പത്തനംതിട്ട: നിയമസഭാ തെരഞെഞ്ഞടുപ്പിൽ ബലാബലം യുഡിഎഫുമായിട്ടാകുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. പ്രസ് ക്ലബ് സംഘടിപ്പിച്ച ജനവധി -2021 പരിപാടിയിൽ മനസു തുറക്കുകയായിരുന്നു അദ്ദേഹം. ചില മണ്ഡലങ്ങളിൽ ബിജെപി പ്രധാനപ്പെട്ട ശക്തിയാകാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ, ബലാബലം നോക്കുമ്പോൾ യുഡിഎഫിനെതിരായിട്ടാകും എൽഡിഎഫ് പ്രധാനമായും മത്സരിക്കുന്നത്. ചില മണ്ഡലങ്ങളിൽഇ ബിജെപി വളർന്നു വരാൻ ശ്രമിക്കുന്നു. ആ അപകട സാധ്യത കുറച്ചു കാണുന്നില്ല. യുഡിഎഫിന്റെ വഞ്ചനാപരമായ രാഷ്ട്രീയം തുറന്നു കാണിക്കുന്നതു പോലെ ബിജെപിയുടെ വർഗീയ രാഷ്ട്രീയവും തുറന്നു കാട്ടി മുന്നോട്ടു പോവുകയാണ് ഇടതു മുന്നണി ചെയ്യുന്നത്.

ശബരിമല വിഷയം സുപ്രീംകോടതിയുടെ വിശാല ബഞ്ചിന്റെ പരിഗണനയിലിരിക്കുകയാണ്. അത് ഈ തെരഞ്ഞെടുപ്പ് സമയത്ത് ചർച്ച ചെയ്യേണ്ട വിഷയമല്ല. വിശാല ബഞ്ചിന്റെ വിധി വരട്ടെ. ആ ഘട്ടത്തിൽ മാത്രം അതുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്താൽ മതി. അപ്പോൾ അഭിപ്രായം പറയുന്നതാകും ഉത്തമം.

വളരെ പ്രഗത്ഭമായി പ്രവർത്തിച്ചവരാണ് നമ്മുടെ എംഎൽഎമാരും മന്ത്രിമാരും. എന്നാൽ, അവർ തന്നെ കൽപാന്ത കാലത്തോളം ഈ ചുമതലകളിൽ ഇരിക്കേണ്ടതില്ല. പരിചയ സമ്പന്നരായ ഒരു കൂട്ടമാളുകൾ നേതൃത്വപരമായ ഉത്തരവാദിത്തങ്ങൾ പാർലമെന്ററി രംഗത്ത് പിന്തുടരുമ്പോൾ, അവർ മത്സര രംഗത്ത് തുടരുമ്പോൾ കുറേക്കാലം മത്സര രംഗത്തുണ്ടായിരുന്നവരിൽ ഒരു വിഭാഗം പാർലമെന്ററി മത്സര രംഗത്ത് നിന്ന് മാറി പാർട്ടി പ്രവർത്തനത്തിലേക്ക് പോകും. എന്നിട്ട് പുതിയ ഒരു കൂട്ടമാളുകൾ സ്ഥാനാർത്ഥികളായി വരും. ഇത് പൊതുവേ സ്വാഗതം ചെയ്യപ്പെടും.

അത് ശരിക്ക് മനസിലാക്കാൻ കഴിയാത്ത ചിലർ ചില പ്രതിഷേധങ്ങളും അഭിപ്രായ വ്യത്യാസങ്ങളുമായി മുന്നോട്ടു വരും. അവർക്ക് മനസിലാക്കാനുള്ള അവസരം നമ്മൾ കൊടുക്കണം. വളരെ ക്ഷമാപൂർവം അതിനെ കണ്ടാൽ മതി. തെരഞ്ഞെടുപ്പ് സമയത്തെ പ്രതിഷേധം എൽഡിഎഫിൽ ആദ്യത്തെ സംഭവമല്ല. ഇതിന് മുൻപും ഉണ്ടായിട്ടുണ്ട്. സിറ്റിങ് സീറ്റ് വിട്ടു കൊടുത്തത് ശരിയായി മനസിലാക്കാൻ കഴിയാത്തതിൽ ചിലയിടത്ത് പ്രശ്നമുണ്ട്. ഇത്തരം പ്രയാസങ്ങൾ എല്ലാം എൽഡിഎഫ് അനായാസം പരിഹരിക്കും.

മതതീവ്രവാദ നിലപാടുള്ള ആരെയും സ്വീകരിക്കില്ല. എവിടെയെങ്കിലും നുഴഞ്ഞു കയറിയിട്ടുണ്ടെങ്കിൽ അത് പരിശോധിച്ച് വേണ്ട നടപടിയെടുക്കും. മധ്യപ്രദേശിൽ ഗോഡ്സേയ്ക്ക് ക്ഷേത്രം പണിതയാൾ ബിജെപി വിട്ട് കോൺഗ്രസിൽ അംഗത്വമെടുത്തു. അത്തരം നടപടികൾ സിപിഎം പ്രോത്സാഹിപ്പിക്കില്ല. സിപിഎമ്മോ എൽഡിഎഫോ തീവ്രവാദ പരമായ നിലപാട് എടുക്കുന്നവരെ സ്വാഗതം ചെയ്യില്ല. അതല്ല, ആ തീവ്രവാദപരമായ സമീപനമെല്ലാം അവർ ഉപേക്ഷിച്ചു എന്ന് ഉറപ്പായി കഴിഞ്ഞാൽ അത് വേറൊരു വിഷയമാണ്. എല്ലാ വിശുദ്ധന്മാർക്കും ഒരു ഭൂതകാലമുണ്ട്, അതേ പോലെ എല്ലാ പാപികൾക്കും ഒരു ഭാവിയുമുണ്ട്. ഭാവിയിൽ അയാൾ നന്നാകുമെന്നത് പൊതുതത്വമാണ്.

തീവ്രവാദ നിലപാടിൽ നിൽക്കുന്നവരെ ആ നിലപാട് പിന്തുടരുന്ന ഘട്ടത്തിൽ എൽഡിഎഫിലേക്ക് ഉൾക്കൊള്ളിക്കുന്ന പ്രശ്നമില്ല. അമ്പലപ്പുഴയിലെ പ്രചാരണങ്ങൾ ഒക്കെ നിർമ്മിതമാണ്. അത് വേർതിരിച്ചു കഴിയാൻ പാർട്ടിക്ക് കഴിയും. സിപിഎമ്മിൽ ആര് സ്ഥാനാർത്ഥിയാകണമെന്ന് അന്തിമമായി തീരുമാനിക്കുന്നത് പോളിറ്റ് ബ്യൂറോയാണ്. തീരുമാനിച്ച് കഴിഞ്ഞാൽ അത് നടപ്പാവുകയാണ് പതിവ്. അസാധാരണമായ സാഹചര്യത്തിൽ ചിലപ്പോൾ ചില തീരുമാനങ്ങളിൽ ഭേദഗതി വരുത്തേണ്ടതുണ്ട് എന്നും വരാം. അങ്ങനെ വരുമ്പോൾ പാർട്ടി കമ്മറ്റികൾ തന്നെ ചർച്ച ചെയ്ത് തീരുമാനം തിരുത്തി എന്നും വരാം. നാളെ എൽഡിഎഫിന്റെ സ്ഥാനാർത്ഥികൾ സംബന്ധിച്ച് പൂർണമായ തീരുമാനമാകുമെന്നും അപ്പോൾ ജനം കൈയടിക്കുമെന്നും അദ്ദേഹം പറഞ്ഞു.