കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിലെ യുഡിഎഫിലെ പോരായ്മകൾ വിലയിരുത്തണമെന്ന് പ്രതിപക്ഷ ഉപനേതാവ് എംകെ മുനീർ. പാർട്ടി താഴേതട്ടിൽ ഇറങ്ങി പ്രവർത്തിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.  അതേസമയം യുഡിഎഫിന് കഴിഞ്ഞ തവണത്തേക്കാൾ മുന്നേറ്റം നേടാനായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2015 ലെ തദ്ദേശ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ യുഡിഎഫിന് മുന്നേറ്റമുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. ഗ്രാമ സഭകളിലും നഗര സഭകളിലുമായി കഴിഞ്ഞ പ്രാവശ്യത്തേക്കാൾ അധികം സീറ്റുകൾ സ്വന്തമാക്കുവാൻ മുന്നണിക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ മുന്നണിയിലുള്ള പോരയ്മകൾ വിലയിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ജോസ് കെ മാണിയുടെ മുന്നണി മാറ്റം മധ്യകേരളത്തിൽ ചെലുത്തിയ സ്വാധീനത്തെ പറ്റിയും അദ്ദേഹത്തെ കുറിച്ചും അദ്ദേഹം പരാമർശം നടത്തി. ജോസ് കെ മാണി വിഭാഗം പോയത് മുന്നണിക്ക് ക്ഷീണമായോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയത് തിരിച്ചടിയായി എന്ന് പറഞ്ഞ് കൊണ്ട് കെ സുധാകരൻ എംപി നേരത്തെ രംഗത്തെത്തിയിരുന്നു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് അവരെ തിരികെ കൊണ്ടുവരാൻ സാധിച്ചാൽ നല്ലതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വെൽഫെയർ പാർട്ടിയുമായുള്ള സഖ്യം ഗുണം ചെയ്തുവെന്നും. എന്നാൽ കല്ലാമലയിൽ ആർഎംപിയെ അപമാനിച്ചു എന്ന തോന്നലുണ്ടാക്കിയത് കോൺഗ്രസിന് അടിയായെന്നും സുധാകരൻ അഭിപ്രായപ്പട്ടു.