കാസർകോട്: ഫാഷൻ ജൂവലറി തട്ടിപ്പു കേസിൽ തന്നെ അറസ്റ്റു ചെയ്തത് രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ചു എം സി കമറുദ്ദീൻ എംഎൽഎ. പൊലീസ് അറസ്റ്റുചെയ്ത ശേഷം വൈദ്യ പരിശോധനക്കായി കൊണ്ടു പോകവേയാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. തനിക്ക് നോട്ടീസ് പോലും നൽകാതെയാണ് പൊലീസ് വിളിച്ചു വരുത്തി അറസ്റ്റു ചെയ്തത്. ഹൈക്കോടതി നാളെ കേസ് പരിഗണിക്കാനിരിക്കവേയാണ് അറസ്റ്റു ചെയ്തതെന്നും ഇതുകൊണ്ടൊന്നും തന്നെ തകർക്കാൻ സാധിക്കില്ലെന്നും എംഎൽഎ പ്രതികരിച്ചു.

ചന്ദേര പൊലീസ് സ്റ്റേഷനിലെ നാല് കേസിലാണ് അറസ്റ്റ്. 420,34 എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റു ചെയ്തിരിക്കുന്നത്. നാലുകേസും സമാനസ്വഭാവത്തിലുള്ളതാണ്. ഇന്നു രാവിലെ 10 മണിമുതൽ എം.സി ഖമറുദ്ദീനെ ചോദ്യം ചെയ്ത് വരികയായിരുന്നു. തട്ടിപ്പ് നടത്തിയതിന് തെളിവുകളുണ്ടെന്നും ഖമറുദ്ദീനെ അറസ്റ്റ് ചെയ്യുമെന്നും ചോദ്യം ചെയ്യലിന് ശേഷം എഎസ്‌പി വിവേക് കുമാർ അറിയിച്ചിരുന്നു. കോവിഡ് പരിശോധനക്ക് ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും

ഫാഷൻ ജൂവലറിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എംഎൽഎയ്ക്ക് ഒപ്പം പ്രതിസ്ഥാനത്തുള്ള പൂക്കോയ തങ്ങളെ എസ്‌പി ഓഫീസിലേക്ക് വിളിപ്പിച്ചു. ഇദ്ദേഹത്തെ ഇന്ന് തന്നെ അറസ്റ്റ് ചെയ്യാനാണ് സാധ്യതയുണ്ട. നിലവിൽ മുസ്ലിം ലീഗിന്റെ കാസർകോട് ജില്ലാ പ്രവർത്തക സമിതി അംഗമാണ് പൂക്കോയ തങ്ങൾ.

നിക്ഷേപകരുടെ പരാതി പരിഹരിക്കാൻ ലീഗ് നിയോഗിച്ച മധ്യസ്ഥൻ കല്ലട്ര മാഹിൻ ഹാജിയെ കഴിഞ്ഞ ദിവസം മൂന്ന് മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. കാസർകോട് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. ജൂവലറിയുടെ ആസ്തികൾ സംബന്ധിച്ച വിവരങ്ങളാണ് ചോദിച്ചറിഞ്ഞത്. നേരത്തെ ജൂവലറി എംഡി പൂക്കോയ തങ്ങളെ 9 മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ജൂവലറിയുടെ നിലവിലെ ആസ്തികൾ സംബന്ധിച്ചും ബാധ്യതകളെ സംബന്ധിച്ചും ഇരുവരുടേയും മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിച്ചതായാണ് വിവരം.

ജൂവലറി നിക്ഷേപത്തട്ടിപ്പ് കേസുകളിൽ എംസി കമറുദ്ദീൻ എംഎൽഎയെ യുഡിഎഫും പരസ്യമായി തള്ളിപ്പറഞ്ഞിട്ടുണ്ട്. കമറുദ്ദീനെ സംരക്ഷിക്കില്ലെന്നും പൊതുപ്രവർത്തകനെന്ന നിലയിൽ ജാഗ്രത കാണിക്കേണ്ടതായിരുന്നെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ പറഞ്ഞു. എംസി കമറുദ്ദീന്റേത് ബിസിനസ് തകർച്ച മാത്രമാണെന്നും വഞ്ചനയല്ലെന്നും ആവർത്തിച്ച് പറഞ്ഞ് കമറുദ്ദീനൊപ്പം യുഡിഎഫ് നേതാക്കളെല്ലാം നേരത്തെ ഉറച്ച് നിന്നിരുന്നു. എന്നാൽ പഴയ നിലപാട് മാറിയെന്ന് വെളിപ്പെടുത്തുന്നതായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. കല്ലട്ര മാഹിൻ ഹാജിയെ മധ്യസ്ഥനാക്കി നിക്ഷേപകരുടെ പണം മടക്കി നൽകാനുള്ള നീക്കം നേരത്തെ മുസ്ലിംലീഗ് നടത്തിയിരുന്നു.

എന്നാൽ നിക്ഷേപകരുടെ പണമെല്ലാം പലവഴിക്ക് ചെലവാക്കുകയും പണം കൊടുത്ത് വാങ്ങിയ ഭൂമി മറിച്ചു വിറ്റുവെന്നും വ്യക്തമായ സാഹചര്യത്തിൽ ഈ നീക്കവും ലീഗ് അവസാനിപ്പിച്ചിരുന്നു. നിർണായക പ്രതിസന്ധിയിൽ യുഡിഎഫും ലീഗും കൈവിട്ടതോടെ കൂടുതൽ പ്രതിരോധത്തിലാകുകയാണ് എംസി കമറുദ്ദീൻ.