ഇടുക്കി: തൃശ്ശൂരിലെ ബിജെപി സ്ഥാനാർത്ഥിക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി എംഎം മണി. നടനെന്ന പേരിൽ സുരേഷ് ഗോപി സമ്പാദിച്ച സൽപേരെല്ലാം ബിജെപിയിൽ പോയി കളഞ്ഞുകുളിച്ചുവെന്ന് എം എം മണി ആരോപിച്ചു. തൃശൂർ എടുക്കുമെന്ന് പറഞ്ഞിട്ട് എന്തുണ്ടായെന്നും മണി ചോദിച്ചു.

'നടൻ എന്ന നിലയിൽ സുരേഷ് ഗോപി സമ്പാദിച്ച സൽപേരെല്ലാം ബിജെപിയിൽ പോയി കളഞ്ഞുകുളിച്ചു. തൃശൂർ എടുക്കുമെന്ന് അന്ന് പറഞ്ഞു. എന്നിട്ട് എന്തായി? ഇത്തവണയും ഒന്നും നടക്കില്ല', എംഎം മണി അഭിപ്രായപ്പെട്ടു. ഇടുക്കിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന ശബരിമലയുടെ പേര് പറഞ്ഞ് വോട്ടുതട്ടാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമം വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. ഗുരുവായൂരിൽ ലീഗ് സ്ഥാനാർത്ഥി കെഎൻഎ ഖാദർ വിജയിക്കണമെന്നും തലശ്ശേരിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി എഎൻ ഷംസീർ തോൽക്കണമെന്നുമുള്ള സുരേഷ് ഗോപിയുടെ പ്രസ്താവനക്കെതിരെയായിരുന്നു പിണറായി വിജയന്റെ പ്രതികരണം. സുരേഷ്‌ഗോപി പറഞ്ഞത് ഒരു നാക്ക് പിഴയായി കാണാൻ കഴിയില്ലെന്നും ഇത് ബിജെപിയും കോൺഗ്രസും ലീഗും തമ്മിലുള്ള ഡീലിനെകുറിച്ചുള്ള വെളിപ്പെടുത്തലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.