കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് ഭരണത്തുടർച്ച പ്രവചിക്കവേ അങ്ങനെ ഉണ്ടാകരുതെന്ന വിമർശനവുമായി സാമൂഹിക, രാഷ്ട്രീയ നിരീക്ഷകൻ എംഎൻ കാരശ്ശേരി. യുഡിഎഫ് വിജയിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭരണത്തുടർച്ച കൈവന്നാൽ ഇത് മുന്നണി ചീത്തയാവുമെന്നാണ് കാരശ്ശേരിയുടെ നിരീക്ഷണം.

'ഇടത് മുന്നണിക്ക് ഭരണത്തുടർച്ച കിട്ടരുതെന്നാണ് എന്റെ അഭിപ്രായം. യുഡിഎഫ് വിജയിക്കണം. യുഡിഎഫ് മികച്ച കൂട്ടരായതുകൊണ്ടല്ല ഇത് പറയുന്നത്. ഭരണതുടർച്ച കൈവന്നാൽ ഇടത് മുന്നണി ചീത്തയാവും. ബംഗാളിലെ അനുഭവം മുന്നിലുണ്ട്. ഭരണം കിട്ടിയില്ലെങ്കിൽ യുഡിഎഫ് ഇല്ലാതാവും. രണ്ടും കേരളത്തിന് നല്ലതല്ല. അഹങ്കാരമാണ് ഇടത് മുന്നണിയുടെ വലിയ പ്രശ്നം. യുഡിഎഫിന്റെ വലിയ പ്രശ്നം അഴിമതിയുമാണ്.' എം എൻ കാരശ്ശേരി പറഞ്ഞു.

തെരഞ്ഞെടുപ്പ് വിജയത്തിനായി താരങ്ങളെ കൂട്ടുപിടിക്കുന്നതിനെ കാരശ്ശേരി വിമർശിച്ചിരുന്നു. സ്വന്തം പ്രത്യയശാസ്ത്രം കൊണ്ടും പ്രവർത്തനം കൊണ്ടും രാഷ്ട്രീയ നിലപാട് പറഞ്ഞും വോട്ട് പിടിക്കാൻ പറ്റാതെ വരുമ്പോൾ താരമൂല്യമുപയോഗിച്ച് വോട്ട് നേടുകയാണ് ലക്ഷ്യം, അത് അരാഷ്ട്രീയമാണ്. സിനിമാ താരങ്ങളെയൊക്കെ രംഗത്ത് വരുത്തുന്നത് രാജ്യസഭയിലെ വകുപ്പുകളാണ് എന്നായിരുന്നു കാരശേരിയുടെ വിമർശനം.

കേരളത്തിൽ എൽഡിഎഫിന് ഭരണതുടർച്ചയുണ്ടാവുമെന്ന് എബിപി നെറ്റ്‌വർക്കും സിവോട്ടറും ചേർന്നു നടത്തിയ അഭിപ്രായ വോട്ടെടുപ്പ് ഫലം ഉൾപ്പെടെയുള്ളവർ പ്രവചിച്ചിരുന്നു. കേരളത്തിലെ സർവ്വേയിൽ 6000 പേരാണ് പങ്കെടുത്തത്. അതിൽ എൽഡിഎഫിന് 41.6% വോട്ട്, 81-89 വരെ സീറ്റ്; യുഡിഎഫിന് 34.6% വോട്ട്, 49-57 സീറ്റ്, ബിജെപിക്ക് 15.3% വോട്ട്, 02 സീറ്റ്; മറ്റുള്ളവർക്ക് 8.5% വോട്ട്, 02 സീറ്റ് എന്നിങ്ങനെയാണ് പ്രവചനം.