ചെന്നൈ: സിനിമാ താരത്തെ പീഡിപ്പിച്ച കേസിൽ ജയിലിലായ മുന്മന്ത്രിയും അണ്ണാ ഡിഎംകെ നേതാവുമായ എം മണികണ്ഠന് ജയിലിൽ സുഖവാസം. എസി, സോഫ, മൊബൈൽ ഫോൺ തുടങ്ങി രാജകീയ സൗകര്യത്തോടെയാണ് മണികണ്ഠൻ ജയിലിൽ കഴിഞ്ഞിരുന്നതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. സംഭവം വിവാദമായതോടെ ഇയാളെ സബ്ജയിലിൽ നിന്നും പുഴൽ സെൻട്രൽ ജയിലിലേക്ക് മാറ്റി.എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്നാണ് ജയിൽ മാറ്റമെന്നാണ് അധികൃതരുടെ ന്യായീകരണം. മണികണ്ഠനെ മാത്രമല്ല 50 പേർ ഉൾപ്പെടുന്ന സംഘത്തെയാണ് സെൻട്രൽ ജയിലിലേക്ക് മാറ്റിയതെന്നും ഇവർ പറയുന്നു.

ജയിൽ അധികൃതർ മിന്നൽ പരിശോധന നടത്തിയപ്പോൾ മണികണ്ഠന് എസി, സോഫ, മൊബൈൽ ഫോൺ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തിരിക്കുന്നതായി കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. ഇതേ തുടർന്ന് മണികണഠ്‌നെ സയ്ദാപേട്ട് സബ് ജയിലിൽ നിന്നുമാണ് മാറ്റിയത്. എന്നാൽ ജയിലിൽ നടന്ന പരിശോധനയെക്കുറിച്ച് വെളിപ്പെടുത്താൻ തയ്യാറില്ല.ഇന്ത്യൻ വംശജയായ മലേഷ്യൻ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം അണ്ണാ ഡിഎംകെ സർക്കാരിൽ മന്ത്രിയായിരുന്ന മണികണ്ഠനെ അറസ്റ്റ് ചെയ്തത്.

ജൂൺ ആദ്യം നടി നൽകിയ പരാതിയിൽ വിവാഹം കഴിക്കാമെന്ന ഉറപ്പിന്മേൽ 2017 മുതൽ മണികണ്ഠൻ ഒരുമിച്ചു താമസിപ്പിച്ചെന്നും ലൈംഗികമായി പീഡിപ്പിച്ച ശേഷം ചതിച്ചെന്നും പറയുന്നു.ബംഗളുരുവിൽ വച്ചാണ് മണികഠൻ പിടിയിലായത്.പീഡനം,മുറിവേൽപ്പിക്കൽ, അനുവാദമില്ലാതെ ഗർഭഛിദ്രം നടത്തൽ, തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് മണികണ്ഠനെ അറസ്റ്റ് ചെയ്തത്.നാടോടികൾ, വാഗൈ ചൂടാ വാ തുടങ്ങിയ തമിഴ് സിനിമകളിൽ അഭിനിയിച്ചിട്ടുള്ള മലേഷ്യൻ പൗരത്വമുള്ള നടിയുടെ പരാതിയാണ് മണികണ്ഠന്റെ അറസ്റ്റിലേക്കു നീണ്ടത്.മന്ത്രിയുടെ ലിവിങ് ടുഗദർ പങ്കാളിയാണ് യുവതി എന്നും റിപ്പോർട്ടുകൾ ഉണ്ട്.

വാട്‌സാപ് ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ടുകളടക്കമുള്ള തെളിവുകൾ സഹിതം ആയിരുന്നു യുവതി ചെന്നൈ പൊലീസ് കമ്മിഷണർക്കു പരാതി നൽകിയത്. ക്വട്ടേഷൻ നൽകി കൊലപ്പെടുത്തുമെന്നും നഗ്‌ന ചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്നും മണികണ്ഠൻ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. ഭീഷണി സന്ദേശങ്ങളുടെ പകർപ്പും, ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും നടി തെളിവായി നൽകിയിരുന്നു.എന്നാൽ നടിയെ അറിയില്ലെന്ന നിലപാടാണ് ആദ്യം മുതൽക്കെ ഇയാൾ സ്വീകരിച്ചിരുന്നത്.പണം തട്ടാനുള്ള ആസൂത്രിത ശ്രമമാണെന്നും മണികണ്ഠൻ ആരോപിച്ചു.മന്ത്രിയെ ചോദ്യം ചെയ്യാനുള്ള നടപടികളിൽ മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസാമി ഇടപെട്ടതായും ആരോപണം ഉയർന്നിരുന്നു. മണികണ്ഠനെ കഴിഞ്ഞ വർഷം മന്ത്രിസഭയിൽനിന്ന് പുറത്താക്കിയിരുന്നു.

മലേഷ്യയിൽ ബിസിനസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടാണു നടിയും മുന്മന്ത്രിയും തമ്മിൽ പരിചയപ്പെടുന്നത്. ഈ ബന്ധം വളർന്നാണു ലിവിങ് ടുഗെതർ ബന്ധത്തിലെത്തിയത്. ഗർഭിണിയായ വിവരം പുറം ലോകമറിഞ്ഞാൽ മന്ത്രിപദവിക്കു ഭീഷണിയാണെന്നു ധരിപ്പിച്ച്, സമ്മതമില്ലാതെ തന്നെ യുവതിയെ ചെന്നൈ ഗോപാല പുരത്തെ ക്ലിനിക്കലെത്തിച്ച് അലസിപ്പിച്ചതായും പരാതിയിൽ പറഞ്ഞിരുന്നു. തുടർന്നാണ്. നടിയെ പീഡിപ്പിച്ചതിനും സമ്മതമില്ലാതെ ഗർഭഛിദ്രം നടത്തിയതിനും ചെന്നൈ അടയാർ പൊലീസ് കേസെടുത്തത്. 5 വർഷം ഒരുമിച്ചു താമസിച്ചതായും വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടതോടെ മന്ത്രി ഭീഷണിപ്പെടുത്താൻ തുടങ്ങിയെന്നുമായിരുന്നു യുവതി നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്.