കണ്ണൂർ: ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങളിൽ വിലസിയിരുന്ന ലോട്ടറി മാഫിയ സംഘങ്ങളെക്കുറിച്ചുള്ള വാർത്തകൾ ഒരുകാലത്ത് കേരള ജനതയെപ്പോലും വിറപ്പിച്ചിരുന്നു. എങ്കിലും നമ്മുടെ സംസ്ഥാനത്തെ അത്രകണ്ട് ബാധിക്കാതിരുന്നതും കേരള ലോട്ടറിയുടെ വിശ്വാസ്യതയുമൊക്കെ കേരളത്തിലെ ജനങ്ങളെ ഈ മേഖലയോട് അടുപ്പിച്ച് നിർത്തിയിട്ടുമുണ്ട്. ഒറ്റ നമ്പർ ലോട്ടറിതട്ടിപ്പ് പോലുള്ള അപൂർവ്വ സംഭവങ്ങൾ സംസ്ഥാനത്തിന്റെ ചിലഭാഗത്തൊക്കെ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും കേരള ലോട്ടറിയുടെ വിശ്വാസ്യതയെ തകർക്കാൻ അവയൊന്നും ഒരു കാരണമേ അലലായിരുന്നു. ഇത്തരം ഘടകങ്ങൾ മുൻനിർത്തിയാവണം ലോട്ടറി മേഖലയെ തകർക്കാൻ ലക്ഷ്യമിടുന്ന വന്മാഫിയ കേരളത്തിലും നിലയുറപ്പിക്കുന്നുവോ എന്ന സംശയമാണ് സമീപകാലത്തെ ചില സംഭവങ്ങൾ ഉയർത്തുന്നത്.

പറശ്ശിനിക്കടവിലെ മൺസൂൺ ലോട്ടറിയുമായി ബന്ധപ്പെട്ട സംഭവം വെളിച്ചംവീശുന്നത് ഇത്തരത്തിലൊരു മാഫിയയുടെ കൃത്യമായ ഇടപെടലിലേക്കാണ്. 2019 ലെ മൺസൂൺ ബംബർ ലോട്ടറിയായ അഞ്ച് കോടി രൂപ അടിച്ച കണ്ണൂർ പറശ്ശിനിക്കടവ് സ്വദേശിക്ക് സമ്മാനത്തുക ലഭിച്ചത് മാസങ്ങൾ നീണ്ട നിയമ യുദ്ധത്തിന് ഒടുവിലുടെയാണ്. ആദ്യഘട്ടത്തിൽ കള്ളനെന്നു പോലും മുദ്രകുത്തപ്പെട്ട ഇയാൾ മകന്റെ പിന്തുണയോടെ ഹൈക്കോടതിയെ വരെ സമീപിച്ചാണ് തുക നേടിയെടുത്തത്. തുക ലഭിക്കുന്നതിനപ്പുറം തട്ടിപ്പിന് പിന്നിലെ സത്യം പുറത്തു കൊണ്ടു വരണമെന്നായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

നിനച്ചിരിക്കാതെയെത്തിയ ഭാഗ്യം.. ഒടുവിൽ കള്ളനെന്ന പരിവേഷം

കണ്ണൂരിലെ പ്രശസ്തമായ ശ്രീ മുത്തപ്പൻ ക്ഷേത്രത്തിലെ ജീവക്കാരനായിരനായിരുന്ന കഴിഞ്ഞ വർഷത്തെ മൺസൂൺ ബംബറിലെ ഭാഗ്യദേവതയുടെ കടാക്ഷം. ഇതിനുമുമ്പ് ചെറുതും വലുതുമായ രീതിയിൽ ഇയാളെ ഭാഗ്യദേവത കടാക്ഷിച്ചതിന്റെ പശ്ചാത്തലത്തിലാണ് ലോട്ടറിയെടുപ്പ് ഇയാൾ ഒരു ശിലമാക്കുന്നത്. അങ്ങിനെയാണ് പ്രതീക്ഷിക്കാതെ ആ തവണ ഒന്നാം സമ്മാനം തന്നെ ഇയാളെത്തേടിയെത്തുന്നത്. ഫലം വന്നതോടെ നടപടികൾ ഒക്കെ പൂർത്തിയാക്കി ടിക്കറ്റ് ഭാഗ്യക്കുറി വകുപ്പിന് കൈമാറുകയും ചെയ്തു. ഇവിടം മുതലാണ് സംഭവങ്ങളുടെ തുടക്കം. വിജയി ആരാണെന്ന് വാർത്തകളൊക്കെ വന്നതോടെ മുനിയൻ എന്ന പേരുള്ള ഒരാൾ സമ്മാനടിക്കറ്റിന്റെ ഉടമസ്ഥാവകാശം ഉന്നയിച്ച് തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

