കൊച്ചി: ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് സന്യാസിനി മഠത്തിൽ നിന്ന് പുറത്താക്കിയ നടപടി വത്തിക്കാൻ ശരിവെച്ചിട്ടും കടിച്ചു തൂങ്ങാൻ ശ്രമിച്ച സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് തിരിച്ചടി. തന്നെ കോൺവെന്റിൽ നിന്നും പുറത്താക്കാനുള്ള നീക്കത്തിനെതിരെ സ്വയം ഹൈക്കോടതിയിൽ കേസു വാദിച്ചിട്ടും കോടതി അംഗകീരിച്ചില്ല. കേസ് പരിഗണിക്കവേ കോൺവെന്റിൽ നിന്നും താമസം മാറുന്നതാണ് നല്ലതെന്ന് ഹൈേേക്കാടതി ചോദിച്ചു. ആദ്യം മഠത്തിൽ നിന്നും മാറാമെന്നും പുതിയ സ്ഥലത്ത് പൊലീസ് സംരക്ഷണം ഒരിക്കാമെന്നും കോടതി വാക്കാൽ പരാമർശിച്ചു. കേസ് വിധി പറയാനായി മാറ്റിവെച്ചു. ജസ്റ്റിസ് രാജ വിജയരാഘവന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

അതേസമയം മഠത്തിൽ നിന്നും മാറില്ലെന്ന വാശിയിലാണ് ലൂസി കളപ്പുര. ദേശീയ വനിതാ കമ്മീഷൻ ഇടപെട്ട വിഷയമാണ് ഇത്. എന്തുവന്നാലും കോൺവെന്റിൽ നിന്നും താൻ മാറില്ലെന്നും അവിടെ തന്നെ താമസിക്കുമെന്നും ലൂസി കളപ്പുര പറഞ്ഞു. നീതിക്ക് വേണ്ടിയാണ് തന്റെ പോരാട്ടമെന്നും അവർ കൂട്ടിച്ചേർത്തു.

ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് സന്യാസിനി മഠത്തിൽ നിന്ന് പുറത്താക്കുന്നതിനെതിരെ പൊലീസ് സംരക്ഷണം നൽകാനുള്ള കീഴ്ക്കോടതി വിധി നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലൂസി കളപ്പുര ഹൈക്കോടതിയെ സമീപിച്ചത്. ഹരജിയിൽ നേരത്തേ ഹാജരായ സീനിയർ അഭിഭാഷകൻ വക്കാലത്ത് ഒഴിഞ്ഞതോടെയാണ് ഇത്തരമൊരു തീരുമാനം സിസ്റ്റർ ലൂസി കളപ്പുര തന്നെ നേരിട്ട് ഹൈക്കോടതിയിൽ എത്തിയത്.

പലരേയും ബന്ധപ്പെട്ടെങ്കിലും ആരും കേസ് ഏറ്റെടുക്കാൻ തയാറിയില്ലെന്ന് സിസ്റ്റർ പറഞ്ഞു. ഹൈക്കോടതിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു കന്യാസ്ത്രീ സ്വന്തം കേസ് വാദിക്കാൻ എത്തിയത്. '9 വർഷമായി ഞാൻ മഠത്തിൽ കഴിയുന്നു. ഇതിനിടെ ഒരു തെറ്റും ചെയ്തിട്ടില്ല. സഭാ മൂല്യങ്ങൾക്ക് നിരക്കാത്ത ഒന്നും ചെയ്തിട്ടില്ല. അവർക്ക് എന്നെ അങ്ങനെയങ്ങ് പുറത്താക്കാനാവില്ല, നീതി പീഠത്തിൽ എനിക്ക് വിശ്വാസമുണ്ടെന്നാണ് ലൂസിയുടെ പക്ഷം.

നിരന്തരമായി അച്ചടക്ക ലംഘനം നടത്തിയതിനാണ് ലൂസി കളപ്പുരയെ സഭയിൽ നിന്നും പുറത്താക്കിയത്. പിന്നാലെ ലൂസി കളപ്പുര ഒരാഴ്ചയ്ക്കുള്ളിൽ മഠം വിടണമെന്ന് എഫ്‌സിസി നിർദ്ദേശം നൽകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിഷയം കോടതി കയറിയത്. വത്തിക്കാനിൽ നിന്നും തന്റെ ഭാഗം കേൾക്കാൻ തയ്യാറായില്ലെന്നും ലൂസി ആരോപിച്ചിരുന്നു,