തിരുവനന്തപുരം: തരാതരം പോലെ വർഗീയത എടുത്ത് വിളമ്പുന്ന കൂട്ടരാണ് കേരളത്തിലെ കമ്യൂണിസ്റ്റ് കാർ, പ്രത്യേകിച്ചും ഇടത് കമ്യൂണിസ്റ്റ്കൾ എന്നവകാശപ്പെടുന്ന സി പി എം. കോടഞ്ചേരിയിലെ പ്രണയ വിവാഹം ലൗ ജിഹാദാണെന്നാരോപിച്ച് മുതലെടുപ്പിന് ശ്രമിച്ച സി പി എമ്മിന്റെ മുൻ എം എൽ എ ജോർജ് എം തോമസിന്റെ നടപടി ഇത്തരമൊരു വർഗീയ മുതലെടുപ്പിനായിരുന്നുവെന്ന് വ്യക്തം. രാഷ്ടീയ പ്രതിസന്ധി വരുമ്പോൾ, അല്ലെങ്കിൽ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് സി പി എം മിക്കപ്പോഴും വർഗീയ ധൃവീകരണത്തിന് ശ്രമിക്കുന്നത്.

ഇത്തരം ചേരിതിരിവിന് മിക്കപ്പോഴും തിരികൊളുത്തുന്നതും, വഴിമരുന്നിടുന്നതും മുൻകാലങ്ങളിൽ പാർട്ടിയുടെ താത്വികാചാര്യനായ ഇ എം എസ് നമ്പൂതിരിപ്പാടായിരുന്നു. ഇറാക്ക് യുദ്ധകാലത്ത് ഞങ്ങൾ ഇറാക്കിനൊപ്പം, നിങ്ങൾ ആർക്കൊപ്പം എന്നൊക്കെയുള്ള പ്രചാരണം ന്യൂനപക്ഷ വോട്ട് തട്ടാനായിരുന്നു. അതിന് മുന്നേ ശരി അത്തിനെതിരെയുള്ള വർഗീയ കുത്തിത്തിരുപ്പു ഭുരിപക്ഷ വോട്ട് തേടാനായിരുന്നു.ഇ എം എസിന് ശേഷം അതേ വർഗീയ ചേരിതിരിവിനുള്ള കുതന്ത്രങ്ങൾ സിപിഎം ഇപ്പോഴും നിർബാധം തുടരുന്നുണ്ട്. മുസ്ലിം യുവാക്കൾ സംഘടിതമായി മറ്റ് മതസ്ഥരായ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോവുന്നു എന്ന മുൻ മുഖ്യമന്ത്രി അച്ചുതാനന്ദന്റെ പ്രസിദ്ധമായ ഡയലോഗാണ് ലൗ ജിഹാദ് എന്ന സംഘപരിവാറിന്റെ പ്രചരണത്തിന് തുടക്കമിട്ടത്.

അധികമാരാലും ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന ലൗ ജിഹാദ് ഉൾപ്പെടെയുള്ള വിഷയങ്ങളെ കേരളീയ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എടുത്തുയർത്തിയത് സാക്ഷാൽ വി എസ് അച്യുതാനന്ദനായിരുന്നു. സിപിഎമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗവും കേരളത്തിന്റെ മുഖ്യമന്ത്രിയുമായിരിക്കവേയാണ് വി എസ് അച്യുതാനന്ദൻ വിഷയത്തിൽ നിലപാട് പറഞ്ഞത്. ഇതിന് ശേഷമാണ് ആർഎസ്എസ് ഉൾപ്പെടെയുള്ള ഹൈന്ദവ സംഘടനകൾ ദേശീയതലത്തിൽ ഇതൊരു പ്രചരണ വിഷയമാക്കി മാറ്റിയത്.

'20 കൊല്ലം കഴിയുമ്പോൾ കേരളം ഒരു മുസ്ലിം രാജ്യമാകും. മുസ്ലിം ഭൂരിപക്ഷമാകും. ചെറുപ്പക്കാരായ ആളുകളെയെല്ലാം തന്നെ സ്വാധീനിച്ചിട്ട്. പണം കൊടുത്തിട്ട് അവരെ മുസ്ലീമാക്കുക, മുസ്ലിം യുവതികളെ കല്യാണം കഴിക്കുക, മുസ്ലിം ജനിക്കുക...ആ തരത്തിലിങ്ങനെ... മുസ്ലിം സമുദായത്തിന് ഭൂരിപക്ഷമുണ്ടാക്കുക,ഇതാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതി''- ഇതായിരുന്നു വിഎസിന്റെ വാക്കുകൾ.

മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഡൽഹിയിൽ വച്ചുനടന്ന മീറ്റിങ്ങിനിടെയിലാണ് ലൗജിഹാദിനെക്കുറിച്ച് വി എസ് അച്യുതാനന്ദൻ വാചാലനായത്. കൃത്യമായി പറഞ്ഞാൽ 2010 ഒക്ടോബർ 24-ാം തീയതി ആയിരുന്നു വെളിപ്പെടുത്തൽ നടത്തിയത്.' ഹിന്ദു പെൺകുട്ടികളെ മുസ്ലിം ചെറുപ്പക്കാർ കല്യാണം കഴിച്ച്, 20 വർഷം കൊണ്ട് കേരളത്തെ ഒരു മുസ്ലിം പ്രദേശമാക്കി മാറ്റും എന്നായിരുന്നു അച്യുതാനന്ദൻ പറഞ്ഞത്.

അച്യുതാനന്ദന്റെ ഈ പ്രസ്താവനയെ അന്ന് സിപിഎം ഒരു ഘട്ടത്തിൽ പോലും എതിർക്കുകയോ തള്ളിക്കളയുകയോ ചെയ്തിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. മലപ്പുറം ജില്ലയിൽ നിന്നുള്ള വിദ്യാർത്ഥികൾ മത്സരപ്പരീക്ഷകളിൽ മുന്നിലെത്തുന്നതിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് പറഞ്ഞതും ഇതേ വി എസ് തന്നെയാണ്. മലപ്പുറത്തെ വിദ്യാർത്ഥികൾ കോപ്പിയടിച്ചാണ് പരീക്ഷയിലും എൻട്രൻസിലും മറ്റും വിജയിക്കുന്നതെന്ന ആക്ഷേപമായിരുന്നു വി എസ് ഉന്നയിച്ചത്. ഈ ആരോപണവും പാർട്ടി നിഷേധിച്ചിരുന്നില്ല.

ഇങ്ങനെ വളരെ തന്ത്രപൂർവ്വം വോട്ട് ബാങ്കുകളെ തങ്ങൾക്കൊപ്പം ചേർത്തു നിർത്തുന്ന ശകുനിയൻ സിദ്ധാന്തമാണ് എപ്പോഴും സി പി എം വിതച്ച് കൊയ്യുന്നത്. സംസ്ഥാനത്ത് ഇത്തരത്തിൽ വർഗീയ ചേരിതിരിവിന് ഇ എം എസും അദ്ദേഹത്തിന്റെ പാർട്ടിയും വിത്ത് വിതച്ചതിനെക്കുറിച്ച് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. എ. ജയശങ്കർ എഴുതിയിട്ടുണ്ട്.

വിമോചന സമരം കൊടുമ്പിരി കൊണ്ടിരുന്ന കാലത്ത് കമ്മ്യൂണിസ്റ്റ്കാർ ശബരിമല അയ്യപ്പനെ ഉപയോഗിച്ച് രാഷ്ടീയ നേട്ടം കൊയ്യാൻ ശ്രമിച്ചതിനെക്കുറിച്ച് ജയശങ്കർ എഴുതിയ 'കമ്യൂണിസ്റ്റ് ഭരണവും വിമോചന സമരവും' എന്ന പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. ശബരിമല അയ്യപ്പനെ ഉപയോഗിച്ച് ഭുരിപക്ഷ സമുദായത്തിൽ ധ്രുവീകരണത്തിനാണ് നമ്പൂതിരിപ്പാടിന്റെ ആദ്യ സർക്കാർ ശ്രമിച്ചത്.

വിദ്യാഭ്യാസ ബില്ലിനെതിരെ കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ ക്രിസ്ത്യാനികൾ സമരം കത്തിച്ചു നിർത്തിയിരിക്കുന്നതിനിടയിൽ ഹിന്ദുക്കളുടെ പിന്തുണ നേടുക എന്ന ഗൂഢോദ്ദേശത്തോടെ ശബരിമല തീവെപ്പു കേസിലെ അമ്പേഷണ റിപ്പോർട്ട് ഇ എം എസ് സർക്കാർ 1957 ഡിസംബർ 12 ന് പ്രസിദ്ധീകരിച്ചു.

1950 ലെ പറവൂർ ടി.കെ നാരായണപിള്ള തിരുകൊച്ചി മുഖ്യമന്ത്രി യായിരുന്ന കാലത്താ യിരുന്നു ശബരിമല അമ്പലം കത്തി നശിച്ചത്. ക്രിസ്ത്യാനികളാണ് ക്ഷേത്രം തീവെച്ച് നശിപ്പിച്ചതെന്ന് അക്കാലത്ത് വ്യാപക പ്രചരണമുണ്ടായിരുന്നു.

മന്നത്ത് പത്മനാഭനും കൂട്ടരും കോൺഗ്രസിനെതിരെ ഈ വിഷയം വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. തീവെപ്പിനെക്കുറിച്ച് അന്വേഷിക്കാൻ അന്നത്തെ സ്‌പെഷ്യൽ ബ്രാഞ്ച് ഡി ഐ ജി കേശവമേനോനെ ടി കെ മന്ത്രിസഭ നിയമിച്ചു. അദ്ദേഹം കൃത്യ സമയ പരിധിക്കുള്ളിൽ റിപ്പോർട്ടും സമർപ്പിച്ചു. പക്ഷേ അന്നത്തെ മന്ത്രിസഭ റിപ്പോർട്ടിൽ നടപടിയൊന്നും എടുത്തില്ല. പിന്നീട് വന്ന മുഖ്യമന്ത്രി സി കേശവനോ, എ ജെ ജോണോ, പട്ടമോ, പനമ്പള്ളിയോ റിപ്പോർട്ട് പൊടി തട്ടി എടുത്തില്ല.