2019 ജൂൺ 16 ന് പറശ്ശിനികടവ് ക്ഷേത്രം സന്ദർശിക്കാനെത്തിയ അദ്ദേഹം പറശ്ശിനിക്കടവിൽ വച്ച് ടിക്കറ്റ് എടുത്തുവെന്നും ടിക്കറ്റിന് പിന്നിൽ മുനിയന്റെ പേരും മൊബൈൽ നമ്പറും എഴുതിയിരുന്നെന്നും അതിനാൽ ആ 5 കോടി രൂപയുടെ ഉടമ താനാണെന്നുമാണ് അദ്ദേഹം പരാതി നൽകിയത്. തുക അക്കൗണ്ടിലേക്ക് വന്നോ എന്ന് അന്വേഷിച്ച് ബാങ്കിലെത്തിയപ്പോഴാണ് ഇത്തരത്തിൽ ഒരു പരാതിയുണ്ടെന്നും അതുകൊണ്ടുതന്നെ പണം കൈമാറാൻ നിയമതസ്സമുണ്ടെന്നും ഈ കുടുംബം അറിയുന്നത്. സംഭവം അറിഞ്ഞതോടെ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് മുനിയൻ നൽകിയ പരാതി വ്യാജമാണെന്നും ടിക്കറ്റിന്റെ യഥാർത്ഥ ഉടമ താൻ തന്നെയാണെന്നും ഇയാൾ പറഞ്ഞു.

2019 ജൂൺ 16 ന് താൻ പറശ്ശിനിക്കടവിൽ നിന്ന് ടിക്കറ്റെടുത്തതായാണ് മുനിയൻ പരാതിയിൽ പറഞ്ഞിരുന്നത്. എന്നാൽ വാസ്തവത്തിൽ വിൽപ്പന നടത്തിയ വ്യക്തിക്ക് ടിക്കറ്റ് ലഭിച്ചത് ജൂൺ 17 ന് മാത്രമാണ്. തളിപ്പറമ്പിലെ തമ്പുരൻ ഏജൻസിയിൽ ഈ റെക്കോർഡ് ഉണ്ട്. പവിത്രൻ എന്നായിരുന്നു വിൽപ്പനക്കാരുടെ പേര് തുടങ്ങിയ തെളിവുകൾ ഉൾപ്പടെ നൽകിയെങ്കിലും അതൊന്നും പൊലീസ് മുഖവിലയ്ക്കെടുത്തില്ല.മാത്രമല്ല മുനിയന്റെ പരാതിയിൽ ഇയാൾക്കെതിരെ കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. പ്രശ്നപരിഹാരത്തിനായി അന്നത്തെ തളിപ്പറമ്പ് ഡിവൈഎസ്‌പിയെ നേരിട്ടുകാണുവാനും കൂടുതൽ നൂലാമാലകളിലേക്ക് പോകാതെ മുനിയനുമായി ഒരു ഒത്തുതീർപ്പിന് നിൽക്കുന്നതാണ് നല്ലതെന്നും അറിയിച്ചുവത്രെ.

എന്നാൽ ഒത്തുതീർപ്പിന് തനിക്കുതാൽപ്പര്യമില്ലെന്നും ടിക്കറ്റ് തന്റെയാണെന്ന് തെളിയിക്കാമെന്നുമാണ് ഇയാൾ മറുപടി പറഞ്ഞത്. ഇയാൾ ഒത്തുതീർപ്പിന് ഇല്ലാതായതോടെ ടിക്കറ്റ് ഉടമസ്ഥാവകാശം തെളിയിക്കാൻ ശാസ്ത്രീയ പരിശോധനയ്ക്ക് പോകാൻ പൊലീസ് ഇയാളോട് നിർദ്ദേശിച്ചു. അതിനിടയിൽ പൊലീസ് തന്നെ ഇടപെട്ട് മുനി.നിൽ നിന്ന് മറ്റൊരു പരാതി എഴുതി വാങ്ങി. യഥാർത്ഥ ഉടമ മുനിയന്റെ പോക്കറ്റടിച്ച് ടിക്കറ്റ് കൈവശപ്പെടുത്തിയെന്നായിരുന്നു പുതിയ പരാതി. ഈ പരാതിയിൽ പൊലീസ് ഇയാൾക്കെതിരെ ഐപിസി സെക്ഷൻ 370 ചുമത്തി അറസ്റ്റുചെയ്യുവാനും നീക്കം നടത്തി.

