കൊച്ചി: ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതോടെ നിയന്ത്രിതമായി കേസുകൾ നേരിട്ടു പരിഗണിക്കാൻ ഹൈക്കോടതി കീഴ്‌ക്കോടതികൾക്ക് അനുമതി നൽകി. ജില്ലാ കോടതികൾ അടക്കമുള്ളവ നാളെ മുതൽ പ്രവർത്തിക്കുന്നതു സംബന്ധിച്ചു മാർഗനിർദേശങ്ങളും നൽകി.

ജുഡീഷ്യൽ ഓഫിസർമാർക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാം. എന്നാൽ കോടതി ഹാളിലും പരിസരത്തും ആൾക്കൂട്ടം ഉണ്ടാകരുത്. ആവശ്യമെങ്കിൽ മാത്രം കക്ഷികളെ കോടതിയിലേക്കു പ്രവേശിപ്പിച്ചാൽ മതിയെന്നും ഹൈക്കോടതി നിർദേശിച്ചു.

പഴയ കേസുകൾക്കും ഉന്നത കോടതികൾ നിശ്ചിത സമയത്തിനുള്ളിൽ തീർപ്പാക്കാൻ നിർദേശിച്ചിരിക്കുന്നവയ്ക്കും മുൻഗണന നൽകണമെന്നും ഹൈക്കോടതി രജിസ്റ്റ്രാർ (ഡിസ്ട്രിക്ട് ജുഡീഷ്യറി) പി.ജി. അജിത് കുമാറിന്റെ ഉത്തരവിൽ പറയുന്നു. ജില്ലാ ജഡ്ജിമാർ രണ്ടാഴ്ചയ്ക്കുശേഷം റിപ്പോർട്ട് നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.

മറ്റു നിർദേശങ്ങൾ

കുറച്ച് ആൾക്കാർ മാത്രമേ കോടതിയിൽ ഉണ്ടാവുകയുള്ളൂ എന്നു പ്രിസൈഡിങ് ഓഫിസർ ഉറപ്പാക്കണം. കോടതിയിലും വരാന്തയിലും അകലം ഉറപ്പാക്കി ഇരിപ്പിടം ക്രമീകരിക്കണം

സാധ്യമാണെങ്കിൽ സാക്ഷി വിസ്താരം വിഡിയോ കോൺഫറൻസിങ് വഴി നടത്താം.

ഓൺലൈൻ വഴി കോടതി നടപടികൾ രാവിലെ 10.45 ന് ആരംഭിക്കണം.

റൊട്ടേഷൻ അടിസ്ഥാനത്തിൽ 50% ജീവനക്കാരെ ഓഫിസിലും 50% പേരെ വീട്ടിലിരുന്നും ജോലിക്കു നിയോഗിക്കണം.

ഒരാഴ്ച പരിഗണിക്കുന്ന കേസുകളുടെ പട്ടിക തലേ വെള്ളിയാഴ്ച പ്രസിദ്ധീകരിക്കണം. രാവിലെയും ഉച്ചയ്ക്കു ശേഷവും പരിഗണിക്കുന്ന ഓരോ കേസിനും സമയം ക്രമീകരിച്ച് നൽകണം. അഭിഭാഷകരുടെയും കക്ഷികളുടെയും സൗകര്യം പരിഗണിച്ചാകണം ലിസ്റ്റ് ക്രമീകരിക്കേണ്ടത്.