പക്ഷേ, ഏഴ് വർഷത്തിന് ശേഷം അധികാര ത്തിലെത്തിയ ഇ എം എസിന്റെ കമ്യൂണിസ്റ്റ് സർക്കാർ നിലയില്ലാ ക്കയത്തിൽ മുങ്ങിത്താഴുന്ന സന്ദർഭത്തിൽ ശബരിമല ക്ഷേത്രം തീവെപ്പ് റിപ്പോർട്ട് എടുത്ത് പുറത്തിടാൻ തീരുമാനിച്ചു.

ഈ റിപ്പോർട്ടിൽ ക്ഷേത്രത്തിന് തീവെച്ചതാരെന്ന കാര്യത്തിൽ ഖണ്ഡിതമായ നിഗമന ങ്ങളോ കണ്ടെത്തു ലുകളോ ഒന്നുമുണ്ടാ യിരുന്നില്ല. ക്രിസ്ത്യാനികളാണ് അമ്പലത്തിന് തീവെച്ചതെന്ന് നിഗമനത്തിൽ കമ്മീഷൻ എത്തിച്ചേർന്നിരുന്നു. സംശയമുള്ള കുറെ ക്രിസ്ത്യാനികളുടെ പേരു വിവരവും റിപ്പോർട്ടിലുണ്ടായിരുന്നു. വെറുതെ ഇത് പ്രസിദ്ധീകരിച്ച് വിദ്യാഭ്യാസ ബില്ലിനെതിരെ സമരം നടത്തുന്ന കത്തോ ലിക്കരെ നിശബ്ദരാക്കുക, ഒപ്പം സർക്കാരിനെതിരെ തിരിഞ്ഞു നില്ക്കുന്ന ഹിന്ദുക്കളെ, പ്രത്യേകിച്ച് മന്നത്തിനേയും ശങ്കറിനേയും കത്തോലിക്കർക്കെതിരെ തിരിച്ചുവിടുക എന്നതായിരുന്നു നമ്പൂതിരിപ്പാടിന്റെ ഗുഢ ലക്ഷ്യം. രാഷ്ടീയ ലാഭത്തിനായി നമ്പൂതിരിപ്പാടും കൂട്ടരും .ഹീനമായ ജാതിക്കളി നടത്തിയെന്നർത്ഥം.

കാർഷികബന്ധ ബില്ല് അവതരിപ്പിക്കുമ്പോൾ മന്നത്തിനെ നിശബ്ദനാ ക്കാനായിരുന്നു അയ്യപ്പനെ കൂട്ടുപിടിച്ചത്. മന്നം പക്ഷേ, നമ്പൂതിരിപ്പാടിന്റെ ചൂണ്ടയിൽ കൊത്തിയില്ല. കാർഷിക ബന്ധ ബില്ലിനെതിരെ മന്നം സജീവമായി രംഗത്തിറങ്ങി. വിമോചന സമരത്തിന്റെ നായകസ്ഥാനം അദ്ദേഹം ഏറ്റെടുത്തു. വിമോചന സമരം സംസ്ഥാന വ്യാപകമായി പടർന്നു, സർക്കാരിനെതിരെ എല്ലാ സമുദായ ശക്തികളും ഒരുമിച്ചു. ഒടുക്കം നെഹ്‌റു സർക്കാർ ഇ എം എസ് മന്ത്രിസഭ പിരിച്ചുവിട്ടു.

കമ്യൂണിസ്റ്റ്കാർ വർഗീയ കാർഡും ജാതിക്കാർഡും തരാതരം പോലെ കളിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണീ സംഭവം. കോടഞ്ചേരിയിലെ ലൗ ജിഹാദ് വിവാദവും അത്തരമൊരു വർഗീയ അജണ്ടയുടെ ഭാഗമാണെന്ന കാര്യത്തിൽ തർക്കം വേണ്ട. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ക്രൈസ്തവ വർഗീയതയെ പ്രോത്സാഹിപ്പിക്കുക എന്ന ഏക ലക്ഷ്യത്തോടെയാണ് ജോർജ് തോമസിനെ കൊണ്ട് സ്വന്തം സഖാവിനെതിരെ ലൗ ജിഹാദ് ആരോപണം ഉന്നയിപ്പിച്ചത്. വ്യത്യസ്ത മത- ജാതി വിഭാഗങ്ങളെ തമ്മിലടിപ്പിച്ച് ഭരണം നിലനിർത്തുന്ന ക്രൂര ജനാധിപത്യ ശൈലിയാണ് സി പി എം അവലംബിക്കുന്നത്. സംഘ പരിവാറിനേക്കാൾ തീവ്രതയോടെ ഇത്തരം അജണ്ടകൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു.