പ്രകാരം കൊല്ലം എസിപി ജിഡി വിജയകുമാറിന്റെ മേൽനോട്ടത്തിൽ കിളികൊല്ലൂർ ഐഎസ്എച്ച്ഒ കെ. വിനോദിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം രാത്രിയിൽ ബൈപാസ് റോഡിൽ കല്ലും താഴം ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് കോടിയലധികം രൂപ വില വരുന്ന പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.

ഗണേശ്, ശംഭു, ഹാൻസ് തുടങ്ങിയ ബ്രാൻഡുകളിലുള്ള പുകയില ഉൽപ്പന്നങ്ങളാണ് ചാക്കുകളിൽ ഉണ്ടായിരുന്നത്. തൃശൂർ വേലൂപ്പാടം വരന്തരപ്പള്ളി കണ്ണൂർ കാടൻ പ്രമോദ് (37) ആണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ലോറി ഉപേക്ഷിച്ചു രക്ഷപെട്ട ഡ്രൈവറെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പാൻ മസാല കൊടുത്തു വിട്ട മൊത്തവ്യാപാരിയുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്‌കൂൾ പരിസരങ്ങളിലും, ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്ന പാൻ മസാലയാണ് പൊലീസ് പിടികൂടിയത്. ജില്ലയിൽ അടുത്തിടെ പൊലീസ് പിടികൂടുന്ന ഏറ്റവും വലിയ പാൻ മസാല വേട്ടയാണിത്.

കിളികൊല്ലൂർ എസ്ഐ അനീഷ് എപി, എസ്ഐ താഹാ കോയ, പിആർഓ ജയൻ സക്കറിയ, എഎസ്ഐമാരായ സി. സന്തോഷ് കുമാർ, എസ്. സന്തോഷ്, ജിജു, ദിലീപ്, അജോ ജോസഫ്, സിപിഒ രതീഷ് എന്നിവരടങ്ങിയ സംഘമാണ് പാന്മസാല പിടികൂടിയത്.