ഇത് മൂൻകൂട്ടി തിരിച്ചറിഞ്ഞ ഇയാൾ നാട്ടിൽ നിന്നും തൽക്കാലത്തേക്ക് മാറിനിന്നു. ഇതിനൊപ്പം തന്നെ ഇയാളുടെ മകൻ കണ്ണൂർ ജില്ലാ കോടതിയിൽ മൂൻകൂർ ജാമ്യത്തിനായി അപേക്ഷ നൽകുകയും ചെയ്തു. പ്രസ്തുതവെക്തിക്കെതിരെ തെളിവുകളൊന്നും പൊലീസിന് ഹാജരാക്കാൻ സാധിക്കാത്തതിനാൽ ഇയാളെ അറസ്റ്റു ചെയുന്നതിൽ നിന്നും കോടതി വിലക്കി.പക്ഷെ അപ്പോഴേക്കും തട്ടിപ്പ് നടത്തിയെന്ന പരിവേഷം ഇ മനുഷ്യന് ചാർത്തപ്പെടുകയും ചെയ്തു.

ഫോറൻസിക് റിസൾട്ടും നിയമപോരാട്ടവും

അറസ്റ്റിൽ നിന്ന് രക്ഷപ്പെട്ടതിനെ തുടർന്നാണ് ഉടമസ്ഥാവകാശം തെളിയിക്കാൻ ഇവർ ഫൊറൻസിക് പരിശോധന നടത്തുന്നത്. 2019 ഡിസംബർ 23 ന് ഇത്് സംബന്ധിച്ച ഫലം പുറത്ത് വന്നു. ടിക്കറ്റിൽ ദുരുപയോഗമോ മറ്റ് മാറ്റങ്ങളോ ഇല്ലെന്നും അതിനാൽ ടി്ക്കറ്റിന്റെ യഥാർത്ഥ ഉടമസ്ഥൻ പറശ്ശിനിക്കടവിലെ ജീവനക്കാരൻ തന്നെയാണെന്നുമായിരുന്നു ഫൊറൻസിക് റിപ്പോർട്ട്. അനുകൂല വിധി ഉണ്ടായിട്ടും തുക ലഭിക്കാൻ കാലതാമസമുണ്ടായപ്പോഴാണ് ഇതന്വേഷിച്ച് വീണ്ടും ബാങ്കിലെത്തിയത്. മരവിപ്പിച്ച അക്കൗണ്ടുകൾ പൂർവ്വ സ്ഥിതിയിലാക്കാൻ ഒരു നടപടിയും ഉണ്ടായല്ലെന്നായിരുന്നു ഇവർക്ക് ലഭിച്ച മറുപടി, മാത്രമല്ല വ്യാജപരാതി നൽകിയ മുനിയനെതിരെ ഒരു നടപടിയും പൊലീസ് ഭാഗത്ത് നിന്നും ഉണ്ടായിട്ടുമില്ല. ഇങ്ങനെയാണ് ഇ കുടുംബം ഹൈക്കോടതിയെ സമീപിക്കുന്നത്.

കേസിൽ പൊലീസിന്റെ അനാവശ്യ ഇടപെടലും കാലതാമസവും കണ്ടെത്തിയ ഹൈക്കോടതി ഒടുവിൽ കുടുംബത്തിന് അനുകൂലമായി വിധിയെഴുതി. ഒപ്പം വ്യാജപരാതി നൽകിയ വ്യക്തിയെ അറസ്റ്റ് ചെയ്യാൻ പൊലീസിന് നിർദ്ദേശവും നൽകി. പക്ഷെ ഇവിടെയും പൊലീസ് ഇയാളെ സഹായിച്ചുവെന്ന് കൂടുംബം പറയുന്നു. മുനിയനെതിരെ ലളിതമായ വകുപ്പുകൾ മാത്രമാണ് ചുമത്തിയിരുന്നത്. ഈ ആനൂകൂല്യത്തിൽ മുനിയൻ എളുപ്പത്തിൽ ജ്യാമത്തിലിറങ്ങുകയും ചെയ്തു.ഒടുവിൽ 2020 മാർച്ചിലാണ് ഈ കുടുംബത്തിന് സമ്മാനത്തുക ലഭിക്കുന്നത്.

മാഫിയ സംഘത്തിന്റെ സൂചനകൾ

കേസിലെ പൊലീസിന്റെ ഇടപെടലും മുനിയന് ജാമ്യത്തിന് വേണ്ടി ഹാജരായ വക്കീലുമൊക്കെയാണ് സംഭവത്തിലെ ദുരൂഹതയും പിന്നിലെ മാഫിയയുടെ സാന്നിദ്ധ്യവുമൊക്ക സൂചിപ്പിക്കുന്നത്. മുനിയൻ നൽകിയ കേസിൽ നടപടിയെടുക്കാതെ പറശ്ശിനിക്കടവ് സ്വദേശിയുമായി പൊലീസ് ഒത്തുതീർപ്പിന് ശ്രമിച്ചതുമുതൽ തുടങ്ങുന്നു ഈ ദുരൂഹത. ഒത്തുതീർപ്പിന് വഴങ്ങില്ലെന്ന് കണ്ടപ്പോൾ ഒരു കേസ് നിലവിലിരിക്കെ തന്നെ മറ്റൊരു കേസ് എടുപ്പിക്കുക, അനുകൂല വിധി ഉണ്ടായശേഷവും അക്കൗണ്ട് മരവിപ്പിച്ചത് പിൻവലിക്കാതിരിക്കുക, മുനിയനെതിര പെറ്റിക്കേസ് മാത്രമെടുത്ത് രക്ഷപ്പെടുത്താൻ വഴിയൊരുക്കുക, ഗോവിന്ദച്ചാമിയെയൊക്കെ അനുസ്മരിപ്പിക്കും വിധം മുനിയന് വേണ്ടി ഹൈക്കോടതിയിൽ പ്രമുഖനായ വക്കീൽ ഹാജരാവുക തുടങ്ങിയ സംഭവങ്ങൾ ഉയർത്തുന്ന ചോദ്യങ്ങൾ നിരവധിയാണ്.

ലോട്ടറിയടിച്ച വ്യക്തിയുടെ വിവരങ്ങളും വിശദാശംങ്ങളും ഇത്തരം സംഘങ്ങൾക്ക് കൈമാറാൻ കൃത്യമായ ഇടപെടലുണ്ട് എന്നുവേണം അനുമാനിക്കാൻ. മുനിയനെതിരെ കൂടതൽ അന്വേഷണങ്ങളൊന്നും ഇപ്പോഴും ഉണ്ടായിട്ടില്ല. ലോട്ടറിയടിച്ചു എന്ന ഒരൊറ്റ കുറ്റത്തിന് ഒരു കുടുംബത്തെ ഇത്രകണ്ട് ബുദ്ധിമുട്ടിച്ച പൊലീസ് എന്തുകൊണ്ടാണ് മുനിയനിലേക്ക് പോകാത്തത്. മാത്രമല്ല ഒരു മുൻപരിചയവും ഇല്ലാത്ത കുടുംബത്തെ പറ്റിച്ച് പണുമുണ്ടാക്കേണ്ട മുനിയന്റെ ഉദ്ദേശലക്ഷ്യം എന്ത്..? ദുരൂഹതകൾ അപ്പോഴും ബാക്കിയാവുകയാണ്. മുനിയന്റെ പരാതിയിലും പൊലീസിന്റെ ഒത്തുതീർപ്പിലും ഈ കുടുംബം വീണുപോയിരുന്നെങ്കിൽ മൊത്തമായോ പകുതിയായോ എങ്കിലും തുക ഇവർക്ക് നഷ്ടമായേനെ.

ഈ കുടുംബത്തെ പോലെ നിയമ നടപടിക്ക് പോകാൻ കഴിയാത്തവർക്കാണ് ഇത്തരത്തിൽ സംഭവിക്കുന്നതെങ്കിൽ പണം നഷ്ടപ്പെടുമെന്ന കാര്യത്തിൽ സംശമില്ല. കണ്ണൂരിലേത് ഒരൊറ്റപ്പെട്ട സംഭവമാണോ എന്നതാണ് പ്രധാനചോദ്യം. കാരണം മുനിയന്മാരും അവർക്ക് പിന്തുണയും ഉണ്ടാകുമ്പോൾ ഒറ്റപ്പെട്ടതാവാൻ വഴിയില്ല എന്നുതന്നെ വ്യക്തം. നിയമപോരാട്ടം ഇവിടംകൊണ്ട് അവസാനിപ്പിക്കാതെ സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കുടുംബം.